ഭാവന: ഉപവാസപ്രാർത്ഥനയും ഉറക്കവും | സെനിട്ട ജോര്‍ജ്ജ്
ചർച്ചിൽ ഉപവാസ പ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചു,കോവിഡ് കാലഘട്ടം ആയതിനാൽ ഇടയോഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഞായറാഴ്ച ആരാധന ആയാലും നിയമാവലികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു.അങ്ങനെ വിശ്വാസികളിലേക്ക് ഒരു ആത്മീക നിദ്ര കടന്നുകൂടിയോ എന്ന സംശയം ദൈവദാസന് തോന്നി,അതിനു പരിഹാരമായി അദ്ദേഹം ഒരു ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചു. വിശ്വാസികളുടെ അഭിപ്രായം അറിയാൻ പാസ്റ്റർ ചർച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചു, എല്ലാവർക്കും താൽപര്യം.ഒരു ഉണർവ് വരണ്ട സമയം അടുത്തിരിക്കുന്നു എന്നാണ് മൂപ്പന്മാരുടെ അഭിപ്രായം,എന്നാൽ രണ്ടുദിവസത്തെ പ്രാർത്ഥന എങ്കിലും പ്രവാചകന്മാർ വേണമെന്ന് അമ്മച്ചിമാർക്ക് നിർബന്ധം, ന്യൂജനറേഷൻ വർഷിപ്പ് ലീഡേഴ്സ് വേണമെന്നാണ് യുവജനങ്ങളുടെ നിർദ്ദേശം.അങ്ങനെ എല്ലാ നിബന്ധനകൾക്കും അവസാനം പാസ്റ്റർ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഉപവാസ പ്രാർത്ഥന ക്രമീകരിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാലിച്ചു പ്രാർത്ഥന തുടങ്ങി പാട്ടുപകുതി എത്തുമ്പോൾ പരിശുദ്ധാത്മാവ് വരുന്ന ആന്റിമാർക്ക് കസേര ഒരു പ്രശ്നമായിരുന്നെങ്കിലും സ്ഥിരമായി കസേരയ്ക്ക് അടി ഉണ്ടാക്കി കൊണ്ടിരുന്ന അച്ചായന്മാർക്ക് അത് ഒരാശ്വാസമായിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷമുള്ള ആരാധന വിശ്വാസികളിൽ ആവേശം ഉണർത്തി, പ്രാർത്ഥനയുടെ ശബ്ദം ചർച്ച് മതിൽ കഴിഞ്ഞ് പുറത്തേക്ക് പോയപ്പോൾ അയൽക്കാരായ കുറച്ച് അവിശ്വാസികൾക്ക് അത് അലോരസം ഉണ്ടാക്കി.ചിലർക്ക് ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല എന്നായി അങ്ങനെ എല്ലാവരും ചേർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. നാട്ടുകാരുടെ ആവശ്യപ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്വേഷണത്തിനായി ചർച്ചിലേക്ക് വന്നു വേഷം മാറി വന്ന പോലീസുകാരനെ ആരാധിച്ചു കൊണ്ടിരുന്ന വിശ്വാസികൾക്ക് മനസ്സിലായില്ല.അദ്ദേഹം ഏറ്റവും പുറകിലുള്ള സീറ്റിൽ ഇരുപ്പുറപ്പിച്ച് എല്ലാവരെയും വീക്ഷിച്ചു അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത് ഇത്ര വലിയ ബഹളത്തിലും സ്വസ്ഥമായി ഉറങ്ങുന്ന അച്ചായന്മാരും കുശലം പറയുന്ന സഹോദരിമാരും ഉണ്ടെന്ന്,അദ്ദേഹം പുറത്തിറങ്ങി വന്ന് അയൽക്കാരോട് പറഞ്ഞു ഈ ബഹളം ഒന്നും ഉറക്കത്തിനൊരു തടസ്സമാവില്ല അതുകൊണ്ടുതന്നെ പരാതിയെടുക്കാനും കഴിയില്ല നിങ്ങൾ അകത്തേക്കൊന്നു പോയി നോക്കിയേ നിങ്ങൾക്ക് ഉറങ്ങണമെങ്കിൽ അവർക്ക് ഒപ്പം കൂടിക്കോ ഈ സംഭവവികാസങ്ങളൊന്നും അറിയാതെ ചർച്ചിൽ ഏഴുദിവസം ഉപവാസ പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു സഭാ വിശ്വാസികളുടെ ഉണർവിനായി.
ആകയാൽ പ്രിയ ദൈവമക്കളെ, ഉണർന്നിരുന്നു പ്രാർത്ഥിപ്പിപിൻ,പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നില്പിൻ
(1 പത്രോസ് 5:8)
സെനീറ്റ ജോർജ്