ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു
ന്യൂഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. കോമണ്‍വെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് ടേബിൾ ടെന്നീസ് താരം ശരത് കമലിന് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചു.
ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തത്. അവാർഡ് ചടങ്ങിൽ കരഘോഷങ്ങളുടെ അകന്പടിയോടെയാണ് ശരത് കമൽ പുസ്കാരം ഏറ്റുവാങ്ങിയത്.
അർജുന അവാർഡ് ജേതാക്കളായ മലയാളി താരങ്ങൾ എൽദോസ് പോൾ (അത്ലറ്റിക്സ്) എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റണ്‍) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ നാല് വർഷങ്ങളിലുള്ള കായികതാരത്തിന്റെ പ്രകടന മികവ് വിലയിരുത്തിയാണ് ഖേൽരത്ന നൽകുന്നത്. 25 ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി നൽകുന്നത്. അർജുന പുരസ്കാരം 15 ലക്ഷം രൂപയും വെങ്കല പ്രതിമയും അടങ്ങുന്നതാണ്. അവിനാശ് സാബ്ലെ (അത്ലറ്റിക്സ്), ലക്ഷ്യ സെൻ (ബാഡ്മിന്റണ്‍) നിഖാത് സറീൻ (ബോക്സിംഗ്) എന്നിവരടക്കം 25 പേർക്കാണ് ഇത്തവണത്തെ അർജുന ബഹുമതി.