ചെറു ചിന്ത: ഇനി എന്ത്? | ആന്‍സി അലക്സ്
ആശകൾ അസ്തമിക്കുമ്പോൾ സ്വപ്നങ്ങൾ മങ്ങി തുടങ്ങുമ്പോൾ മനുഷ്യൻ “നിരാശ”എന്ന പടുകുഴിയിലേക്ക് മുങ്ങി താഴ്ന്നു.ആ അവസ്ഥയിലൂടെ സഞ്ചരിക്കേണ്ടി വരുന്നവർ ഒരുപാട് പേരുണ്ട്. തികച്ചും അസ്വസ്ഥതയും വേദനയും അനുഭവിക്കുന്ന ഒരു സമയം ആരാലും സഹായിക്കാൻ കഴിയാത്ത ഒരു നിമിഷം.
എന്നാൽ വചനം ഇപ്രകാരം പറയുന്നു “നിന്റെ ഭാരം യഹോവയുടെ മേൽ വച്ചു കൊൾക അവൻ നിന്നെ പുലർത്തും” (സങ്കീർത്തങ്ങൾ 55:22).അതുപോലെ, യേശുകർത്താവ്, മത്തായി സുവിശേഷത്തിൽ ഇപ്രകാരം പറയുന്നു “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ,എല്ലാവരും എന്റെ അടുക്കൽ വരുവിൻ;ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”(മത്തായി 11:28).ഇത്രയും മനോഹരമായൊരു വാഗ്ദത്തം നൽകാൻ ലോകത്ത് ആർക്കും കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. കാരണം മനുഷ്യർ ബലഹീനരാണ്, എന്നാൽ ബലവനായ ദൈവത്തിനു മാത്രമേ നമ്മെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഒപ്പം സ്നേഹിക്കാനും കഴിയൂ.
നിരാശകൾ ജീവിതത്തിൽ വരുമ്പോൾ മനുഷ്യൻ തന്റെ സുന്ദരമായ നിമിഷങ്ങൾ മറന്നിട്ട് ജീവിതം അവസാനിപ്പിക്കുന്നു. പലരും “ഇനി എന്ത്”? എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്നു. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഒരേ ഒരു മറുപടി “യേശുക്രിസ്തു” മാത്രം. തനിക്ക് മാത്രമേ ഇത്തരം ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി തരാൻ സാധിക്കൂ.
ജീവിത പ്രശ്നങ്ങൾക്ക് മുൻപിൽ തലകുനിക്കുന്നതിനു പകരം ഒരു നിമിഷം ചിന്തിക്കുക 1പത്രോസ് 5: 7 “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ”ലോകത്ത് ആർക്കും തരാൻ കഴിയാത്ത നല്ലൊരു വാഗ്ദത്തം.
കൂടെ ഉണ്ടാകുമെന്നു വാക്കു തന്നവർ ഏറെയാണ്. എന്നാൽ ഒറ്റപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒന്നു തിരിഞ്ഞു നോക്കുക, ആരൊക്കെ ഉണ്ടായിരുന്നു കൂടെ? ജീവനു തുല്യം സ്നേഹിച്ച മാതാവോ പിതാവോ കൂടപ്പിറപ്പുകളോ കൂട്ടുകാരോ? ആരും കാണില്ല. മറിച്ചു എന്തൊക്കെ പ്രതിസന്ധികൾ അലയടിച്ചാലും, ഏതു സാഹചര്യത്തിലും കൂടെ നിൽക്കുന്ന ഒരുവൻ മാത്രം “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോട് കൂടെയുണ്ട്; ഭ്രമിച്ചു നോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും;ഞാൻ നിന്നെ സഹായിക്കും;എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും. (യെശയ്യാവു 41:10).മാത്രമല്ല യഥാർത്ഥ സ്നേഹം നമുക്കിടയിൽ പ്രദർശിപ്പിച്ചവൻ “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോട് കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല” (യെശയ്യാവു 49:15).ഇത്രയും പോരെ നമ്മുടെ ഈ കൊച്ചു ജീവിതം സന്തോഷത്തോടെ മുന്നോട്ടു നയിക്കാൻ.
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ നമ്മെ സ്നേഹിക്കുന്ന ദൈവത്തെ ഇനി മുതൽ നമുക്കും സ്നേഹിക്കാം.ഏതു പ്രശ്നത്തിന്റെ നടുവിലും അവനെ മാത്രം ആശ്രയിക്കാം “മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതു” (സങ്കീർത്തനങ്ങൾ118:8).
ആൻസി അലക്സ്



- Advertisement -