ചെറുചിന്ത: സൃഷ്ടാവിനൊപ്പം സഞ്ചരിക്കുക | ജോസ് പ്രകാശ്
ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കാൻ ഭാഗ്യം ലഭിച്ചവരിൽ പത്താമൻ.
അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ 1972 ലെ അപ്പോളോ 16 മൂൺ മിഷന്റെ ലൂണാർ മൊഡ്യൂൾ പൈലറ്റ്. അന്ന് വരെയുള്ള അസ്‌ട്രോനോട്സിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. അമേരിക്കൻ യുദ്ധവിമാന പൈലറ്റ്. ഇങ്ങനെ നീളുകയാണ് നേട്ടങ്ങളുടെ പട്ടിക.
എന്നാൽ ഈ ബഹുമതികളൊന്നുമല്ല അദ്ദേഹത്തെ സ്വാധീനിച്ചത്. ”യേശുവിനെ അറിഞ്ഞതും അനുഭവിച്ചതുമാണ്” ചാൾസ് മോസ് ഡ്യൂക്ക് എന്ന ക്രിസ്തു ഭക്തന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയത്.
” ചന്ദ്രനിൽ നടന്നത് വെറും മൂന്ന് ദിവസം, എന്നാൽ ചന്ദ്രനെ സൃഷ്ടിച്ച യേശുവിന്റെ കൂടെ നടക്കുന്നത് എന്റെ ആയുസ്സ് മുഴുവൻ.” യേശുവിനെക്കുറിച്ച് അറിയാതെ
ലോകം മുഴുവനും, ഈ ലോകത്തിനപ്പുറവും സഞ്ചരിച്ചു. ചന്ദ്രനിലെ നടത്തം മൂന്ന് ദിവസം കൊണ്ട് അവസാനിച്ചു. യേശുവിനോടൊപ്പമുള്ള ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല.
ഒരു ബഹിരാകാശ സഞ്ചാരിയാകാനും അല്പ സമയം അന്യഗ്രത്തിൽ ചിലവിടാനും
ധാരാളം പരിശീലനം ആവശ്യമാണ്. സമർപ്പിതരായിരിക്കണം. നല്ല യോഗ്യത ഉണ്ടാകണം. ഇനി ഇതെല്ലാം ഉണ്ടെങ്കിൽ തന്നെ ചില മണിക്കൂറുകൾ മാത്രമേ നടക്കുവാൻ സാധിക്കയുള്ളൂ. എന്നാൽ യേശുവിനോടൊപ്പം കുഞ്ഞുങ്ങൾക്ക് പോലും നടക്കുവാൻ കഴിയും.
ചില ദിവസങ്ങൾക്ക് മുമ്പ് വായിച്ച ഒരു അനുഭവ സാക്ഷ്യമാണിത്. ഇതിൽ നിന്നും ദൈവ മക്കൾക്ക് പഠിക്കുവാനും പകർത്തുവാനുമുണ്ട്.
ദൈവ മകൻ/മകൾ എന്നതിനേക്കാൾ വലിയ പദവി ഇഹത്തിലില്ല. ദൈവത്തെ അറിഞ്ഞതാണ് നമ്മുടെ ഏറ്റവും വലിയ അറിവ്. ദൈവം നല്കുന്ന പദവിയാണ് മറ്റെന്തിനെക്കാളും വലുത്. ലോകം നമ്മെ അറിയാത്തതല്ല, ദൈവം നമ്മെ അറിയുന്നതാണ് വലിയ കാര്യം.
കാണ്മിന്‍ , നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു (1യോഹ-3:1).
ദൈവ മക്കളായതിൽ നമുക്ക് അഭിമാനിക്കാം. പ്രപഞ്ച സൃഷ്ടാവിന്റെ മക്കളാണ് നാം. ഇത്ര വലിയ സൗഭാഗ്യം ഇഹത്തിൽ വേറെയില്ല. യേശുവിൻ്റെ കൂടെയുള്ള വാസമാണ് ഏറ്റവും ഉന്നതമായത്. ലോകം നൽകുന്ന പേരിനെ ക്കാൾ ശ്രേഷ്ഠമാണ് അവിടുത്തെ നല്ല ദാസനേ, എന്ന ഓമനപ്പേര്. പ്രശസ്തിയുടെ ക്രിക്കറ്റ് ബാറ്റ് ഉപേക്ഷിച്ച് ക്രൂശിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത മിഷണറി സി.റ്റി സ്റ്റഡിൻ്റെ വിശ്വ പ്രസിദ്ധമായ വാക്കുകൾ ഇപ്രകാരമാണ് :
” ഒരേയൊരു ജീവിതം അത് വേഗം തീർന്നു പോകും, ക്രിസ്തുവിനു വേണ്ടി ചെയ്തത് മാത്രം നിലനിൽക്കും ”.
Only one life, it will soon be past, Only what’s done for Christ will last.
ജോസ് പ്രകാശ്






- Advertisement -