ചെറു ചിന്ത: വിതയും കൊയ്ത്തും | ഷിജി തോമസ്
“വിതയും കൊയ്ത്തും” കാർഷികവൃദ്ധിയുമായി ബന്ധപ്പെട്ട പദങ്ങൾ ആണെങ്കിലും വിശുദ്ധ ബൈബിളിൽ അതി പ്രാധാന്യമേറിയ പദങ്ങളായി എഴുതപ്പെട്ടിരുക്കുന്നു . വിതക്കുക എന്നുള്ളത് പ്രയ്ഗ്നത്തെയും കൊയ്ത്ത് പ്രതിഫലത്തെയും പ്രതിനിധാനം ചെയ്യന്നു എന്ന് ആത്മീയ ദൃഷ്ടിയിൽ കാണാൻ കഴിയും.
കൊയ്ത്ത് അഥവാ വിളവെടുപ്പ് സമയത്ത് നല്ല വിളവ് ലഭിക്കണമെങ്കിൽ വിതക്കുന്നവൻ ചില തയ്യാറെടുപ്പുകളും പരിചരണങ്ങളും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും അഞ്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് . മണ്ണ് ഒരുക്കുക, വിത്തിടുക, നനക്കുക, മണ്ണ് ഫലഫൂഷ്ടമായി നില നിർത്തുക, വിളവെടുക്കുക ഇവയാണ് അതെല്ലാം. വിത്ത് നല്ലതായിരിക്കണം. അത് അടുത്ത തലമുറയുടെ സൃഷ്ടിബീജം ആകയാൽ ഒരുക്കിയെടുത്ത മണ്ണിലെ വിതയ്ക്കാവു. ശേഷം അതിനു പരിചരണം ആവശ്യമാണ്. അതു നനയ്ക്കുകയും വളം ഇടുകയും വേണം. കളകളും കീടങ്ങളും അകറ്റണം. നിരന്തര സൂഷ്മപരിശ്രമങ്ങൾക്ക് ഒടുവിൽ മാത്രമേ കൊയ്ത്തുകാലത്ത് നല്ല വിളവിനു പ്രാപ്തമാകും. ഇതിനിടയിൽ എന്തെങ്കിലും വീഴ്ച വന്നാൽ കൊയ്ത്തുകാലം വ്യസന കരമായിരിക്കും.
ദൈവിക പദ്ധതി പ്രകാരം ഭൂമിയിൽ ആയിരിക്കുന്ന മനുഷ്യൻ വിതയ്ക്കേണ്ടത് സുവിശേഷം എന്ന നല്ല വചനമായ വിത്താണ്. അതു ഒരുക്കപ്പെട്ട ഹൃദയങ്ങളിൽ വിതക്കുവാൻ നാം തയ്യാറാകേണം. അതിനു ശേഷം അതിനെ പരിചരിക്കണം. ഒരു ഫോളോ അപ് ഇവിടെ ആവശ്യമാണ്.എന്നാൽ ഇന്നു പലരും വിത്തു വിതക്കുന്നതല്ലാതെ പിന്നെ ഒന്നും ചെയ്യുന്നില്ല. വിളവെടുപ്പിനു പ്രതീക്ഷയോടു കാത്തിരിക്കുന്നു. ഒരു യഥാർത്ഥ വിതകാരനു ഇതു ഭൂഷണമല്ല. മർക്കോസ് 4:3 – 8 വാക്യങ്ങളിൽ നമ്മുടെ കർത്താവ് വിതക്കുന്നവന്റെ ഉപമ പറയുന്നു. വഴിയരികിലും പാറപ്പുറത്തും മുള്ളിനിടയിലും വീണ വിത്തുകൾ നശിച്ചുപോയി. നല്ല നിലത്ത് വീണ വിത്ത് മുപ്പത് അറുപത് നൂറുമേനിയായി വിളഞ്ഞു. കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും (സങ്കീ 126:5-6)എന്നു വചനം പറയുന്നു. നാം നമ്മുടെ കഷ്ടതയിലും കണ്ണുനീരിലും സുവിശേഷമെന്ന വിത്തു വിതച്ചു പരിചരിച്ചാൽ കർത്താവു വിളവെടുപ്പിനായ് വരുമ്പോൾ നമുക്ക് നല്ല പ്രതിഫലത്തിന് പാത്രിഭൂതരാകാം.’
സ്വർഗ്ഗരാജ്യം വിളഞ്ഞ വയലിനോടു സാമ്യം എന്നു ബൈബിൾ പറയുന്നു. അതിൽ പ്രവേശിച്ചാൽ ആർക്കും ഒന്നിനും കുറവില്ല. അതിനാൽ നമുക്കും സുവിശേഷത്തിന്റെ വിത്ത് വിതച്ച് നല്ല ഫലം ഉളവാക്കി കൊയ്ത്തകാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.. ഒരു ആർപ്പുവിളിയ്ക്കായ്…