അടുത്ത 24 മണിക്കൂറിനുള്ളില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെടും; തെക്കന്‍ കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു രാവിലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പ്. മെയ് 26ന് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ ഒഡീഷ തീരങ്ങളിലൂടെ കടന്നുപോകും. ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. ഒഡീഷയിലെ 30 ജില്ലകളില്‍ 14 ഇടത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിഴക്കന്‍ തീരങ്ങളായ ആന്ധ്രാ പ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കേന്ദ്രം അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 – 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.