ഏതുമതവും ആർക്കും സ്വീകരിക്കാം: ഡൽഹി ഹൈകോടതി
ന്യൂഡൽഹി: ആർക്കും ഏതു മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനും ഭരണഘടന അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും നിർബന്ധിതമല്ലാത്ത ഒരു മതപരിവർത്തനം നിരോധിക്കില്ലെന്നും ഡൽഹി ഹൈകോടതി. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റുന്നത് തടയാൻ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവ, തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
“ഒന്നാമതായി, ഇവിടെ മതപരിവർത്തനം നിരോധിച്ചിട്ടില്ല. ഏത് വ്യക്തിക്കും താൻ ജനിച്ച മതമോ, താൻ തിരഞ്ഞെടുക്കുന്ന മതമോ സ്വീകരിക്കാൻ അവകാശമുണ്ട്. അതാണ് നമ്മുടെ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം” കോടതി പറഞ്ഞു.
ഏതു മതം തിരഞ്ഞെടുക്കാനും അതിൽ വിശ്വസിക്കാനും വ്യക്തിക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്. നിർബന്ധിച്ചാണ് മതം മാറ്റുന്നതെങ്കിൽ, അത് വേറെ വിഷയം. പക്ഷേ, മതം മാറുന്നത് വ്യക്തിയുടെ ഇഷ്ടമാണ്’ -കോടതി പറഞ്ഞു.
അതുകൊണ്ട് പൊതുതാൽപര്യമെന്ന നിലയിൽ നൽകിയിരിക്കുന്ന ഹർജി പരിഗണിക്കണമെങ്കിൽ, അതിനുതക്ക തെളിവ് കോടതിക്ക് നൽകണമെന്ന് ബെഞ്ച് വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച ഹർജി സുപ്രധാന വിഷയങ്ങൾ ഉയർത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാറിനെ പ്രതിനിധാനംചെയ്യുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അഭിപ്രായപ്പെട്ടു. താൽപര്യമുണ്ടെങ്കിൽ സർക്കാറിന് നടപടിയെടുക്കാം എന്ന പരാമർശത്തോടെ കോടതി കേസ് മാറ്റിവെച്ചു