ലേഖനം: കണ്ണി അകന്നുപോയ സ്നേഹം | രാജൻ പെണ്ണുക്കര, മുംബൈ

ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞിട്ട് കാര്യത്തിലേക്ക് കടക്കാം. ഇന്നു ലോകത്ത് വിവിധ മേഖലകളിലുള്ള  സർവകലാശാലകളുടെയും  പാഠശാലകളുടെയും കിടപ്പിടിച്ച  മത്സരങ്ങൾ തന്നെ നാം കാണുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും നല്ല പാഠശാല  നമ്മുടെ ജീവിതവും, ഏറ്റവും വലിയ ഗുരു (Teacher, അദ്ധ്യാപകന്‍) സ്വന്തം  അനുഭവങ്ങളും ആണെന്ന് പറഞ്ഞാൽ നിഷേധിക്കനാകുമോ????.

ലോകത്തെ എല്ലാ വിദ്യാലയങ്ങളിലും ആദ്യം  സിദ്ധാന്തം (Theory) പഠിപ്പിച്ചിട്ട് അവയെ പ്രയോഗികം (Practical) ആക്കാൻ ശ്രമിക്കുന്നു. എന്നാൽ നമ്മുടെ ജീവിതമാകുന്ന പാഠശാലയിൽ പ്രവർത്തിപദത്തിൽ വന്ന അനുഭവങ്ങൾ (Practical) എന്ന ഗുരുവിൽ നിന്നും നന്നായി പലതും പഠിച്ചു പഠിച്ചു നാം മുന്നേറുന്നു. അപ്പോൾ അങ്ങനെയുള്ള പാഠശാലയിൽ നിന്നും പഠിച്ച പാഠങ്ങളെ  ആർക്കും തെറ്റെന്നു പറയാനോ,  നിഷേധിക്കാനോ സാധിക്കുകയില്ല.

ഇനിയും കാര്യത്തിലേക്ക് കടക്കാം. നാം സാധാരണ പറഞ്ഞു കേൾക്കാറുണ്ട്  രക്തത്തിന് വെള്ളത്തെക്കാൾ കട്ടിയുണ്ടെന്നും, രക്തബന്ധങ്ങൾ എത്രനാൾ കഴിഞ്ഞാലും, എവിടെവച്ചു കണ്ടാലും പെട്ടെന്നു തിരിച്ചറിയും എന്നും മറ്റും. എത്രയോ അർത്ഥവത്തായ വാക്കുകൾ.

നമ്മുടെ ജീവിതത്തിൽ,  നമുക്കുചുറ്റും പല തരത്തിലും,  വ്യാപ്തിയിലും ഉള്ള ബന്ധങ്ങൾ കാണാറുണ്ട്. എന്നാൽ അവയിൽ എടുത്തു പറയേണ്ടിയ ചില ബന്ധങ്ങൾ താഴെ പറയുന്നവയല്ലേ?.
രക്ത ബന്ധവും
ആത്മീക ബന്ധവും
സുഹൃദബന്ധവും

ബന്ധങ്ങളുടെ വലിപ്പമോ ആഴമോ അല്ല വിഷയം,  മറിച് എത്ര നാൾ ബന്ധങ്ങൾ  നിലനിൽക്കുന്നു എന്നതാണ് മുഖ്യം.

ആദ്യത്തെ ബന്ധം ജന്മനാലഭിക്കുന്നു.
അതുകൊണ്ട് രക്തബന്ധം ഇന്നല്ലെങ്കിൽ നാളെ പരസ്പരം തിരിച്ചറിയും അവർ ഒന്നായി തീരും.. അതു പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമം. അവരെ വേർപിരിക്കാൻ സാധ്യമല്ല. കാരണം രക്തത്തിന് വെള്ളത്തെക്കാൾ കട്ടിയുണ്ട്, രക്തബന്ധങ്ങൾ പെട്ടെന്നു എല്ലാം മറക്കും,  പൊറുക്കും.

എന്നാൽ മറ്റുള്ളവ നമ്മുടെ ജീവിതത്തിൽ നാം നേടുന്ന വിലയേറിയ  സമ്പാദ്യങ്ങൾ ആകുന്നു. സമ്പാദ്യങ്ങൾ ഒരിക്കലും സ്ഥായിയായി നിലനിൽക്കണമെന്നില്ല. നാം അതിനെ എങ്ങനെ കരുതി കാത്തു സൂക്ഷിക്കുന്നു എന്നതിലാണ് അതിന്റ വിജയരഹസ്യം.

എല്ലാ ബന്ധങ്ങളെയും നിലനിർത്തുന്ന വിവിധ ഘടകങ്ങൾ ഉണ്ട് എന്നതല്ലേ വാസ്തവം. അതിലെ പല ഘടകങ്ങളും  ബന്ധങ്ങൾക്ക് വേണ്ടുന്ന കെട്ടുറപ്പ് നൽകുന്നുണ്ടെങ്കിലും, ബന്ധങ്ങളെ ഒരിക്കലും ഇളകി പോകാതെ അരക്കിട്ട് ഉറപ്പിച്ചു നേരെ നിർത്തുന്ന ഏറ്റവും പ്രധാന ഘടകം സ്നേഹം തന്നേയാകുന്നു.

ഏതു വൻമരത്തേയും  നേരെനിറുത്തി അതിനു വേണ്ടുന്നതെല്ലാം നൽകി വളർത്തുന്നത്  അതിന്റെ നാരായവേര് (Taproot) ആകുമ്പോൾ എല്ലാ ബന്ധങ്ങളുടെ തായ് വേര് അഥവാ നാരായവേര്  സ്നേഹമാണെന്നു പറയുന്നതിൽ തെറ്റില്ലഎന്നു തോന്നുന്നു.

എന്നു നാരായവേരിന് ക്ഷതം സംഭവിക്കുന്നുവോ അന്നുമുതൽ മരത്തിന്റെ ജീവനും വളർച്ചക്കും ഭീഷണിയായി മാറുന്നതുപോലെ,  സ്നേഹം കുറഞ്ഞു പോയാൽ, ആവേര് ഒന്ന് മുറിഞ്ഞാൽ,  അല്ലെങ്കിൽ അറ്റുപോയാൽ ബന്ധങ്ങളുടെ അവസ്ഥ എന്താകും എന്നു ചിന്തിച്ചിട്ടുണ്ടോ?.

ദൈവവചന പ്രകാരം ഈ സ്നേഹത്തിന്റെ ചില പ്രതേകതകൾ ഒന്നു നോക്കിയിട്ട് മുൻപോട്ടു പോകാം. പൗലോസ് അപ്പോസ്തോലൻ പറയുന്നു..
ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. അവിടെ ഒത്തിരി കാര്യങ്ങൾ വളരെ ഗൗരവത്തോടെ വിശദീകരിച്ചു പറഞ്ഞിട്ട്, മൂന്നു പ്രധാന വിഷയങ്ങൾ  ഊന്നി പറയുന്നു വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിൽക്കുന്നു; എന്നാൽ ഇവയിൽ വലിയതോ സ്നേഹം തന്നേസ്നേഹത്തിനു പകരം വക്കാൻ വേറൊന്നില്ല എന്നു പറഞ്ഞുകൊണ്ട് ആഭാഗം തല്ക്കാലം നിർത്തുന്നു…..

അതേ ഏറ്റവും വലിയത് സ്നേഹം തന്നേ. ആ സ്നേഹം എങ്ങയുള്ളതാകണം:-
നിസ്വാർത്ഥമാകണം
നിർവ്യാജമാകണം
നിഷ്കളങ്കമാകണം
നിർദോഷമാകണം

ഈ സ്നേഹത്തിനു എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന പരിണിത ഫലങ്ങളെകുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ. യഥാർത്ഥത്തിൽ സ്നേഹത്തിനു  എന്താണ് സംഭവിക്കുന്നത്?
സ്നേഹത്തിനു ജാരണം സംഭവിക്കുന്നു
സ്നേഹം തുരുമ്പെടുത്തു പോകുന്നു
സ്നേഹം ക്ലാവ് പിടിച്ചു പോകുന്നു
സ്നേഹത്തിന്റെ കണ്ണികൾ അകന്നു മുറിഞ്ഞു പോകുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് ടെലിവിഷൻ പ്രചാരത്തിൽ വന്ന സമയത്ത് അലുമിനിയം ആന്റിന നാം വീടിന്റ മുകളിൽ വച്ചിരുന്നു കലങ്ങൾ ഓർമ്മയിൽ വരുന്നുണ്ടാകും. പലപ്പോഴും മഴക്കാലം കഴിഞ്ഞാൽ ആന്റിന പ്രവർത്തന രഹിതം ആകും. അപ്പോൾ നാം  അതിനെ അഴിച്ചെടുത്തു അതിലെ ജാരണം (Oxidation) എല്ലാം ഉരച്ചു നീക്കം ചെയ്തു ഫിറ്റ്‌ ചെയ്യുമ്പോൾ ടെലിവിഷൻ പ്രവർത്തനയോഗ്യമാകും. എന്നുവരെ അതിലെ ജാരണം നീക്കുന്നില്ലയോ അന്നുവരെ അതിന്റെ സാറ്റലൈറ്റ്  ആയിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. പല ബന്ധങ്ങളും ഇന്നു വിച്ഛേദിക്കപ്പെട്ടതിനു കാരണം സ്നേഹത്തിനു ജാരണം സംഭവിചതുകൊണ്ടാകുന്നു.

ആദ്യത്തെ മൂന്നു കാര്യങ്ങൾ പല വിലപിടിപ്പുള്ള ആഭരണങ്ങളിൽ  പരിസ്ഥിതിയിലെ  രാസപ്രവർത്തനത്താൽ സംജാതമാകുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന സ്ഥിതിവിശേഷം ആണ്. അങ്ങനെ ഒരു സ്ഥിതിവിശേഷം വന്നാൽ  നമുക്ക് അതിനെ വേണമെങ്കിൽ  പൂർവ സ്ഥിതിയിൽ പല പ്രക്രിയയിൽ കൂടി കടത്തിവിട്ട്  നല്ല വെട്ടി തിളങ്ങുന്ന  അവസ്ഥയിൽ ആക്കിയെടുക്കാൻ സാധിക്കുമായിരിക്കും. ദൈവമക്കളെ ഒരു കാര്യം ഓർമയിൽ വക്കുക,  ഒരിക്കൽ ഇതിന്റെ കണ്ണി അകന്നു പൊട്ടി പോയാൽ,  അതിനെ പൂർവ സ്ഥിതിയിൽ എത്തിക്കാൻ വലിയ ബുദ്ധിമുട്ടാണ്. നാം അതിനെ എങ്ങനെ കൂട്ടി  ചേർത്താലും ഒരു നേരിയ വ്യത്യാസം കാണുവാൻ സാധിക്കും.. എത്ര സൂക്ഷ്മതയോടെ ചെയ്തെടുത്താലും അതിന്റെ പ്രഥമമായ (originality) അവസ്ഥയിൽ വരുവാൻ പ്രയാസമാണ്. അതേ,  ഏച്ചുവെച്ചാൽ മുഴച്ചിരിക്കും
എന്നു പിതാക്കന്മാർ പറഞ്ഞത് എത്രയോ സത്യം.

ഇതുപോലെയാണ് എല്ലാ മനുഷ്യരും….. അവരുടെ സ്വന്തം നിലനിൽപ്പിനും പദവികൾക്കും വേണ്ടിയും,  പല സാഹചര്യങ്ങളുടെയും സമർദ്ദം മൂലം പലപ്പോഴും സ്നേഹത്തിന്റെ കണ്ണികൾ മുറിച്ചു കളയാറുണ്ട്.

എന്നാൽ അനുഭവം എന്ന ഗുരു പഠിപ്പിക്കുന്നത് പിന്നീട് അതിനെ വിളക്കി യോജിപ്പിക്കാൻ ശ്രമിക്കുന്നത്  വളരെ കഠിനമായ പ്രയത്നം  തന്നെ. അല്ല,  എത്ര സൂക്ഷ്മതയോടെ യോജിപ്പിച്ചാൽ തന്നെയും അതിനെ  ഒരിക്കലെങ്കിലും  പൂർവ്വവസ്ഥയിൽ ആക്കി എടുക്കാൻ സാധിക്കുന്നുണ്ടോ?. ഒരു സ്വയപരിശോധന നടത്തേണ്ടിയ ആവശ്യം വന്നിരിക്കുന്നു. നമ്മുടെ സ്നേഹമാകുന്ന ചങ്ങലയുടെ കണ്ണികൾ ക്ലാവ് പിടിക്കാതെ, തുരുമ്പെടുക്കാതെ, ഒടുക്കം കണ്ണികൾ അകന്നു പൊട്ടിപോകാതെ എല്ലാ ബന്ധങ്ങളെയും കാത്തുസൂക്ഷിക്കാം.

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വിലയുള്ള  സമ്പാദ്യങ്ങൾ  കുറേ നല്ല ബന്ധങ്ങളും കുറേ നല്ല ഓർമ്മകളും  മാത്രം….നാളെ നമ്മേ സ്മരിക്കുവാൻ  ചില നല്ല  ഓർമ്മകൾ ബാക്കി വച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ജീവിതം ധന്യമായി.. അല്ലാതെ ആരും ഒന്നും കൊണ്ടു പോകുന്നില്ല..

(രാജൻ പെണ്ണുക്കര,  മുംബൈ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply