സുവിശേഷം വ്യാപാരവത്ക്കരിക്കുവാനുള്ളതല്ല മറിച്ച്, വ്യാപിപ്പിക്കുവാനുള്ളതാണ്: പാസ്റ്റർ ജോ തോമസ്
വഡോദരാ: സുവിശേഷം വ്യാപാരവത്കരിക്കുവാനുള്ളതല്ല മറിച്ച്, വ്യാപിപ്പിക്കുവാനുള്ളതാണ്.കാരണം സുവിശേഷം എന്നത് “യേശു രാജാവാണ്” എന്നതാണ്. ഈ ക്രിസ്തുവിന്റെ സുവിശേഷം ഓടി വ്യാപിക്കട്ടെ. അത് കേവലം വ്യാപിക്കുക മാത്രമല്ല, വ്യാപിച്ച് ഫലവത്തായിത്തീർന്ന് സുവിശേഷത്തിന്റെ മഹത്വം വെളിപ്പെടണം. അതിനായി നാം പ്രാർത്ഥിക്കണം. “ഞാൻ”, “ഞാൻ “എന്ന ഭാവം മാറി “ഞങ്ങൾ” എന്ന അനുഭവത്തിൽ എത്തിച്ചേർന്ന് പ്രാർത്ഥിക്കുമ്പോൾ ആ മഹത്വം വെളിപ്പെടും. സുവിശേഷം വ്യാപാരവത്കരിക്കുന്നവർ എക്കാലവും സുവിശേഷ വ്യാപനത്തിന് ഒരു തടസമാണ്. അവർ മാനസാന്തപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയട്ടെ. അവർക്ക് ഹൃദയത്തിൽ പരിവർത്തനം ഉണ്ടാകട്ടെ.സുവിശേഷം നമ്മുടെ സ്വഭാവമായി മാറി സുവിശേഷത്തിന്റെ മഹത്വം നമ്മിൽ വെളിപ്പെടുവാൻ ദൈവീക പ്രമാണത്തെ നമ്മുക്ക് മുറുകെ പിടിക്കാം. ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വെർച്വൽ കൺവെൻഷന്റെ രണ്ടാം ദിവസം മുഖ്യസന്ദേശം നൽകുകയായിരുന്നു പാസ്റ്റർ ജോ തോമസ് .
ഗുജറാത്ത് ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി അധ്യക്ഷത വഹിച്ച മീറ്റിങിൽ വിവിധ സഭകളിൽ നിന്നും ചാപ്റ്ററുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. സമാപന പ്രാർത്ഥന മഹാരാഷ്ട്ര ചാപ്റ്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിബു മാത്യു നിർവഹിച്ചു.
ഇന്ന് സമാപന ദിവസത്തെ കൺവൻഷനിൽ പാസ്റ്റർ അനീഷ് തോമസ് പ്രസംഗിക്കും. ഇവാ. സിജോ ജോസഫ് & ടീം വഡോദര
ഗാനങ്ങൾ ആലപിക്കും. ഇവാ. എബിൻ അലക്സിന്റെ പ്രത്യേക സംഗീത പരിപാടിയും ഉണ്ടാകും. കൺവൻഷന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ഉണ്ടായിരിക്കും.




- Advertisement -