അനുസ്മരണം: പാസ്റ്റര്‍ പി.എ.വി സാമിനെക്കുറിച്ചുള്ള ചില ഓർമ്മകൾ
പുതുപ്പള്ളി ദൈവസഭയിൽ ശക്തമായ ആത്മീയ ഉണർവിൽ ആയിരിക്കുന്ന സമയം. അന്ന് ഞങ്ങൾ സ്വതന്ത്രമായി നിൽക്കുകയാണ്. 1965ഇൽ ഞങ്ങൾ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയോട് ചേരാൻ തീരുമാനിച്ചു. ഞാനും അച്ചനും (കാനം അച്ചൻ) ചേർന്ന് മുളക്കുഴ പോയി നേതൃത്വത്തോട് സംസാരിക്കാനും അവരുടെ ഉപദേശങ്ങൾ പഠിക്കാനും ആഗ്രഹിച്ചു. അന്ന് ഓവർസിയർ ആയിരുന്നത് വിശുദ്ധനായ പാസ്റ്റർ പി.സി. ചാക്കോ സർ ആയിരുന്നു. ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു. അങ്ങനെ സഭയോട് ചേരുവാൻ തീരുമാനിച്ചു. ഓവർസീർ പുതുപ്പള്ളിയിൽ വന്ന് ഞങ്ങളെ സ്വീകരിക്കുവാൻ ഒരു തിയതി കുറിച്ചു. അന്ന് സഭയിൽ നൂറിലധികം വിശ്വാസികൾ വന്നിരുന്നു. ഞാൻ എല്ലാവരെയും നിയന്ത്രിച്ചു. ആരും ശബ്ദം ഉണ്ടാക്കരുത് അവർ എന്ത് പറയുന്നു എന്ന് നമ്മുക്ക് കേൾക്കണം എന്ന് പറഞ്ഞു. എല്ലാവരും അനങ്ങാതെ ഇരുന്നു. അപ്പോൾ മുളക്കുഴയിൽ നിന്നും റവറന്റ് പോസ്പിസിൽ സായിപ്പ്, പാസ്റ്റർ പി.സി. ചാക്കോ സാർ, പാസ്റ്റർ പി.എ.വി സാംകുട്ടി സാർ, ഇവർ മൂന്നുപേരും വന്നു. ഞങ്ങൾ അവരെ ദൂതന്മാരെ പോലെ സ്വീകരിച്ചു. പ്രാർത്ഥന ആരംഭിച്ചു. അതിന് ശേഷം ഒരു പാട്ട് പാടിയപ്പോൾ ദൈവത്തിന്റെ അത്യന്ത ശക്തി എന്റെമേൽ ഇറങ്ങി. ജനം എല്ലാം ഈ അത്യന്ത ശക്തിയിൽ ആരാധിച്ചുകൊണ്ടിരുന്നു. മണിക്കൂറുകൾ തേജസ്സിൽ നിറഞ്ഞിരുന്ന അവസ്ഥയിൽ ഞാൻ ദൂത് സംസാരിക്കാൻ തുടങ്ങി. ആ സമയം ദൈവദാസന്മാർ മൂവരും എഴുന്നേറ്റ് വന്ന് എന്റെ തലയിൽ കൈവച്ച് പൗലോസിനെയും ശീലാസിനെയും കൈവച്ചതുപോലെ അനുഗ്രഹിച്ച് കർത്താവിന്റെ വേലക്കാരനായി എന്നെ നിയോഗിച്ചു. പി.എ.വി സാർ എന്നോട് ശക്തമായി ദൂത് അറിയിച്ചു. അത് ഇന്നുവരെയും എന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ആദ്യമായി കണ്ട് ഞങ്ങൾ പരിചയപ്പെട്ടു.
പ്രസിദ്ധമായ “സീബ” മെഡിക്കൽ കമ്പനിയുടെ സൗത്ത് ഇന്ത്യൻ മാനേജരായി പ്രവർത്തിക്കുമ്പോൾ താൻ കോട്ടയത്ത് ആയിരുന്നു താമസം. പലപ്പോഴും പുതുപ്പള്ളിയിൽ വന്ന് അനുഗ്രഹിക്കപ്പെട്ട ശുശ്രുഷ ചെയ്യുമായിരുന്നു. ആ കാലത്ത് ഞങ്ങൾ വളരെ അടുത്തു. ഒരു ദിവസം ഞാനും പി.എ.വി സാറും കൂടി വളരെ സമയം പ്രാർത്ഥിച്ചു. അത് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു നമുക്ക് ഒരു ക്രൂസെഡ് ആരംഭിച്ചാൽ എന്താ! ഞാൻ അനുകൂലിച്ചപ്പോൾ തനിക്ക് സന്തോഷമായി. അങ്ങനെ ആരോടും പിരിവെടുക്കാതെ ഞങ്ങളുടെ കൈയിൽ നിന്നും പണം ചെലവിട്ട് ക്രൂസെഡ് നടത്താം എന്ന് തീരുമാനിച്ചു. ബഥേസ്ഥ ക്രൂസെഡ് എന്ന് പേരിട്ടു. പാസ്റ്റർ പി.എ.വി ഡയറക്ടറും ഞാൻ അസിസ്റ്റന്റ് ഡയറക്ടറും ഞങ്ങൾക്ക് പ്രിയപ്പെട്ട പാട്ടാശേരിയിൽ ജോർജ്കുട്ടിയെ സെക്രട്ടറി ആയും ഈരയിൽ ചെറിയാനെ ട്രെഷററായും കൂട്ടി ചേർത്തു. കൂടാതെ പ്രവർത്തനത്തിന്റെ നടത്തിപ്പിനായി ബ്രദർ ഐ.ചെറിയാൻ പുളിക്കൽ, സീബ ബാബു, പാസ്റ്റർ എം. കുഞ്ഞപ്പി, പി.ജി മാത്യൂസ്, ജോസ് ബേബി, എം കുഞ്ഞുമ്മൻ, ഈപ്പൻ ചെറിയാൻ, കെ.വി ജോയിക്കുട്ടി, എന്നിവരെ ഓർഗനൈസെഴ്സ് ആയും തിരഞ്ഞെടുത്തു. എറണാകുളം, കോട്ടയം, ചപ്പാത്ത്, വെച്ചുചിറ, കൊല്ലം, പുത്തൻകാവ്, വെണ്ണിക്കുളം, ഇടുക്കി, എസ്.എൻ പുരം, ഭരണിക്കാവ് എന്നിവിടങ്ങളിൽ ക്രൂസെഡുകൾ നടത്തി. ഒടുവിൽ പി.എ.വിയും തലേന്ന് ഞാനും പ്രസംഗിക്കുമായിരുന്നു. ശുശ്രുഷ നടന്ന ഇടത്തെല്ലാം വലിയ ഉണർവും വിടുതലും കണ്ട് ഞങ്ങൾ ദൈവത്തെ സ്തുതിച്ചു. പാസ്റ്റർ പി.എ.വി ശുശ്രുഷയിൽ എല്ലാം തീപന്തം ആയിരുന്നു. അവിടുത്തെ സഭകളെല്ലാം വേഗത്തിൽ വളർന്നു. എന്നാൽ ദുഃഖത്തോടെ പറയട്ടെ പ്രതീക്ഷിക്കാത്ത ചില പ്രതിസന്ധികൾ നിമിത്തം 1973ഇൽ ഭരണിക്കാവിൽ വച്ച് ഞാൻ തന്നെ ക്രൂസെഡ് പിരിച്ചു വിടേണ്ടി വന്നു. ഇതിനിടയിൽ അടൂർ മിത്രപുരത്ത് ഞങ്ങൾ ഒന്നിച്ചുകൂടി ആലോചിച്ച് ബഥേസ്ഥ വോയ്സ് എന്ന പേരിൽ മാസിക പുറത്തിറക്കി.
കൊട്ടാരക്കര സ്റ്റേറ്റ് കൺവൻഷൻ നടക്കുമ്പോൾ ഇവാഞ്ചലിസം ഡയറക്ടർ എന്ന നിലയിൽ ശനിയാഴ്ച രാത്രി പ്രസംഗം തനിക്ക് ആയിരുന്നു. താൻ പ്രസംഗം ആരംഭിച്ചു. ഞാൻ ആയിരുന്നു അന്ന് ഏറ്റുപറഞ്ഞത്. അല്പസമയത്തിനുള്ളിൽ ഉരുൾ പൊട്ടിയതുപോലെ വലിയ ഒരു പ്രവാഹം ജനത്തിനിടയിലേക്ക് ഒഴുകി. സർവ നിയന്ത്രങ്ങളും വിട്ടു. പന്തലും ഇരിപ്പിടങ്ങളും അഭിഷേകം പ്രാപിച്ചോ എന്ന് തോന്നിപ്പോയി. തന്റെ വായിൽ നിന്ന് തീക്കനലുകൾ വാരി എറിയുന്നു എന്ന് തോന്നുമാറ് ശക്തി വ്യാപരിച്ചു. ആ സംഭവം വർണിക്കാൻ എനിക്ക് കഴിയുന്നില്ല. ശാന്തം ആയപ്പോൾ ഒരു പോസ്റ്റ്മാസ്റ്റർ സ്റ്റേജിൽ വന്ന് എന്നോട് പറഞ്ഞു ഇനി ഒരിക്കലും നിങ്ങൾ രണ്ടുപേരും ഒന്നിച്ച് സ്റ്റേജിൽ കയറരുത്. പ്രിയമുള്ളവരേ ആ വാക്ക് അക്ഷരം പ്രതി സംഭവിച്ചു. ഒന്ന് ഞാൻ പറയാം, ഒരു കാലഘട്ടത്തിൽ ദൈവം ഉപയോഗിച്ച അതികായനായ ഒരു മിഷനറി ആയിരുന്നു അദ്ദേഹം.
ദൈവസഭയുടെ ഓവർസീയർമാരിൽ ശക്തനായ അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാൾ ആയിരുന്നു അദ്ദേഹം. 1988ഇൽ അദ്ദേഹം ഓവർസീർ ആയി. ദൈവ സഭയുടെ വെസ്റ്റ് ഏഷ്യൻ സൂപ്രണ്ട് ആയി ആദ്യം ഒരു മലയാളി ഉയർത്തപ്പെട്ടത് താൻ ആയിരുന്നു. ഇന്ന് കാണുന്ന പ്രഗത്ഭരായ പല ദൈവദാസന്മാരെയും വളർത്തിയത് താൻ ആയിരുന്നു. അദ്ദേഹം എന്നെ വളരെ സ്നേഹിച്ചിരുന്നു. ഇവാഞ്ജലിസം ഡയറക്ടർ ആയി അവറാച്ചനെ ആക്കണം എന്ന് എനിക്ക് താത്പര്യം ഉണ്ട് എന്ന് പല പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. പ്രാർത്ഥിച്ച് പറയാം എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. സഭയിൽ ഉണ്ടായ ഭിന്നതമൂലം മാറിപ്പോയ ഗ്രൂപ്പിൽ ഞാനും മാറിയത് അദ്ദേഹത്തിന് ഭാരം ഉണ്ടാക്കിയിട്ടുണ്ട്. തന്റെ പ്രിയപുത്രനായ റജിയുടെ വേർപാട് ഉൾപ്പെടെ വളരെ തിക്താനുഭവങ്ങളിൽ കൂടിയാണ് താൻ യാത്ര ചെയ്തത്. എല്ലാറ്റിനും തളർന്നുപോകാതെ ദൈവം കാത്ത് 85ആം വയസ്സുവരെ നിർത്തിയ ദൈവത്തെ സ്തുതിക്കുന്നു. ഒരു കാര്യം എഴുതട്ടെ, ഞാനും അദ്ദേഹവും ഒരേ പ്രായക്കാരും ആണ്. വേദനകളും രോഗങ്ങളും താഴ്ചകളും വിമർശങ്ങളും ഇല്ലാത്ത നിത്യഭവനത്തിൽ തന്നെ ചേർത്ത ദൈവത്തിന് മഹത്വം അർപ്പിച്ച്കൊണ്ട് പ്രത്യാശയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന പ്രത്യാശയോടെ ഈ ഓര്മക്കുറിപ്പ് നിർത്തുന്നു.
പാസ്റ്റർ പി.സി ഏബ്രഹാം, ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്റർ




- Advertisement -