മാതൃകയായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ; വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും


ഇരട്ടി/കണ്ണൂർ : 2018 ലെ പ്രളയത്തിൽ തകർന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ബദലായി പുതുതായി നിർമ്മിച്ച പായം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര കെട്ടിടം ബുധൻ രാവിലെ 11 ന് ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. 2.18 കോടി രൂപയാണ് നിർമ്മാണ ചെലവ്. കൂറ്റൻ പാറക്കെട്ടുകളും മണ്ണും ഇടിഞ്ഞു വീണാണ് പ്രളയത്തിൽ ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം നിശേഷം തകർന്നത്. അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിൻ്റെ ശ്രമത്തിൻ്റെ ഫലമായി നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഫണ്ടിൽനിന്നും ആശുപത്രി നിർമ്മാണത്തിനായി 2.18 കോടി രൂപ അനുവദിക്കുകയായിരുന്നു. ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് നേരത്തെ പി എച്ച് സി കെട്ടിടം നിർമ്മിച്ചിരുന്നത്. പുതുതായി നിർമ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് അര ഏക്കർ സ്ഥലം കൂടി സഭ വിട്ടു നൽകുകയും ആ ഒന്നര ഏക്കർ സ്ഥലത്ത് അതിമനോഹരമായ കെട്ടിടസമുച്ചയം നിർമിക്കുകയും ചെയ്തു. ശാരോൻ ഫെലോഷിപ്പ് ചർച്ച് പഴയ കെട്ടിടത്തിലാണ് പ്രളയശേഷം ആശുപത്രി താൽക്കാലികമായി പ്രവർത്തിച്ചിരുന്നത്. 2 സ്ഥിരം ഡോക്ടർമാരും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറും ചേർന്ന മൂന്നംഗ മെഡിക്കൽ സംഘം ആണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . അത്യാഹിത വിഭാഗം, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം. മൂന്ന് ഒ പി കൗണ്ടറുകൾ, ലബോറട്ടറി, ഫാർമസി തുടങ്ങിയവ പുതിയ കെട്ടിടത്തിൽ ഒരുക്കും. വിശാലമായ കോൺഫ്രൻസ് ഹോളും ഉണ്ട്. കിടത്തി ചികിത്സ ഇല്ലെങ്കിലും അടിയന്തര ഘട്ടത്തിൽ നാല് പേരെ വരെ കിടത്തി ചികിത്സ നൽകാനുള്ള സൗകര്യം ഉണ്ട്. നിലവിൽ 200 പേര് ഒ പി ചികിത്സയ്ക്ക് പ്രതിദിനം വരുന്നുണ്ട്. പഞ്ചായത്ത് ഫണ്ടിൽനിന്നും ഒന്നും 15 ലക്ഷം രൂപയുടെ അടിസ്ഥാനസൗകര്യ വികസനം ആശുപത്രിയിൽ ഒരുക്കി. എൻ എച്ച് എം ഫണ്ട് മുഖേന 15 ലക്ഷം രൂപ മുടക്കി ആശുപത്രിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ചു. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി രജനി, വൈസ് പ്രസിഡണ്ട് എം വിനോദ്കുമാർ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി പ്രമീള മെഡിക്കൽ ഓഫീസർ ജോബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply