എഡിറ്റോറിയൽ: ലാളിത്യത്തിന്റെ പ്രതീകമായി ദ്രൗപദി മുർമു | ജെ. പി. വെണ്ണിക്കുളം

“ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ച സ്ത്രീയെ സംബന്ധിച്ച് എല്ലാം അപ്രാപ്യമായിരുന്നു, എന്നാൽ ഇന്ന് എല്ലാം പ്രാപ്യമാണെന്ന് ഞാൻ മനസിലാക്കുന്നു”. ഭാരതത്തിന്റെ നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്കുകളാണിത്. ഒറീസയിലെ സന്താൾ ഗോത്രത്തിൽ നിന്നും ന്യൂ ഡൽഹിയിലെ റെയ്‌സിന കുന്നിലേക്ക് അടുത്ത അഞ്ചു വർഷത്തേക്ക് കടന്നു വരുന്ന ദ്രൗപദി പ്രായം കൊണ്ടും റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. അറുപത്തി നാലാം വയസിൽ രാജ്യത്തിന്റെ പ്രഥമ വനിതയായി മാറിയ ദ്രൗപദി ജീവിതത്തിന്റെ വ്യത്യസ്ത കനൽവഴികൾ താണ്ടിയാണ് ഈ ഉന്നത പദത്തിൽ എത്തിയത്. രാഷ്ട്രീയത്തിനു അതീതമായി പോരാട്ടവീര്യമുള്ള ജീവിതത്തെ നയിച്ച സ്ത്രീ എന്ന നിലയിൽ എല്ലാവർക്കും അവർ ഒരു മാതൃകയാണ്. കുടുംബത്തിനകത്തു 6 വർഷത്തിനിടയിൽ തുടരെതുടരേയുണ്ടായ മരണങ്ങൾ അവരെ ഒട്ടും തളർത്തിയില്ല. 2010ൽ മൂത്ത മകനും 2013ൽ ഇളയ മകനും 2014ൽ ഭർത്താവും നഷ്ടപ്പെട്ടു.വിനയത്തിന്റെയും ആത്മധൈര്യത്തിന്റെയും വിശേഷ വ്യക്തിത്വത്തിനു ഉടമയാണ്‌ ദ്രൗപദി. ചില വർഷങ്ങൾക്കു മുൻപ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പറഞ്ഞ ഒരു വാക്കുണ്ട്, “ദലിത്‌ സമൂഹത്തിൽ നിന്നൊരാൾ രാഷ്‌ട്രപതി സ്ഥാനത്തെത്തുമ്പോൾ മാത്രമേ ഇന്ത്യ പൂർണ്ണസ്വാതന്ത്ര്യം കൈവരിക്കൂ”. 1997ൽ കെ ആർ നാരായണനിലൂടെയും 2017ൽ രാംനാഥു കോവിന്ദിലൂടെയും ഇപ്പോൾ ദ്രൗപദിയിലൂടെയും അത് കൈവരിക്കുകയാണ്. ഇതൊരു സൗഭാഗ്യം എന്നതിലുപരി കഷ്ടപ്പാടിന്റെ കനൽവഴികളിലൂടെ സഞ്ചരിച്ച ധീരതയ്ക്കുള്ള ആദരമാണ്. അടിച്ചമർത്തപ്പെട്ട സമൂഹത്തിനുള്ള സുരക്ഷിതത്വമാണ് ഈ സ്ഥാനാരോഹണം. മന്ത്രിയായും ഗവർണറായും പ്രവർത്തി പരിചയമുള്ള ദ്രൗപദി രാഷ്‌ട്രപതി ഭവനിലേക്ക് വരുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രതിനിധി എന്ന നിലയിൽ മികച്ച സേവനം കാഴ്ചവയ്ക്കാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply