ഭാവന: ഇതാകുന്നു രക്ഷാദിവസം | പ്രൈസണ്‍ മാത്യു
ഗലീലയിലെ യോർദാൻ തീരത്ത് മരങ്ങളുടെ ഇടയിൽ ഏറ്റവും ചെറിയവൻ ആയിരുന്നു ഞാൻ. എൻറെ ഉറക്കത്തെ ദൂരത്തേക്ക് ആട്ടിപ്പായിച്ചു കൊണ്ട് ആരുടെയോ ശബ്ദം എൻറെ കാതുകളിൽ മുഴങ്ങി. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ”. അദ്ദേഹത്തിന് ചുറ്റും ജനങ്ങൾ കൂടിയിട്ടുണ്ട്. ആരെയും ഭയക്കാതെ അദ്ദേഹം തൻറെ പ്രസംഗം തുടരുകയാണ്. അപ്പോഴാണ് പ്രാസംഗികൻറെ മുഖത്തെ ഭാവവ്യത്യാസങ്ങൾ ഞാൻ ശ്രദ്ധിച്ചത് തൻറെ മുന്നിലേക്ക് ആരോ ഒരാൾ കടന്നുവന്നിരിക്കുന്നു. പെട്ടെന്ന് വിനീതനായി സംസാരിക്കുന്ന പ്രാസംഗികനെ കണ്ടു ഞാൻ അത്ഭുതപ്പെട്ടു. അൽപ്പനേരത്തെ സംഭാഷണത്തിനു ശേഷം തൻറെ മുന്നിൽ ഉള്ള ആളെ അദ്ദേഹം സ്നാനം കഴിപ്പിച്ചു. തൊട്ടുപിന്നാലെ സ്വർഗ്ഗത്തിൽനിന്ന് അതാ ഒരു ശബ്ദവും” ഇവൻ എൻറെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ എൻറെ മുന്നിൽ നിൽക്കുന്ന ആളെ തിരിച്ചറിഞ്ഞിരിക്കുന്നു . അത്യന്തം സന്തോഷം തോന്നിയ നിമിഷം. സൃഷ്ടാവിനെ തിരിച്ചറിഞ്ഞ സൃഷ്ടിയുടെ സന്തോഷം, അത് വാക്കുകൾക്കതീതമാണ്. ഈ അത്ഭുതങ്ങൾ ക്കും പ്രവർത്തികൾക്കും ഞാൻ സാക്ഷിയായിട്ടും എൻറെ ചുറ്റുപാടുകൾക്ക് മാറ്റമൊന്നുമുണ്ടായില്ല. വർഷങ്ങൾ കടന്നുപോയി കൂടെയുള്ള ചങ്ങാതിമാരെ തേടി ആളുകൾ വന്നു. അവരിൽ ചിലർ കൊട്ടാരങ്ങളിൽ മേശകൾ, ചിലർ പ്രഭുക്കന്മാരുടെ വീട്ടിലെ പടി വാതിലുകൾ, കസേരകൾ…. വർക്കു പുതിയമാനങ്ങൾ, സ്ഥാനങ്ങൾ ലഭിച്ചു.
എന്നെ തേടി ആരും വരാത്തതിനാൽ നിരാശനായി പിറുപിറുത്ത് തുടങ്ങിയ നാളുകൾ…!
ഒരുനാൾ എന്നെയും തേടി ആളുകൾ വന്നു. എൻറെ യാത്ര ആരംഭിച്ചു , ഞാൻ വിലയുള്ളവനായി തീർന്നു എന്ന് വിചാരിച്ച നിമിഷങ്ങൾ.
യാത്രയിലുടനീളം പല പല സ്വപ്നങ്ങൾ ഉന്നതരുടെ ഇരിപ്പിടങ്ങൾ, മേശകൾ ജനലുകൾ, വാതിലുകൾ അങ്ങനെ എന്തെല്ലാമോ ആയി ഞാൻ മാറി.
യാത്ര അവസാനിപ്പിച്ച് അവർ എന്നെ താഴെയിറക്കി ചെത്തി മുറിച്ചു വെടിപ്പാക്കി.
കണ്ടാൽ ആളല്ല എന്ന് തോന്നുമാറു, ദേഹമാസകലം മുറിവേറ്റ ഒരുവനെ എന്നിലേക്ക് ചേർത്തുവെച്ച് ആണി അടിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ തകർന്നു പോയി. സൃഷ്ടാവിൻറെ മരണത്തിനു സാക്ഷിയായി ദൈവപുത്രൻറെ ശരീരം വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ഈ ജന്മം ഓർത്ത്, ശപിക്കപ്പെട്ടവനെന്നോർത്ത് കണ്ണീർ പൊഴിച്ചു.
എന്നാൽ എനിക്ക് ആശ്വസിക്കുവാൻ സന്തോഷിക്കുവാൻ വകയുണ്ടായിരുന്നു. പാപികളിൽ പാപി എന്ന് പറഞ്ഞ അലറിക്കരഞ്ഞപ്പോൾ ആ തിരുരക്തം ആദ്യം ഒഴുകിയത് എന്നിലേക്ക് ആണല്ലോ. അതെ കുഞ്ഞാടിൻറെ തിരുരക്തത്താൽ ഞാൻ ഹിമംപോലെ പഞ്ഞിപോലെ വെണ്മയുള്ളവനായി തീർന്നിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ക്രിസ്തുവിനെതിരെ ഉപയോഗിക്കപ്പെട്ടവനോ നിങ്ങൾ.?!
മടങ്ങിവരുവാൻ ഇതാകുന്നു സമയം. ഇതാകുന്നു രക്ഷാദിവസം.