ഭാവന: കൃപ ലഭിച്ചവൻ | ദീന ജെയിംസ്, ആഗ്ര
രാവിലെ തന്നെ “പാപങ്ങളെ വിട്ടുതിരിയുവിൻ “എന്ന ട്രാക്റ്റ് നിറച്ച തുണിസഞ്ചിയും തോളിലിട്ട് കവലപ്രസംഗം നടത്തുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. അക്കാലത്ത് സോഷ്യൽ മീഡിയയൊന്നും സജീവമാല്ലായിരുന്നു. അല്ലേൽ അദ്ദേഹവും പ്രസംഗവും ഒക്കെ “വൈറൽ” ആയേനെ. ഷെയറിനും ലൈക്കി നും കമന്റിനും വേണ്ടി പരക്കം പാഞ്ഞേനെ. ഇതിപ്പോ ലൈവ് പ്രസംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഗറ്റീവ് കമന്റകൾക്ക് യാതൊരു പഞ്ഞ വുമില്ലായിരുന്നു. ഒരുവ്യക്തി പോലും അനുകൂലിക്കുവാൻ ഇല്ലാതിരുന്നിട്ടും ആ ഭക്തൻ തന്റെ ദൗത്യം അവസാനിപ്പിച്ചില്ല. ഭ്രാന്തനെന്ന് മുദ്രകുത്തപെട്ടു, പരിഹാസവിഷയമായി മാറി. എന്തിനേറെ സ്വന്തം കുടുംബംപോലും തള്ളിപ്പറഞ്ഞു. ഭാര്യ ഡിവോഴ്സ് ചെയ്യാൻ തയ്യാറായി. മൂന്നു ആൺമക്കളും എതിരായി, അപ്പൻ ഉപദേശിയായി നടക്കുന്നത് തങ്ങളുടെ സ്റ്റാറ്റസിന് ചേരുന്നതല്ലെന്ന് തുറന്നു പറഞ്ഞു മക്കൾ. എല്ലാത്തിനും മറുപടി ചെറിയൊരു മന്ദഹാസം മാത്രമായിരുന്നു. ഇവിടെയൊന്നും തളരാതെ നിൽക്കുവാൻ ആ മനുഷ്യന് കഴിഞ്ഞത് യഹോവയുടെ കൃപ ലഭിച്ചത് കൊണ്ടൊന്നുമാത്രമാണ്. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും ദൈവത്തോട് കൂടെ നടന്നു അദ്ദേഹം. ദൈവം കല്പിച്ചത് അതുപോലെ അനുസരിച്ചു. ഒരൊറ്റ വ്യക്തിപോലും തന്റെ പ്രസംഗംകൊണ്ട് മനംതിരിഞ്ഞില്ലല്ലോ എന്ന ചോദ്യം ഇടയ്ക്കൊക്കെ മനസ്സിൽ ഉയർന്നു. ജലപ്രളയം വരുന്നു ഭൂമി നശിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞാൽ ആര് വിശ്വസിക്കാൻ?ദൈവകൃപ കൊണ്ട് അവിടെയും ജയം നേടി.
ദൈവം പറഞ്ഞപ്രകാരം പെട്ടകത്തിന്റെ പണി ആരംഭിച്ചപ്പോഴാണ് വെല്ലുവിളികളും വർധിച്ചത്. പെട്ടകംപണിയാൻ സഹായത്തിനായി ആരും തയ്യാറായില്ല. മനസ് മടുത്തുപോയ നിമിഷങ്ങൾ…. അവിടെയും പതറാതെ പെട്ടകം പണി പൂർത്തീകരിച്ചത് “കൃപയെന്നല്ലാതെ എന്തുപറയാൻ “!!
ഒടുവിൽ ആ ദിവസം വന്നെത്തി. സർവ്വചരാചരങ്ങളിൽ നിന്നും ഈരണ്ടീരണ്ടായി പെട്ടകത്തിൽ കയറ്റി. ദുഷ്കരമേറിയ കാര്യം തന്റെ കുടുംബത്തെ പെട്ടകത്തിൽ കയറ്റന്നതായിരുന്നു. ഭാര്യ ഒരുവിധത്തിലും തയ്യാറായിരുന്നില്ല. മക്കളും അവരുടെ ഭാര്യമാരും എതിർത്തു. കൃപയൊന്നു മാത്രം…. എല്ലാം ശുഭമായി. എങ്കിലും ജലപ്രളയത്തിൽ നശിക്കുവാൻ പോകുന്ന ജനത്തെ ഓർത്തപ്പോൾ വല്ലാതെ ഹൃദയം വേദനിച്ചു. പെട്ടകത്തിന്റെ വാതിൽ യഹോവയായ ദൈവം അടച്ചതായിരുന്നു അദേഹത്തിന്റെ ഏറ്റവും വലിയ ആശ്വാസം….
തോരാതെ പെയ്യുന്ന മഴയുടെ ആർത്തനാദം പെട്ടകത്തിനകത്തു കേൾക്കാം. കൂട്ടത്തിൽ ഉയരുന്ന നിലവിളിയും….ആരൊക്കെയോ സഹായത്തിനായി പെട്ടകത്തിൽ ആഞ്ഞടിച്ചു കരയുന്നുണ്ട്.പരിചയമുള്ളവരുടെ ശബ്ദംഉയർന്നുകേൾക്കുമ്പോൾ നിസ്സഹായനായിരിക്കാനേ ആ മനുഷ്യന് കഴിയുമായിരുന്നുള്ളൂ. അപ്പോഴാണ് ശ്രദ്ധിച്ചത് പെട്ടകത്തിനകത്തു പശ്ചാത്താപത്തോടെ തല താഴ്ത്തിയിരിക്കുന്ന തന്റെ കുടുംബത്തെ.
അവിടെയും കൃപ ലഭിച്ച ആ മനുഷ്യൻ അവരെ ചേർത്തു നിർത്തി പുഞ്ചിരിയോടെ!!!! പെട്ടകം മന്ദം മന്ദം ഒഴുകുന്നുണ്ടായിരുന്നു അരാരാത്ത് പർവ്വതം ലക്ഷ്യമാക്കി….
കൃപ ലഭിച്ചവന്റെ സന്ദേശം :- ദൈവം ഒരു ദൗത്യം ഏല്പിച്ചിട്ടുണ്ടെങ്കിൽ അത് പൂർത്തീകരിക്കുവാനുള്ള കൃപയും തരും. എത്ര വലിയ പ്രതികൂലങ്ങൾ ഉയർന്നാലും ലഭിച്ച കൃപ നഷ്ടപ്പെടുത്താതെ മുന്നോട്ട് പോയാൽ ദൈവിക ദൗത്യം പൂർത്തീകരിക്കുവാൻ കഴിയും!!!!
ദീന ജെയിംസ് ആഗ്ര