ചെറു ചിന്ത: താഴ്‌വരയിലെ അസ്ഥികൾ | ദീന ജെയിംസ്
യഹോവയുടെ ആത്മാവ് പ്രവാചകനെ കൊണ്ടുനിർത്തിയ താഴ്‌വര അസംഖ്യമായ അസ്ഥികൾ നിറഞ്ഞതായിരുന്നു. ഒരു വ്യത്യസ്തത പ്രവാചകൻ ആ അസ്ഥികളിൽ ദർശിച്ചത് അത് ഏറ്റവും ഉണങ്ങിയവയായിരുന്നു എന്നതാണ്. അതിനർത്ഥം അവ ഏറെ കാലപഴക്കംചെന്നവയായിരുന്നു. താഴ്‌വരയിൽ നിന്നും ഇനിയൊരു കയറ്റമുണ്ടാകില്ലയെന്ന നിരാശയിൽ കഴിയുന്ന അസ്ഥികൾ…. ആരോഗ്യവും ചുറുചുറു ക്കുമുണ്ടായിരുന്ന പഴയ കാലമോർത്ത് നെടുവീർപ്പോടെ ദിവസങ്ങൾ തള്ളിനീക്കാനേ അവയ്ക്കു കഴിയുമായിരുന്നുള്ളൂ. പക്ഷേ, യഹോവയുടെ ആത്മാവ് അവിടെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അസ്ഥികളുടെ സ്ഥിതിഗതികൾ മാറാനാരംഭിച്ചു. ചിതറിക്കിടന്ന അസ്ഥികൾ ഒന്നോടൊന്നു യോജിക്കുവാൻ തുടങ്ങി. ഞരമ്പും മാംസവും വരുവാനും ത്വക്ക് പൊതിയുവാനും തുടങ്ങി. സന്തോഷത്തിന്റെ തിരിനാളങ്ങൾ താഴ്‌വരയെ പ്രകാശപൂരിതമാക്കി. നിരാശനിഴലിട്ട് നിന്നയിടത്ത് ഉല്ലാസത്തിന്റെ ആരവമുയർത്താനുള്ള തത്രപ്പാടിലായി. ശ്വാസം അവയിൽ വന്നു. “ഏറ്റവും ഉണങ്ങിയ അസ്ഥികളായിരുന്നവ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവർന്നുനിന്നു.”
താഴ്‌വരയിലെ അസ്ഥികൾ വിളിച്ചുപറയുന്നൊരു കാര്യമുണ്ട് :- ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്നെന്ന് കരുതേണ്ട…
ശവക്കുഴി തുറന്ന് നിങ്ങളെ അവിടെ നിന്നും കയറ്റുവാൻ കഴിവുള്ളവൻ കൂടെയുണ്ട്!!!
അവന്റെ ആത്മാവ് നമ്മിൽ വന്ന് കഴിയുമ്പോൾ എല്ലാ സ്ഥിതികളും മാറും. നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും (യെഹെസ്കേൽ 37:14)
ഉയരത്തിൽ നിന്ന് ആത്മാവിനെ നമ്മുടെമേൽ പകരുവോളം മാത്രമേ ആയുസ്സുള്ളൂ ജീവിതത്തിലെ മരുഭൂമിയ്ക്ക്… ആത്മാവ് പകർന്ന്കഴിയുമ്പോൾ മരുഭൂമി ഉദ്യാനമായിതീരും!!!! ഉദ്യാനം വനമായി എണ്ണപ്പെടും!!!(യെശയ്യാവ്: 32:15)
ആ ഉയരത്തിലെ ആത്മപകർച്ചയ്ക്കായി ആവലോടെ കാത്തിരിക്കാം….
ദീന ജെയിംസ്


- Advertisement -