കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആദ്യ ഘട്ടം വിജയകരം; പ്രതീക്ഷയോടെ ലോകം

പൂനെ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടം പിന്നിട്ടു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം വിജയകരമായി. പ്രമുഖ മെഡിക്കല്‍ ജേണലാണായ ദ ലാന്‍സെറ്റാണ് പരീക്ഷണറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
1,077 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. ഒപ്പം കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളും ടി സെല്ലുകളും ഇവരുടെ ശരീരം ഉത്പാദിപ്പിച്ചെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. അതേസമയം വാക്‌സിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ പരീക്ഷണത്തിന്റെ അടുത്ത രണ്ട് ഘട്ടങ്ങള്‍ കൂടി നിര്‍ണായകമാണെന്നും ദ ലാന്‍സെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

ചിമ്പാന്‍സി കുരങ്ങുകളില്‍ ജലദോഷത്തിന് കാരണമാകുന്ന വൈറസില്‍ ജനിതകമാറ്റം വരുത്തി, നേരിയ അളവില്‍ കൊറോണ വൈറസിന്റെ spike protein കടത്തിവിട്ട് അതിവേഗത്തിലാണ് പുതിയ വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ പരീക്ഷിച്ച 30 ശതമാനമാളുകളിലും യാതൊരു പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. 70 ശതമാനത്തിന് ചെറിയ പനിയും തലവേദനയുമുണ്ടെങ്കിലും പാരസെറ്റമോള്‍ കൊണ്ട് തന്നെ അവ ഭേദമായെന്നും ഗവേഷകര്‍ വ്യക്തമാക്കി.
പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുക. ബ്രിട്ടന് പുറമെ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലും വാക്‌സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. അടുത്ത ഘട്ടങ്ങള്‍ കൂടി വിജയകരമാക്കുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാക്‌സിന്‍ വിപണയിലെത്തിക്കാനാകുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ പ്രതീക്ഷ. ഇത് ഇന്ത്യക്കും പ്രത്യാശ പകരുന്നുണ്ട്. ഓക്‌സ്‌ഫോര്‍ട്ടുമായി സഹകരിച്ച് ഇതേ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്പനിയായ സെറം ഇന്ത്യ നേരത്തെ അറിയിച്ചിട്ടുണ്ട്. 1,000 രൂപയ്ക്ക് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply