ഭാവന: കൊറോണയുമായി ഒരിത്തിരി സംഭാഷണം | ദീനാ ജെയിംസ്, ആഗ്ര
വളരെനാളുകളായി മനസ്സിൽ ഉടലെടുത്ത ആഗ്രഹമായിരുന്നു മനുഷ്യരാശിയെ മുഴുവൻ ദുരിതതിലാഴ്ത്തിയ വില്ലൻ വൈറസുമായി ഒന്നു സംസാരിക്കണമെന്ന്. നേരിട്ടുള്ള കൂടിക്കാഴ്ച ആരോഗ്യത്തിന് ഹാനികരമായതുകൊണ്ട് എങ്ങനെയെങ്കിലും ഫോൺനമ്പർ കണ്ടുപിടിക്കാനുള്ള ശ്രമമാരംഭിച്ചു. വളരെ പ്രയാസപ്പെട്ടാണ് നമ്പർ സംഘടിപ്പിച്ചത്. ചോദ്യങ്ങളുടെ ഒരു വലിയ കൂമ്പാരംതന്നെഉണ്ടായിരുന്നു കൊറോണയോട് ചോദിക്കാൻ. ഏതായാലും നമ്പർ ഡയൽ ചെയ്തു. കുറെ നേരത്തിനു ശേഷമാണ് കണക്ട് ആയത്. “ഹലോ “എന്ന ഗാഭീര്യസ്വരം അങ്ങേതലയ്ക്കൽ കേട്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന എന്റെ ധൈര്യമൊക്കെചോർന്നുപോകുന്നതുപോലെ തോന്നി. ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു കൊറോണ വൈറസ് അല്ലെ? അതെ, അതേ.. പറഞ്ഞോളൂ ആരാ സംസാരിക്കുന്നത്? സ്ഫുടതയോടെ മലയാളം പറയുന്നത് കേട്ടപ്പോൾ ഇവൻ ചൈനയിൽ നിന്നു തന്നെയാണോ എന്ന് ഞാൻ ചിന്തിച്ചുപോയി. എന്റെ വിളിയുടെ ഉദ്ദേശ്യം മനസിലാക്കിയിട്ടേന്നപോലെ കൊറോണ പറയാൻ തുടങ്ങി :ഞാൻ കൊറോണ എന്ന് നിങ്ങൾ വിളിക്കുന്ന കോവിഡ് 19.ചുരുങ്ങിയ സമയം കൊണ്ട് അനേകരെ മരണത്തിലേക്ക് നയിച്ച, അനേകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ, തീരാനഷ്ടങ്ങളിലേക്ക് നയിച്ച വില്ലൻ… ഒന്നും സ്വയമല്ല. സകലസൃഷ്ടി യുടെ സൃഷ്ടാവും സകലത്തിനും കാരണഭൂതനുമായവൻ കല്പിച്ചാക്കിയതാ എന്നെ. അവന്റെ വാക്ക് എനിക്ക് അനുസരിക്കാതിരിക്കാൻ കഴിയുമോ? നിങ്ങൾ മനുഷ്യരുടെ കണ്ണുനീർ കാണുമ്പോൾ എന്റെ ഹൃദയം തകർന്ന് പോകാറുണ്ട്. ഇടയ്ക്ക് ഞാൻ ദൈവത്തോട് ചോദിച്ചതാ :മതി കർത്താവേ, നിന്റെ സൃഷ്ടികളല്ലേ ഇവർ..ഇങ്ങനെ വേദനിപ്പിക്കാമോ എന്ന്. ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
ഇത്രയുമൊക്ക കേട്ടുകഴിഞ്ഞപ്പോൾ വില്ലൻഎന്ന്കരുതിയിരുന്ന വൈറസിനോടുള്ള ദേഷ്യമൊക്കെ കുറഞ്ഞതുപോലെ. ചോദിക്കാൻകരുതിയിരുന്ന പല ചോദ്യങ്ങളും ചോദിക്കേണ്ട എന്ന് തോന്നി. ഒന്നു മാത്രം ചോദിച്ചു :എന്നുവരെ ഉണ്ടാകും ഭൂമിയിൽ?? അതിനും കിട്ടി വൈറസിന്റെ മറുപടി :ഒരു നിശ്ചയയവുമില്ല. ഇങ്ങോട്ട് അയച്ചവൻ പറയുന്നത് വരെ എനിക്കിവിടെ കഴിഞ്ഞേ പറ്റൂ. അതുകൊണ്ട് എന്നെ പ്രതിരോധിക്കാനുള്ള എല്ലാസുരക്ഷാസംവിധാനങ്ങളും ഉപയോഗിക്കുവാൻ മറക്കരുത്. എനിക്കതു മാത്രമേ പറയാൻ കഴിയു.
ഒരു വിധത്തിൽ പറഞ്ഞാൽ കൊറോണയുമായി സൗഹൃദത്തിലായി.സംസാരം നീണ്ടു പോയി.
ഭൂമിയിലേക്കുവരാനുള്ള ഉത്തരവ് ലഭിച്ചപ്പോൾ വളരെ സന്തോഷിച്ചു ഞാൻ. പക്ഷേ ഇങ്ങയൊരു സംഹാരത്തിനാണെന്ന് കരുതിയിരുന്നില്ല. ഭൂമിയിൽ പലവിധത്തിലുള്ള മനുഷ്യരെ കാണാൻ കഴിഞ്ഞു. അതിൽ എന്നെ അത്ഭുതപെടുത്തിയത് ഈ സാഹചര്യങ്ങൾ ഒക്കെ വന്നിട്ടും പഠിക്കാത്തചിലകൂട്ടരെ കാണുമ്പോൾ ആണ്. നീയല്ല നിന്നെപോലെ പത്തുപേർ വന്നാലും ഞങൾ നന്നാവില്ല എന്ന ഭാവം. അഹംഭാവവും തമ്മിൽതല്ലും ഒക്കെയായി പോകുന്ന കുറെമനുഷ്യർ… ഇനിയെങ്കിലും ഇവർക്കൊന്ന്നന്നായിക്കൂടെ?? വൈറസിന്റെ വാക്കുകൾ കേട്ട എനിക്ക് ലജ്ജ തോന്നി. സത്യമല്ലേ, എന്നാ നമ്മൾ ഇനി നന്നാകുന്നേ? ഞാൻ ആ ഇത്തിരിക്കുഞ്ഞന്റെ മുന്നിൽ ഒന്നുമല്ലാത്തതു പോലെ…. ഫോൺ വയ്ക്കുന്നതിനു മുൻപ് ഒരു കാര്യം കൂടി കൊറോണ പറഞ്ഞു :അനുതാപത്തോടെ, യഥാർത്ഥമായി തകർന്ന ഹൃദയത്തോടെ ഒരുമനസോടെ സൃഷ്ടാവിന്റെ മുൻപിൽ നിലവിളിച്ചാൽ അവൻ കേൾക്കും. നിനവേ പട്ടണക്കാരുടെ നിലവിളി കേട്ട ദൈവമല്ലേ…
ഈ ഫോൺ സംഭാഷണം എനിക്ക് എന്നെതന്നെ ശോധന ചെയ്യുവാൻ, ദൈവസന്നിധിയിൽ താഴ്ത്തുവാൻ ഉള്ള അവസരമായി. ഇത് വായിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും അങ്ങനെതന്നെ ആയിത്തീരട്ടെ !!!!
ദീനാ ജെയിംസ്, ആഗ്ര