ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: കര്‍ദിനാള്‍ മാർ ആലഞ്ചേരി
KE News Desk l Kochi, Kerala
കൊച്ചി : ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന വിവിധ ക്രൈസ്തവ സമുദായ നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങളെ കൂട്ടായ ശ്രമത്തിലൂടെ അതിജീവിക്കണം. കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായര് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
ക്രൈസ്തവ വിഭാഗങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും ഒറ്റപ്പെടുത്താനുള്ള സംഘടിതശ്രമവും മാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണങ്ങളും നേരിടുന്നതിനായി മുഴുവന്‍ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ചുനിന്നു പോരാടണം.
മതേതര രാജ്യമായ ഇന്ത്യയില്‍ വ്യാജ ആരോപണങ്ങളിലൂടെയും ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നതിലൂടെയും ക്രൈസ്തവര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കപ്പെടുന്നുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ പോലും തടസപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സമീപനങ്ങളെ നിസാരമായി കാണാനാവില്ല. ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവ അല്മായ നേതൃത്വങ്ങള്‍ ഒരുമിച്ചു മുന്നേറുന്നത് അഭിനന്ദനീയമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
വിശ്വാസതീക്ഷ്ണതയുടെ മഹത്വം അല്മായർക്കിടയിലുള്ള ഐക്യംകൊണ്ടും സാഹോദര്യം കൊണ്ടും പ്രകടമാകണമെന്നു മുഖ്യപ്രഭാഷണം നടത്തിയ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനുമായി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അക്ഷീണം പ്രയത്നിക്കുമെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങൾ ചേര്‍ന്ന് ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ലെയ്റ്റി കൗണ്‍സിൽ’ രൂപീകരിക്കാൻ ചര്‍ച്ച നടത്തി.
യാക്കോബായ സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ്, കെഎൽസിഎ ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ്, മാര്‍ത്തോമ സഭ സെക്രട്ടറി പി.കെ.അച്ചന്‍കുഞ്ഞ്, കല്‍ദായ സിറിയന്‍ ട്രസ്റ്റ് ചെയര്മാന് സി.എസ്. ടെന്നി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, കെസിഎഫ് പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ്, സീറോ മലബാര്‍ സഭാ കുടുംബ ക്കൂട്ടായ്മാ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.