കെ.പി.സി.സി ജനറൽ സെക്രട്ടറിയായി അഡ്വ. വിഎസ് ജോയി നിയമിതനായി
തിരുവനന്തപുരം: അഡ്വ. വിഎസ് ജോയി ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായി. ചരിത്രത്തിലാദ്യമായി പെന്തെക്കൊസ്ത് സമൂഹത്തിൽ നിന്നും കേരളത്തിലെ പ്രധാന വിദ്യാർത്ഥി – രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക സ്ഥാനത്ത് എത്തിയ അഡ്വ. വിഎസ് ജോയി നിലമ്പൂർ പോത്തുകല്ല് സ്വദേശിയാണ്.
എരുമമുണ്ട നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന കാലത്താണ് കെ.എസ്.യുവിൽ സജീവമായത്. ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ നിന്നും ഡിഗ്രി പഠനവും, കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി. എം.എസ്.ഡബ്ലിയു പെരിന്തൽമണ്ണ എസ്.എൻ.ഡി.പി കോളേജിൽ നിന്നും പൂർത്തിയാക്കി. 2001 ൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച്, തുടർന്ന് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 2012 മുതൽ 17 വരെ കെ.എസ്.യുവിന്റെ അമരക്കാരനായി. ആ കാലഘട്ടം കെ.എസ്.യുവിന്റെ പ്രതാപം തിരിച്ചു പിടിച്ചു കൊണ്ടുള്ള തേരോട്ടമായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെതിരെ മൽസരിച്ച യു.ഡി.എഫിന്റെ ഏറ്റവും പ്രായം കുറിഞ്ഞ സ്ഥാനാർത്ഥിയുമായി.
കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിൽ കെ.പി.സി.സി പ്രചാരണ സമിതിയുടെ കൺവീനറായും പ്രവർത്തിച്ചിരുന്നു. ജോയി നിലവിൽ കെ.പി.സി.സി മെമ്പറാണ്. മികച്ച വാഗ്മിയും ആദർശ ശുദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തനം കൊണ്ട് പ്രശംസ നേടുകയും ചെയ്ത അദ്ദേഹം പോത്തുകല്ല് ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗമാണ്. സഭാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ജോയി നിലമ്പൂർ വെള്ളിമുറ്റത്തു കർഷകനായ വലിയപാടത്ത് വി.എ സേവ്യറിന്റെയും മറിയാമ്മ സേവ്യറിന്റെയും മകനാണ്. ഡോ ലയ ജോയിയാണ് ഭാര്യ. ഏക മകൾ ഈവ്‌ലിൻ എൽസ ജോയി.