ന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപെടുത്തി. നിലവിലെ രാത്രി കർഫ്യൂവിന് പുറമേ ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും.
സർക്കാർ ജീവനക്കാരിൽ അടിയന്തര സർവീസുകൾ ഒഴികെയുള്ളവർ വർക്ക് ഫ്രം ഹോം മാതൃകയിൽ പ്രവർത്തിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് പ്രവർത്തിക്കാം. മെട്രോകളിലും ബസുകളിലും മുഴുവൻ യാത്രക്കാരെയും അനുവദിക്കും.
പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. വീടുകളിൽ നിന്നും ആവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവു. യെല്ലോ അലർട്ടിനെ തുടർന്ന് ബസുകളിലും മെട്രോകളിലും ഏർപെടുത്തിയ നിയന്ത്രണങ്ങൾ മെട്രോ സ്റ്റേഷനുകളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും തിരക്ക് കൂടുന്നതിന് കാരണമായതിനെ തുടർന്നാണ് പൊതുഗതാഗത മാർഗങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയത്.
നിലവിലെ നിയന്ത്രണങ്ങളുടെ ഭാഗമായി ഡൽഹിയിൽ രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെ നിലനിൽക്കുന്ന കർഫ്യൂ അതേപടി തുടരും. സ്കൂളുകൾ, കോളേജുകൾ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല, വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേരിൽ കൂടുതൽ പാടില്ല, ഷോപ്പിംഗ് മാളുകൾക്കും മറ്റു കടകൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം, ആശുപത്രികൾ, ബാങ്കുകൾ, മാധ്യമങ്ങൾ എന്നിവയ്ക്ക് ഇളവുകളുണ്ട്