തേജസ്സില്‍ കോടാകോടി വിശുദ്ധന്മാരോടൊപ്പം പ്രിയ ദൈവ ദാസനെയും വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട

Dora Mercy CL
Sunday School Teacher
AG vizhavoor, Trivandrum

ഓര്‍ക്കാപ്പുറത്ത്‌ പ്രീയപ്പെട്ടവരുടെ വേര്‍പാട്‌ ഉണ്ടാകുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ്‌ ‘രംഗബോധമില്ലാത്ത കോമാളിയോ?’ എന്നത്. കഴിഞ്ഞ ദിവസം എനിക്കും അങ്ങനെ തന്നെ തോന്നിപ്പോയി. പിന്നീട്‌ അത്‌ ശരിയല്ല എന്നും തോന്നി. ദൈവത്തെ അറിയാത്തവനു പ്രസ്തുത വാക്യം വളരെ ശരിയായി തോന്നുമെങ്കിലും ഒരു ദൈവ പൈതലിനെ സംബന്ധിച്ചടത്തോളം അതത്ര ശരിയാകില്ല. യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഏതൊരു ദൈവപൈതലും പ്രത്യാശയോടെ നോക്കിയിരിക്കുന്ന ഒന്നാണ്‌ മരണം. മരണത്തെപ്പറ്റിയും നിത്യതയെപ്പറ്റിയും പ്രസംഗിക്കുന്നു, അടുത്ത ദിവസം അങ്ങോട്ടേക്കു കയറിപ്പോകുന്നു. “നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്‌”. ഈ ലോകത്തിലെ കഷ്ടതകളില്‍ നിന്നും വിടുതല്‍ പ്രാപിച്ച്‌ എന്നെന്നേയ്ക്കുമുള്ള നിത്യാനന്ദം അനുഭവിക്കാന്‍ പോകുന്ന അവസ്ഥ. ഇവിടെത്തെ വിസിറ്റിംഗ്‌ വിസയുടെ കാലാവധി തീരുമ്പോള്‍ സ്വന്ത നാട്ടില്‍ തിരിച്ചുപോയേ തീരു.
ഈ കഴിഞ്ഞ ദിവസം 11-ാം തിയതി അതിരാവിലെ കേട്ട വാര്‍ത്ത നമ്മുടെ പ്രിയങ്കരനായ ബഹു.പി.എസ്‌.ഫിലിപ്പ്‌ സാര്‍ അക്കരെനാട്ടില്‍ പോയി എന്നതാണ്‌. എല്ലാവരെയും പോലെ വിശ്വസിക്കാന്‍ അല്‍പം വൈകി. 9-ാം തിയതി രാത്രി തിരുവനന്തപുരം മേഖലാ കണ്‍വെന്‍ഷനില്‍ തിരുമല സഭയില്‍ പ്രസംഗിച്ച പ്രസ്തുത പ്രസംഗം ഞാന്‍ കേട്ടിരുന്നു. സ്തോത്രം! നിത്യതയെപ്പറ്റി പറയാന്‍ എന്തൊരാവേശമായിരുന്നു. അല്ലേലും പ്രസംഗിക്കാന്‍ കിട്ടുന്ന ഏതൊരു വേദിയിലും അതു വിവാഹ ശുശ്രൂഷയായാലും, അടക്ക ശുശ്രൂഷയായാലും മാനസാന്തരം, രക്ഷ, കര്‍ത്താവിന്റെ രണ്ടാം വരവ്‌ ഇവ പറയാതെ പോയിട്ടില്ല. ദൈവം ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കാനുള്ള അവസാന വേദിയായി ഈ മേഖലാ കണ്‍വെന്‍ഷന്‍. അതും ആദ്യ ദിവസം തന്നെ പ്രസംഗിക്കാന്‍ അവസരം ലഭിക്കുക.പിന്നീടുള്ള ദിവസങ്ങളിലായിരുന്നെങ്കില്‍ ഈ സന്ദേശം നമുക്ക്‌ കിട്ടാതെ പോയേനേ. ഈ ഒരൊറ്റ പ്രസംഗം മതി അനേകം പേരില്‍ പരിവര്‍ത്തനം വരുത്താന്‍.
വ്യക്തിപരമായി ഞങ്ങളുടെ കുടുംബത്തിനും ഏറെ പ്രിയനും അടുപ്പവുമുള്ള ഒരു ദൈവ ഭൃത്യനായിരുന്നു പാസ്റ്റര്‍. പി.എസ്‌. എവിടെ വച്ച്‌ കണ്ടാലും വളരെ സാധാരണക്കാരിയായ എന്നെ എന്റെ പേരു പറഞ്ഞ്‌ വിളിക്കുകയും സ്റ്റീഫന്‍ എന്തിയേ എന്ന്‌ ഭര്‍ത്താവിനെപ്പറ്റി കൂടെ ചോദിക്കുകയും ചെയ്യുമായിരുന്നു. പോരെങ്കില്‍ ഞങ്ങള്‍ ജോലി ചെയ്തിരുന്ന ഡിപ്പാര്‍ട്ടുമെന്‍റുകള്‍ കൂടെ അറിയാമായിരുന്നു. അവിടെത്തെ കാര്യങ്ങളും ചോദിക്കും. ഇതു എന്റെ മാത്രം അനുഭവമല്ല. എനിക്കു തോന്നുന്നു സൌത്ത്‌ ഇന്ത്യാ അസംബ്ലീസ്‌ ഒഫ്‌ ഗോഡിന്റെ 3500-ല്‍ പരം സഭകളില്‍ നിന്നുള്ളവര്‍ക്കും ഈ അനുഭവങ്ങള്‍
പറയാനുണ്ടാകും. ഞങ്ങളുടെ സഭയിലെ വിശ്വാസീ ഭവനങ്ങള്‍ക്ക്‌ പാസ്റ്റര്‍ ഒരന്യനല്ല. പലരുടെയും വിവാഹങ്ങള്‍, ഭവനപ്രതിഷ്ഠ, ശിശുപ്രതിഷ്ഠ, ഉപവാസപ്രാര്‍ത്ഥനകള്‍, സണ്ടേസ്‌കൂള്‍ വാര്‍ഷികം
എന്നിവയ്ക്കെല്ലാം മുഖ്യാതിഥി പാസ്റ്റര്‍ ആയിരുന്നു. ഞങ്ങള്‍ സണ്ടേസ്‌കൂള്‍ അദ്ധ്യാപകരെ ഇത്രയും അംഗീകരിക്കുന്ന മറ്റൊരു ആള്‍ ഉണ്ടാവുമോ എന്നറിയില്ല. സഭാരാധനയിലും സണ്ടേസ്‌കൂള്‍
സമ്മേളനത്തിനിടയിലുമെല്ലാം ഇവിടെയുള്ള അധ്യാപകരെല്ലാം ഒന്നെണീറ്റു നിന്നേ എന്ന്‌ പറയുകയും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചനന്തരം ഇരിക്കാന്‍ പറയുകയും ചെയ്യും. ഇതു സ്വത:സിദ്ധമായ ഒരു ശൈലിയായിരുന്നു എന്ന്‌ മനസ്സിലാക്കാം.
എന്തൊരു വ്യക്തിത്വത്തിനുടമായായിരുന്നു പാസ്റ്റര്‍- ചമയങ്ങളില്ലാത്ത, ലാളിത്യമുള്ള, സാധരണക്കാരനു മനസ്സിലാകുന്ന ഭാഷാശൈലിയില്‍ പ്രസംഗിക്കാന്‍ കഴിവുള്ള പുഞ്ചിരിയോടെയുള്ള സംസാരരീതി…….ആരില്‍ നിന്നും ഒരിടത്തുനിന്നും കാണാന്‍ കഴിയാത്ത സ്വഭാവഗുണങ്ങളുള്ള ഒരു ദൈവദാസന്‍…….
എഴുതാന്‍ ഏറെയുണ്ട്‌. …… നിറുത്തുന്നു.
പാസ്റ്റര്‍ അവസാനമായി പറഞ്ഞതുപോലെ ലാസ്റ്റ്‌ ബെല്‍ അടിച്ചാല്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി വീട്ടില്‍ പൊയ്‌ക്കോണം, സ്വന്തവീട്ടില്‍. അതുപോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ സൈറണ്‍ മുഴങ്ങി, പാസ്റ്റര്‍ അതു കേട്ടു, പ്രത്യാശയോടെ വീട്ടില്‍ കയറിപ്പോയി.തേജസ്സില്‍ കോടാകോടി വിശുദ്ധന്മാരോടൊപ്പം പ്രീയ ദൈവ ദാസനെയും വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply