എഡിറ്റോറിയൽ: വിസ്മയം അസ്തമിച്ച സാക്ഷര കേരളം | ജെ. പി. വെണ്ണിക്കുളം
വിസ്മയയുടെ മരണം കേരള സമൂഹത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധന പീഡനത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഈ പെണ്കുട്ടി. കഴിഞ്ഞ വർഷം ഉത്രജയ്‌ക്കുണ്ടായ അനുഭവം മറക്കാനായിട്ടില്ല. ഒരു വർഷം മുന്നേ വിവാഹിതരായ കിരൺ- വിസ്മയ ദമ്പതികളുടെ കുടുംബ ജീവിതത്തിൽ പല അസ്വാരസ്യങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒരു വർഷത്തിനിടയിൽ ഈ പെണ്കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾ വളരെയാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ടു വളരെ മാന്യമായി വിവാഹം കഴിപ്പിച്ചത് സന്തോഷത്തോടെ ജീവിക്കാനായിരുന്നു. എന്നാൽ ആ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണത് പെട്ടെന്നായിരുന്നു. കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി താലോലിച്ചു മക്കളെ വളർത്തുന്ന മാതാപിതാക്കൾക്കു വലിയ സ്വപ്നങ്ങളാണുള്ളത്. പ്രത്യേകിച്ചു, പെണ്മക്കളുള്ള മാതാപിതാക്കൾക്ക്. അവരെ മാന്യമായി വിവാഹം കഴിച്ചയക്കണമെന്നു ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കാറുണ്ട്. പെണ്കുട്ടിയെ പറഞ്ഞയയ്ക്കുമ്പോൾ സാമ്പത്തീകത്തെക്കുറിച്ചു അന്വേഷിക്കുന്നവരും
അന്വേഷിക്കാത്തവരു
മുണ്ട്. ഇവിടെ ‘ഡിമാൻഡ്’ കൂടുമ്പോൾ തീ കാളുന്നത് പെണ്കുട്ടിയുടെ മാതാപിതാക്കൾക്കാണ്. എന്നാലും നല്ല ബന്ധങ്ങൾ ഈ വിലപേശലിൽ പലരും വേണ്ടാന്നു വയ്ക്കാറുമില്ല. മറ്റു ചിലർ ഞങ്ങൾക്ക് സ്ത്രീധനം വേണ്ട പെണ്കുട്ടിയെ മതിയെന്ന് പറയും. പിന്നീട് അതിന്റെ പേരിൽ അത്യാർത്തി ഉണ്ടായിട്ടു പീഡിപ്പിക്കുകയും ചെയ്യും.
ഇതൊക്കെ നടക്കുന്നത് സാക്ഷര കേരളത്തിലാണെന്നത് നാം കൂടുതൽ ലജ്ജിണ്ടേ വിഷയമായി മാറുന്നു. സ്ത്രീധനം ചോദിച്ചു വരുന്നവർക്ക് മുന്നിൽ നിന്നു തരാൻ ഞങ്ങളില്ല എന്നു മാറി ചിന്തിക്കുവാൻ ഇന്നത്തെ പെണ്കുട്ടികൾ തയ്യാറാവുകയാണ്. വർധിച്ചു വരുന്ന പീഡനങ്ങൾ അതിനൊരു കാരണമാവുകയാണ്. വിവാഹിതയായി വരന്റെ വീട്ടിലേക്കു വരുന്ന പെണ്കുട്ടി അവിടുത്തെ ‘അതിഥി’ അല്ലെന്നു ഇനി എന്നാണ് മലയാളി മനസിലാക്കുന്നത്? അവൾക്കു മകളുടെ സ്ഥാനം നൽകാൻ കഴിയുന്നവർ ചുരുക്കമാണ്. ഇനി മരുമകളായി കാണുന്നവർ ഒരു തരത്തിലും പീഡിപ്പിക്കുന്നത് ഭൂഷണമല്ല. ഒരുപക്ഷേ, പണം, വസ്തു, വാഹനം എന്നിവയുടെ പേരിൽ ഒരു ബന്ധവും ഉലയാതിരിക്കട്ടെ. സമൂഹത്തിൽ ഉള്ളവർ എന്തു വിചാരിക്കും എന്നു വച്ചു പല മാതാപിതാക്കളും പല വേദനകളും ഉള്ളിലൊതുക്കുന്നുണ്ട്. വേദനിക്കുന്ന നിമിഷങ്ങളിൽ തന്റെ മാതാപിതാക്കൾ അടുത്തുണ്ടായിരുന്നെങ്കിൽ എന്നു ഭർത്തൃഗൃഹത്തിൽ ആയിരിക്കുന്ന ഏതൊരു പെണ്കുട്ടിയും ആഗ്രഹിച്ചു പോകുന്നു. ഇതൊക്കെ ഇന്നിന്റെ നേർക്കാഴ്ച. നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം, അതോടൊപ്പം ഇത്തരം കാടത്തത്തിന് കൂട്ടു നിൽക്കില്ല എന്ന പ്രതിജ്ഞയുമെടുക്കാം.
ജെ. പി വെണ്ണിക്കുളം


- Advertisement -