എഡിറ്റോറിയല്‍: മഹാമാരികൾക്ക് അടിയറവ് പറയാത്ത സ്വാതന്ത്ര്യം | ബിനു വടക്കുംചേരി
അന്യം നിന്നുപോയ കൂട്ടായ്മ, പുഞ്ചിരിക്കുന്ന മുഖത്തിനെ മായിച്ചുകളഞ്ഞ മാസ്ക്ക്, നിഷേധിക്കപെട്ട യാത്രാ സ്വാതന്ത്ര്യം, ‘സൂം’ ലെ സീയോൻ സഞ്ചാരികള്‍, ഓണ്‍ലൈന്‍ ക്ലാസ്സിലെ കുട്ടികള്‍, പ്രവാസം വെടിഞ്ഞ പ്രവാസികള്‍, വീടുകളിലേക്ക് ചുരുക്കപ്പെട്ട ആരാധനയും, ഭക്ഷണവും പിന്നെ ഓഫീസും.
എന്തിനേറെ ഒന്ന് തുമ്മുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം കൊണ്ടു പോയ കൊവിഡ് ഒരുപാട് പുതിയ പാഠങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ നമ്മെ പഠിപ്പിച്ചു.
ഏറെ പ്രതീക്ഷയോടെ വരവേറ്റ 2020-ല്‍, 74–ാം സ്വാതന്ത്ര്യ ദിനം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് (സ്വാതന്ത്ര്യമില്ലാതെ) ആഘോഷിക്കുമ്പോള്‍ കൊവിഡ് മഹാമാരി മൂലം ചരിത്രത്തിൽ ആദ്യമായി ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വർണ്ണപ്പകിട്ടിന് അൽപ്പം മാറ്റ് കുറയും. കൊവിഡ് കൊണ്ടു പോയ സ്വാതന്ത്ര്യം അത്ര പെട്ടെന്ന് ഒന്നും തിരിച്ചു പിടിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയില്ല എന്നതാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
രാജ്യത്ത് 24 ലക്ഷം കടന്ന് കൊവിഡ് കേസുകൾ അനുദിനം പെരുകുകയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് കൊവിഡ‍് വ്യാപനം അനിയന്ത്രിതം തന്നെ.
കൊവിഡിനെ പിടിച്ചുകെട്ടി നൂറ് ദിനങ്ങള്‍ പിന്നിട്ട ന്യൂസിലാൻഡിൽ ഇപ്പോള്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ കണ്ടുപിടിച്ച വാക്സിന്‍ സുരക്ഷിതമെന്ന്
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അവകാശം എത്രത്തോളം ശരിയാണ് എന്ന് അറിയുവാന്‍ ഇനിയും ഏറെ കാത്തിരിക്കണം.
കൊവിഡ് കാലത്തിനു മുന്‍പ് നാം അനുഭവിച്ച സ്വാതന്ത്ര്യം എന്തൊക്കെ ആയിരുന്നു എന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നുണ്ടാവും. അന്യം നിന്നുപോയ കൂട്ടായ്മ, പുഞ്ചിരിക്കുന്ന മുഖത്തിനെ മായിച്ചുകളഞ്ഞ മാസ്ക്ക്, നിഷേധിക്കപെട്ട യാത്രാ സ്വാതന്ത്ര്യം, ‘സൂം’ ലെ സീയോൻ സഞ്ചാരികള്‍, ഓണ്‍ലൈന്‍ ക്ലാസ്സിലെ കുട്ടികള്‍, പ്രവാസം വെടിഞ്ഞ പ്രവാസികള്‍, വീടുകളിലേക്ക് ചുരുക്കപ്പെട്ട ആരാധനയും, ഭക്ഷണവും പിന്നെ ഓഫീസും. എന്തിനേറെ ഒന്ന് തുമ്മുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം കൊണ്ടു പോയ കൊവിഡ് ഒരുപാട് പുതിയ പാഠങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ നമ്മെ പഠിപ്പിച്ചു.
സംഘര്‍ഷങ്ങള്‍ ഏറെ അലയടിക്കുന്ന കൊവിഡ് കാലത്ത് മാനസിക പിരിമുറുക്കം ലഘൂകരിച്ച് ആശ്വാസം കണ്ടെത്തുവാന്‍ ഭക്തനെ സഹായിച്ച വചനത്തില്‍ കൊവിഡിനും കൊണ്ടു പോകുവാന്‍ കഴിയാത്ത സ്വാതന്ത്ര്യം എന്നെ ഏറെ ചിന്തിപ്പിച്ചു.
ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ തന്നിൽ വിശ്വസിച്ച യഹൂദന്മാരോട് പറഞ്ഞു “എന്‍റെ വചനത്തിൽ നിലനില്‍ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും” ചെയ്യും എന്ന് പറഞ്ഞപ്പോൾ തങ്ങൾ അബ്രഹാമിന്‍റെ സന്തതി ആണെന്നും അവർ ആർക്കും ദാസന്മാരായിട്ടിലെന്നും യഹൂദരുടെ മറുപടി. യേശു ഉദ്ദേശിച്ച സ്വാതന്ത്ര്യം അല്‍പ്പംകൂടി വിശദീകരിച്ചാൽ, ‘പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല, പുത്രനോ എന്നേക്കും വസിക്കുന്നു. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രരാകും’.
പാപത്തിന്‍റെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് യേശുവിൽ വിശ്വസിക്കുന്ന ശിഷ്യർക്കുള്ളതെന്ന ‘സത്യം’ തിരിച്ചറിയുമ്പോൾ നിങ്ങൾ സ്വതന്ത്രരാക്കും.
മാനവരാശിയുടെ പാപത്തിൽ നിന്നുള്ള വീണ്ടെടുപ്പിനായി ക്രൂശിൽ മരിച്ചു ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവാകുന്ന ‘വഴി’യിലൂടെ
സഞ്ചരിക്കുമ്പോൾ പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന ‘സത്യം’ അറിയുവാനും ആ സത്യം പകരുന്ന ‘ജീവൻ ‘ നിത്യതയെന്നും നാം തിരിച്ചറിയും.
മഹാമാരികള്‍ക്ക് അടിയറവ് പറയാത്ത ആ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തോടെ നമുക്ക് ആഘോഷിക്കാം.ഏവര്‍ക്കും ക്രൈസ്തവ എഴുത്തുപുരയുടെ സ്വാതന്ത്ര്യ ദിന ആശംസകൾ.
ബിനു വടക്കുംചേരി
ചീഫ് എഡിറ്റര്‍
(കെ. ഇ കുടുംബ മാസിക)