ഭാവന: നവൊമിയുടെ നാട്ടിലെ ഒരുകൂട്ടം പെണ്ണുങ്ങള്‍ | രമ്യ ഡേവിഡ്, ഡല്‍ഹി
ലോകം മുഴുവനും സ്ത്രീ ശക്തീകരണത്തിനു വളരെ പ്രധാന്യം കൊടുക്കുന്ന ഒരു കാലഘട്ടമാണ് ഇത്. തന്മൂലം അനേക സ്ത്രീകള്‍ക്ക് വിവിധ തലങ്ങളില്‍ തങ്ങളുടെ കഴിവുകളെ തെളിയിക്കുവാന്‍ അവസരങ്ങള്‍ കൈവരുന്നു. വിശുദ്ധ തിരുവെഴുത്തുകള്‍ സ്ത്രീകള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നു. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ നിങ്ങള്‍ക്ക് തിരുവെഴുത്തുകളില്‍ ഉടനീളം കാണാം. എന്നാല്‍ ഇവിടെ നിങ്ങളുടെ ശ്രദ്ധ ഒരുകൂട്ടം സ്ത്രീകളായ “ഞങ്ങളിലേക്ക്” തിരിക്കുവാന്‍ അപേക്ഷിക്കുന്നു. ഞങ്ങള്‍ നവൊമിയുടെ “നാട്ടിലെ ഒരുകൂട്ടം പെണ്ണുങ്ങള്‍” ആണ്. ഞങ്ങള്‍ക്ക് എന്താണ് ഇത്രമാത്രം സവിശേഷത ഉള്ളത് എന്ന് ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കാം. അത് നിങ്ങള്‍ക്ക് വഴിയേ മനസ്സിലാകും.
ബൈബിളിലെ എട്ടാമത്തെ പുസ്തകമായ രൂത്തിലെ ഒരു മുഖ്യ കഥാപാത്രമാണ് നവൊമി എന്നും അവള്‍ രൂത്ത് എന്ന തന്‍റെ മരുമകളുമായി തിരികെ തന്‍റെ പട്ടണമായ ബേത്ലഹേമില്‍ വന്നുവെന്നും നിങ്ങള്‍ക്ക് അറിയാം. ഈ വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ അവരുടെ അടുക്കലേക്ക് ഓടിചെന്നു. കാരണം ഞങ്ങള്‍ മടങ്ങി വരവില്‍ സന്തോഷിക്കുന്നവര്‍ ആയിരുന്നു. ഇവള്‍ നവൊമിയോ എന്ന്‍ അതിശയത്തോടെ ഞങ്ങള്‍ ചോദിച്ചപ്പോള്‍, നവൊമി ഞങ്ങളോട് അവളെ “കയ്പ്” എന്ന് അര്‍ത്ഥമുള്ള മാറാ എന്ന് വിളിക്കുവാന്‍ പറഞ്ഞിട്ടും ഞങ്ങള്‍ അങ്ങനെ വിളിച്ചില്ല. കാരണം അവളുടെ വരവില്‍ ഞങ്ങള്‍ സന്തോഷിച്ചിരുന്നു. ഒരിക്കല്‍ അവര്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് ഞങ്ങള്‍ കരുതി എന്നാല്‍ ഇന്ന്‍ ദൈവം അവരെ മടക്കി വരുത്തി. ഒരു വ്യക്തി മാനസാന്തരപ്പെട്ടു വരുമ്പോഴും പിന്മാറ്റത്തില്‍ നിന്ന് മടങ്ങി വരുമ്പോഴും നിങ്ങള്‍ക്ക് ഞങ്ങളെപ്പോലെ സന്തോഷിക്കുവാന്‍ കഴിയുന്നുണ്ടോ? ഞങ്ങള്‍ക്ക് ഇനിയും സവിശേഷതകള്‍ ഉണ്ട്. അങ്ങനെയിരിക്കെ രൂത്ത് ഞങ്ങളുടെ യജമാനന്‍റെ വയലില്‍ പെറുക്കുവാന്‍ വന്നു. ഞങ്ങള്‍ അവളെ തടഞ്ഞില്ല. പിന്നീട് അവളുടെ കാര്യങ്ങള്‍ കേട്ടറിഞ്ഞ യജമാനന്‍ അവളെ ഉപദ്രവിക്കരുതെന്നും അവള്‍ക്കുവേണ്ടി പെറുക്കുവാന്‍ കതിരുകള്‍ ഇട്ടു കൊടുക്കണമെന്നും ഞങ്ങളോട് കല്പിച്ചു. അത് ഞങ്ങള്‍ അനുസരിച്ചു. അതെ! ഞങ്ങള്‍ അനുസരണയുള്ളവര്‍ ആയിരുന്നു. ഞങ്ങള്‍ മുതിര്‍ന്നവരേയും ഞങ്ങളുടെ യജമാനനേയും അനുസരിച്ചിരുന്നു. അന്യ നാട്ടുകാരിയായ ഒരു സ്ത്രീ ആയിരുന്നിട്ടും ഞങ്ങള്‍ അവളോട് മാന്യമായി പെരുമാറി. അനുസരണമുള്ളവരെ ദൈവം അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. അങ്ങനെ ദിവസങ്ങള്‍ക്ക് ശേഷം ‘എന്തിനാണ് ഇത്രമാത്രം കരുണ എന്നോട് കാണിക്കുന്നതെന്ന’ രൂത്തിന്‍റെ ചോദ്യത്തിന് യജമാനന്‍ രൂത്തിനോട് പറഞ്ഞത് ഞാന്‍ നിന്‍റെ വിവരമൊക്കെയും കേട്ടിരിക്കുന്നു എന്നാണ്. ഞങ്ങള്‍ ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ നല്ല കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ഒരുപക്ഷെ അദ്ദേഹം ആ വാര്‍ത്ത കേട്ടത് ഞങ്ങളില്‍ നിന്നായിരിക്കാം. ഞങ്ങള്‍ നല്ല കാര്യങ്ങള്‍ പറയുന്നതില്‍ തല്പരര്‍ ആയിരുന്നു. ഇന്ന് പലര്‍ക്കും ഇല്ലാത്ത ഒരു സവിശേഷതയാണ് അത്. നാം മറ്റുള്ളവരെക്കുറിച്ച് പറയുന്ന നല്ല വാക്കുകള്‍ എപ്പോഴും ഒരു അനുഗ്രഹമാണ്. അങ്ങനെ നാളുകള്‍ കഴിഞ്ഞു ദൈവം രൂത്തിനും ബോവസിനും ഒരു മകനെ നല്‍കി അനുഗ്രഹിച്ചു. ഈ വിവരം കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ സന്തോഷത്തോടെ അവിടെ ചെന്ന് ദൈവത്തെ സ്തുതിച്ച് അവരെ അനുഗ്രഹിച്ചു. ദൈവം ചെയ്യുന്ന ഉപകരങ്ങള്‍ നാം ഒരിക്കലും മറക്കരുത്. അത് മറക്കാതെ ദൈവത്തെ സ്തുതിക്കുന്നവരായിരുന്നു ഞങ്ങള്‍. ആ കുഞ്ഞിന്‍റെ പേരിടലിനും ഞങ്ങള്‍ പങ്കുചേര്‍ന്നു. നവോമി ഒരു ധാത്രിയായിത്തീര്‍ന്നതില്‍ ഞങ്ങള്‍ ഏറ്റവും സന്തോഷിച്ചു. മാത്രമല്ല ഏഴ് പുത്രന്മാരേക്കാള്‍ ഉത്തമയായ അവളുടെ മരുമകളെക്കുറിച്ച് ഓര്‍ത്തും ഞങ്ങള്‍ ദൈവത്തെ വാഴ്ത്തി. ഞങ്ങള്‍ മറ്റുള്ളവരുടെ അനുഗ്രഹത്തില്‍ സന്തോഷിച്ചിരുന്നു. ഇതൊക്കെയാണ് ഞങ്ങളുടെ ജീവിതത്തിലെ സവിശേഷതകള്‍.
പ്രിയരേ, കേവലം വിശ്വാസ സമൂഹത്തിലെ സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാവര്ക്കും ഉണ്ടായിരിക്കേണ്ട ചില പ്രധാന സ്വാഭാവ സവിശേഷതകള്‍ അവര്‍ക്കുണ്ടായിരുന്നു.
1. മടങ്ങിവരവില്‍ സന്തോഷിക്കുന്നവര്‍ ആയിരുന്നു (രൂത്ത് 1:19)
2. അവര്‍ അനുസരണം ഉള്ളവര്‍ ആയിരുന്നു. (രൂത്ത് 2:9, 2:15-16)
3. അവര്‍ നല്ല കാര്യങ്ങള്‍ പറയുന്നതില്‍ തല്പരര്‍ ആയിരുന്നു (രൂത്ത് – 2:11)
4. അവര്‍ ദൈവത്തെ സ്തുതിക്കുന്നവര്‍ ആയിരുന്നു (രൂത്ത് 4:14-15)
5. മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷിച്ചിരുന്നു (രൂത്ത് -4:17)
അതിനാല്‍ നമുക്കും ഒരു പുതിയ തീരുമാനത്തോടെ ഈ നാളുകളില്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി ജീവിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.