ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ: ഡൽഹിയിൽ ഇന്നു പ്രതിഷേധം
ന്യൂഡൽഹി: ക്രൈസ്തവര്‍ക്ക് എതിരെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഡൽഹി ജന്തർമന്തറിൽ വിവിധ ക്രിസ്ത്യൻ സഭകളടക്കം 79 സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഡൽഹി എൻസിആർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കത്തോലിക്കാ എപ്പിസ്കോപ്പൽ സഭകൾ മുതൽ ഇവാഞ്ചലിക്കൽ, പെന്തെക്കോസ്ത് സ്വതന്ത്രസഭകൾ വരെയുള്ളവർ പങ്കെടുക്കും.
മതനേതാക്കൾ, ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, പാസ്റ്റർമാർ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരടക്കം പ്രതിഷേധ റാലിയുടെ ഭാഗമാകും. സ്വാതന്ത്ര്യലബ്ധിക്കുശേഷം അപൂർവമായാമാണ് യോജിച്ച ക്രൈസ്തവ പ്രക്ഷോഭം രാജ്യത്ത് അരങ്ങേറിയിട്ടുള്ളത്. യുപി, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ക്രൈസ്തവവേട്ട എല്ലാ സീമകളും ലംഘിച്ചെന്നും 2022ൽ 21 സംസ്ഥാനത്തായി 597 അക്രമങ്ങളുണ്ടായെന്നും ഭാരവാഹികൾ പറഞ്ഞു.
ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി രൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോ, മലങ്കര സഭ ഗുഡ്ഗാവ് രൂപതാധ്യക്ഷൻ തോമസ് മാർ അന്തോണിയോസ്, മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ ഡൽഹി അധ്യക്ഷൻ യൂഹാനോൻ മാർ ദിമിത്രിയോസ് തുടങ്ങിയവരും പങ്കെടുക്കും.
ക്രൈസ്തവവർ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർക്ക് നിവേദനം നൽകും. ദേശീയ മനുഷ്യാവകാശ, ന്യൂനപക്ഷ, ആദിവാസി, ഗോത്രവർഗ, വനിതാ കമ്മീഷനുകൾക്കും നിവേദനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.