മിഷണറി ഡോ ഹെർമൻ ഗുണ്ടർട്ടിന്റെ നിഘണ്ടുവിന് 150 വയസ്സ്


തലശ്ശേരി: ജര്‍മ്മന്‍കാരനായ ക്രൈസ്‌തവ മിഷനറി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചിട്ട് 150 വർഷം. നിഘണ്ടുവിന്റെ സമ്പൂർണമായ ഒന്നാംപതിപ്പ് 1872 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.
മലയാളഭാഷയിലുണ്ടായ ശാസ്ത്രീയമായ ആദ്യത്തെ ശബ്ദകോശമാണ് ഗുണ്ടർട്ടിന്റെ നിഘണ്ടു. പദങ്ങളുടെ അർഥം, പ്രയോഗം, ആഗമം എന്നിവ സൂക്ഷ്മതയോടും ഗവേഷണതത്‌പരതയോടും കൂടിയാണ് ചേർത്തത്. പാശ്ചാത്യ ശബ്ദകോശങ്ങളുടെ മാതൃകയിൽ നിർമിച്ച നിഘണ്ടുവിൽ പ്രാമാണികഗ്രന്ഥങ്ങളിൽനിന്നുള്ള നിരവധി ഉദ്ധരണികളുമുണ്ട്.


മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി 1836-ലാണ് അദ്ദേഹം ചെന്നൈയിലെത്തിയത്. 1839-ൽ ഗുണ്ടർട്ട് തലശ്ശേരി ഇല്ലിക്കുന്നിൽ താമസം തുടങ്ങി. അച്ചടി, മലയാളഭാഷാ പോഷണം, പത്രപ്രവർത്തനം എന്നിവയ്ക്ക് മലബാറിൽ തുടക്കംകുറിച്ചു. നിരവധി മലയാള ക്രൈസ്തവഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം.
മലയാളഭാഷാ ഗവേഷണത്തെ സംബന്ധിച്ചിടത്തോളം പ്രാമാണികമായ ഗ്രന്ഥമായാണ് ഗുണ്ടർട്ടിന്റെ നിഘണ്ടു നിലകൊള്ളുന്നത്. 1859-ൽ ജർമനിയിലേക്ക് മടങ്ങിയ ഗുണ്ടർട്ട് അവിടെനിന്നാണ് നിഘണ്ടുവിന്റെ ശാസ്ത്രീയ സംവിധാനം തുടങ്ങിയത്. 10 വർഷംകൊണ്ട് ഇത് പൂർത്തിയാക്കി മംഗലാപുരത്തെ ബാസൽ മിഷൻ പ്രസിൽ അച്ചടിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply