ലേഖനം: ഫാദർ സ്റ്റാൻ സ്വാമിയും ഈശോ സഭയും | ജെയ്സ് പാണ്ടനാട്
ഈശോ സഭാ വൈദീകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഈ സ്റ്റാൻ ലൂർദ് സ്വാമിയുടെ കസ്റ്റഡി മരണത്തോടെ ഈശോ സഭയുടെ ചരിത്രം പലരും ചോദിച്ചിരുന്നു. ഈശോ സഭയുടെ ചരിത്രം എന്താണ്? ജസ്യുട്ട് മിഷണറിമാർ കേരളത്തിൽ ചെയ്ത സേവനങ്ങൾ എന്തെല്ലാമാണ്?
മാർട്ടിൻ ലൂഥറിൻ്റെ പ്രൊട്ടസ്റ്റൻ്റ് നവോത്ഥാനത്തിന് എതിരായി രൂപപ്പെട്ട എതിർ നവീകരണത്തിൻ്റെ ഉൽപ്പന്നമാണ് ജെസ്വീറ്റ് പുരോഹിതന്മാർ. സഭയിലെ അനാചാരങ്ങൾ നീക്കം ചെയ്യണം എന്ന് വാദിച്ച ഇക്കൂട്ടർ പരിഷ്ക്കരണ വാദികൾ ആയിരുന്നു. A D 1540 -ൽ ലോയോള ഒൻപത് ശിഷ്യന്മാരെ ചേർത്ത് രൂപീകരിച്ച ‘യേശു സമൂഹം'(സൊസൈറ്റി ഓഫ് ജീസസ്) മായിരുന്നു ഈശോ സഭക്കാർ. പ്രത്യേക വേഷമോ നിബന്ധനകളോ ഇല്ലാത്ത ഈ സന്യാസ സമൂഹം സേവനത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി. വിമോചന ദൈവശാസ്ത്രത്തെ ദാർശനിക അടിത്തറയാക്കി,
ആശ്രമ സന്യാസം എന്ന ചിന്താധാരയിൽ നിന്നും മാറി സേവന സന്യാസം ജീവിത ശൈലി ആക്കിയവരാണ് ജെസ്യുട്ട് പുരോഹിതന്മാർ. 1542ൽ ഇന്ത്യയിൽ എത്തിയ ഫ്രാൻസിസ് സേവിയർ( ലെയോളയുടെ സ്നേഹിതൻ) അർണോസ് പാതിരി, ഫാദർ കെയ്റോണി തുടങ്ങിയവർ ഈശോ സഭാ വൈദീകരാണ്. അർജൻ്റീനക്കാരനായ ഫ്രാൻസിസ് മാർപാപ്പ ഈശോ സഭക്കാരനാണ്.
ഗോവയിൽ എത്തിയ ഫ്രാൻസിസ് സേവിയർ കേരളത്തിൽ നടത്തിയ സേവനങ്ങൾ വിലപ്പെട്ടതാണ്. വി. ലയോളയോടൊപ്പം ജസ്യുട്ടുകൾ എന്നറിയപ്പെടുന്ന ഈശോ സഭയുടെ സ്ഥാപകരിൽ ഒരാളാണ് ഫ്രാൻസിസ് സേവ്യർ. കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ കടലിൻ്റെ മക്കളുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. കന്യാകുമാരി മുതൽ തൂത്തുക്കുടി വരെയുള്ള ഇടങ്ങളിൽ പരവ സമുദായത്തിൻ്റെ ഇടയിൽ പ്രവർത്തിച്ചു. വിശ്വാസ പ്രമാണവും പത്ത് കൽപ്പനയും കർത്താവിൻ്റെ പ്രാർത്ഥനയും തമിഴിലേക്ക് പരിഭാഷ പെടുത്തി അവരെ പഠിപ്പിച്ചു. വേണാട്ടിലെ മഹാരാജാവ് അദ്ദേഹത്തിന് ധനസഹായത്തിന് പുറമെ പള്ളികൾ സ്ഥാപിക്കാനുള്ള അനുവാദവും നൽകി.നാൽപ്പത്തഞ്ചോളം പള്ളികൾ സ്ഥാപിച്ചു. ഞായറാഴ്ച കടലിൽ പോകുന്നതിൽ നിന്നും മുക്കുവരെ വിലക്കി. വെള്ളിയാഴ്ച പിടിക്കുന്ന മീനിൻ്റെ ഒരു പങ്ക് പള്ളിക്കു ദാനം ചെയ്യാൻ നിർബന്ധിച്ചു. സൺഡേ സ്കൂളുകൾ സ്ഥാപിച്ച് കുട്ടികൾക്ക് വേദാഭ്യാസനം നൽകി. തിരുവിതാംകൂർ, കൊല്ലം, കൊച്ചി എന്നിവിടങ്ങളിൽ ലത്തീൻ സമുദായക്കാരുടെ അഭ്യുന്നതിക്കുവേണ്ടി പ്രവർത്തിച്ചു. ചൈനയിലെ ഒരു ദ്വീപിൽ വച്ച് മരിച്ച ഫ്രാൻസിസ് സേവിയറുടെ മൃതശരീരം ഗോവയിൽ ബോം ജീസസ് ഭദ്രാസന പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.
ജർമൻ കത്തോലിക്കാ ജസ്യുട്ട് പുരോഹിതനായിരുന്ന അർണോസ് പാതിരി 1701- ൽ കേരളത്തിൽ എത്തി. അമ്പഴക്കാട്ട് സെമിനാരിയിൽ വൈദീക വിദ്യാഭ്യാസം നടത്തി. മലയാള ഭാഷയുടെ വികാസ പരിണാമത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ പാതിരിയുടെ ‘മശിഹചരിത്രംപുത്തൻ പാന’ മലയാളത്തിലെ ആദ്യ കാവ്യ ഗ്രന്ഥമാണ്. ലോക സൃഷ്ടി മുതൽ ക്രിസ്തുവിൻ്റെ ജൻമം വരെ ചുരുക്കമായും ക്രിസ്തുവിൻ്റെ ജീവിത കഥകൾ സാമാന്യം ദീർഘമായും പ്രതിപാദിക്കുന്ന കാവ്യമാണ് മശിഹാ ചരിത്രം പുത്തൻപാന. സംസ്കൃതവും മലയാളവും അഭ്യസിച്ച പാതിരി, ആദ്യത്തെ ഖണ്ടകാവ്യ രചയിതാവും സംസ്കൃത ഭാഷയുടെ കവാടം യൂറോപ്പിന് തുറന്നു കൊടുത്ത വ്യക്തിയുമാണ്. ഇന്തോളജി എന്ന പഠന ശാഖയ്ക്ക് തുടക്കം കുറിച്ച പാതിരിയുടെ പ്രധാന കൃതികൾ ചതുരന്ത്യം നാല് പർവം, പുത്തൻ പാന, ഉമ്മാ പർവ്വം, ഉമ്മാടെ ദുഃഖം എന്നിവയാണ്. ‘ഉമ്മാടെ ദുഃഖം’ മലയാളത്തിലെ ആദ്യ വിലാപ കാവ്യം ആണ്.ആദ്യത്തെ വിലാപ കാവ്യമെന്ന് സാഹിത്യ ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്ന സി എസ് സുബ്ര്യമണ്യൻ പോറ്റിയുടെ ഒരു വിലാപം (1902) രചിക്കുന്നതിന് 40 വർഷം മുൻപ് 1862 – ലാണ് കൊച്ചിയിൽ നിന്നും ആദ്യമായി അച്ചടിച്ചിറക്കിയത് . വിലാപ കാവ്യം മാത്രമല്ല ‘ജേനോവാപർവ്വം’ എന്ന ആദ്യത്തെ ഖണ്ഡകാവ്യവും എഴുതി. മലയാള – സംസ്കൃത നിഘണ്ടുവും സംസ്കൃത വ്യാകരണവും മലയാളം – പോർച്ചുഗീസ് വ്യാകരണവും മലയാളം – പോച്ചുഗീസ് നിഘണ്ടുവും തയ്യാറാക്കി. ലത്തീനിൽ നിന്നും പല കീർത്തനങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
മിഷണറി പ്രവർത്തനത്തിൻെറ വിശ്വ മാതൃകയാണ് ഫാദർ കെയ്റോണി. കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ അധ്യാപകനായിരുന്ന ഫാദർ കെയ്റോണി കണ്ണൂർ ചിറക്കലിൽ പുലയ മിഷൻ സ്ഥാപിച്ചു. കൊൽക്കത്ത ആർച്ച് ബിഷപ്പിൽനിന്നും പൗരോഹിത്യം സ്വീകരിച്ച ഫാദർ തളിപ്പറമ്പ് ഇടവക വികാരിയായി സേവനം ചെയ്തു. ജാതി കേന്ദ്രീകൃതമായ അപമാനാവീകരണ ത്തിന് എതിരെ സമരം നയിച്ചു.രണ്ടാം ലോക മഹായുദ്ധത്തിൽ ത്തിനു ശേഷം പട്ടിണിയിലും ദുരിതത്തിലും മുങ്ങിതാണ പുലയ കുടിലുകളിൽ ആശ്വാസവുമായി എത്തി. ചൂഷണത്തിൽ നിന്നും അയിത്ത ജാതിക്കാരെ മോചിപ്പിക്കുന്നതിൻ്റെ ഭാഗമായി സവർണരിൽ നിന്നും മർദ്ദനം ഏൽക്കേണ്ടിവന്നു. മതപരിവർത്തനത്തൻെറ കേവല സൂത്രങ്ങൾക്കപ്പുറം സാമൂഹിക പരിഷ്കരണത്തിൻെറ സ്ഥായിയായ കാർക്കശ്യങ്ങളിലേക്ക്അച്ചൻ്റെ ഇടപെടലുകൾ വികസിക്കുന്നത് അദ്ദേഹത്തിൻ്റെ ജീവ ചരിത്രം പഠിക്കുന്ന എല്ലാവർക്കും മനസ്സിലാകും. പതിനായിരങ്ങൾ മരിച്ചു വീണ കോളറയുടെ കാലത്ത് കണ്ണൂരിലെ ദളിതർക്ക് അത്താണിയായത് അച്ചൻ്റെ പുലയമിഷൻ ആണ്. കോളറാകാലത്ത് കോരി ചൊരിയുന്ന കർക്കിടക രാത്രിയിൽ കത്തിച്ചു പിടിച്ച റാന്തൽ വിളക്കും തോൾ സഞ്ചിയിൽ മരുന്നുമായി പൂങ്കാവ് എന്ന പുലയ കോളനിയിൽ എത്തിയ അച്ചൻ കണ്ടത് മരിച്ചു കിടക്കുന്ന അമ്മയുടെ മാറിൽ നിന്നും പാലൂറ്റി കുടിക്കുന്ന മുന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ്. ഒരു ചുമലിൽ മൃത ശരീരവും മറു ചുമലിൽ കുഞ്ഞുമായി റാന്തൽ വിളക്കിൻ്റെ വെളിച്ചത്തിൽ വയൽ വരമ്പത്ത് കൂടെ കോരി ചൊരിയുന്ന മാഴയത്ത് നടന്നു പോയ കെയ്റോണി അച്ചൻ പാവങ്ങളുടെ പടത്തലവൻ ആയിരുന്നു. പുലയരിൽ നിന്നും പത്ത് അധ്യാപകരെ സൃഷ്ടിക്കണമെന്ന് പ്രഖ്യാപിച്ച ഫാദർ ജാതി വിരുദ്ധ പോരാട്ടത്തിൻ്റെ കുന്തമുനയായിരുന്നു. പുഞ്ചക്കാട്ടും പഴയങ്ങാടിയിലും ഡിസ്പെൻസറികളും പള്ളികൂടങ്ങളും തൊഴിൽ പരിശീലനകേന്ദ്രങ്ങളും സ്ഥാപിച്ചു. ഇതാണ് കണ്ണൂരിലെ ആദ്യ അധ്യാപക പരിശീലന കേന്ദ്രം. കെയ്റോണി അച്ചൻ്റെ ദർശനവും സമർപ്പണവും മനസ്സിലാക്കാൻ അദേഹം ഇറ്റലിയിലെ പ്രോവിൻഷ്യർക്ക് എഴുതിയ കത്ത് വായിച്ചാൽ മാത്രം മതി.” സമൃദ്ധവും അനുഗൃഹീതരുമായ ഒരു ക്രൈസ്തവ സമൂഹത്തെ ഞാൻ ഇവിടെ സൃഷ്ടിക്കും”. ജാതി രഹിത സമൂഹത്തിൻ്റെ സൃഷ്ടിക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ ഈ മനുഷ്യ സ്നേഹി കണ്ണൂരിൻ്റെ ചതുപ്പ് മണ്ണിൽ വിശ്രമിക്കുന്നു.
ജാർഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ കഴിഞ്ഞ് അഞ്ച് പതിറ്റാണ്ട്കളായി പ്രവർത്തിച്ച വൈദീകനാണ് ഫാദർ സ്റ്റാൻ സ്വാമി. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് ഖനനം ചെയ്യാൻ ശ്രമിക്കുന്ന ഖനന മാഫിയയ്ക്കേതിരെ സമരം നയിച്ച സ്വാമി ഭരണകൂടത്തിൻ്റെയും ഭൂമാഫിയയുടെയും കണ്ണിലെ കരടായിരുന്നൂ. കളളകേസിൽ കുടുക്കി മൂവായിരത്തോളം ആദിവാസി യുവാക്കളെ ജയിലിൽ അടച്ചതിനെത്തിരെ സ്വാമി 2010 – ൽ പുസ്തകം പോലും എഴുതിയിരുന്നു. പാവങ്ങളുടെ പക്ഷം ചേർന്ന ഈ വൈദീകൻ ഭരണകൂട ഭീകരതയ്ക്ക് ഇര ആകുകയായിരുന്നു. ഫാസിസത്തിൻ്റെ രൗദ്ര ഭാവം പത്തി വിടർത്തി ആടുന്ന വാർത്ത മാന കാല ഇന്ത്യൻ സാഹചര്യത്തിൽ ഇതിൽ കൂടുതൽ എന്താണ് നിഷ്കളങ്കരെ നിങ്ങൾ പ്രതീക്ഷിക്കുന്നത്…
(ക്രൈസ്തവ എഴുത്തുപുര കുടുംബ മാസിക ജൂലൈ 2021 ലക്കത്തിലെ രചന)