ലേഖനം: കളങ്കമില്ലാതെ സ്നേഹിക്കുന്ന യേശു | ജിജോ പുനലൂര്‍
ദൈവം സ്നേഹമാണ്. പിതാവായ ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ച് യോഹന്നാന്‍ എഴുതിയ സുവിശേഷം മൂന്നാം അധ്യായത്തില്‍ തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു എന്നാണു എഴുതിയിരിക്കുന്നത് . ദൈവത്തിനു നമ്മോടുള്ള അഥവാ പാപത്താല്‍ ദൈവത്തില്‍ നിന്നും അകന്ന തന്‍റെ സൃഷ്ടിയോടുള്ള സ്നേഹത്തിന്‍റെ പ്രതിഫലനമാണ് യേശുക്രിസ്തുവിലൂടെ കാണുന്നത്. കര്‍ത്താവായ യേശു എല്ലാവരെയും സ്നേഹിച്ചിരുന്നു. യാതൊരു വിധത്തിലുമുള്ള കളങ്കങ്ങള്‍ ഇല്ലാതെയാണ് അവരെ സ്നേഹിച്ചത്.
യേശുവിന്‍റെ ശുശ്രൂഷയിലുടനീളം ആ സ്നേഹം നിറഞ്ഞു നിന്നിരുന്നു. പലയിടത്തും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ , രോഗങ്ങള്‍ , വേദനകള്‍ , ഭാരങ്ങള്‍ ഒക്കെ കണ്ട് മനസ്സലിഞ്ഞു , തന്‍റെ അടുക്കല്‍ വന്നവര്‍ക്കെല്ലാം വിടുതല്‍ നല്‍കി അവരെ സ്നേഹിച്ചു. മരിച്ചുപോയ ലാസറിന്‍റെ അടുക്കല്‍ എത്തിയ യേശു സഹോദരിമാര്‍ക്കൊപ്പം ആ വേദനയില്‍ കണ്ണുനീര്‍ വാര്‍ത്തു. ലാസറിനെ മരണത്തില്‍ നിന്നും ഉയര്‍പ്പിച്ചു. ഒരു വശത്ത് ദൈവത്തിന്‍റെ നാമം മഹത്വപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് അഗാധമായ സ്നേഹം കൂടെ വെളിപ്പെടുത്തുന്നു. അതിനാല്‍ തന്നെ ഭൂമിയില്‍ യേശുവിന്‍റെ യാത്രയിലുടനീളം ഒരു വലിയ ജനക്കൂട്ടം അനുഗമിച്ചിരുന്നു. ” അവന്‍ പുരുഷാരത്തെ കണ്ടു മനസ്സലിഞ്ഞു ” , അവരുടെ വിശപ്പറിഞ്ഞു , സാഹചര്യങ്ങള്‍ അറിഞ്ഞു അവരെ സ്നേഹിച്ചു. തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹിച്ചു ,ശത്രുക്കളെ സ്നേഹിച്ചു. അവരുടെ അറിയില്ലായ്മ ഓര്‍ത്തു ഉപദ്രവിച്ചരെ സ്നേഹിച്ചു, ഒടുവില്‍ കുരിശില്‍ ത്യാഗപൂര്‍ണമായ മരണം വരിച്ചുകൊണ്ട് ലോകത്തെ സ്നേഹിച്ചു എന്ന് ദൈവപുത്രന്‍ വെളിപ്പെടുത്തി. അചഞ്ചലമായ ആ സ്നേഹം കേവലം അല്‍പ നിമിഷത്തേക്ക് മാത്രമുള്ളതായിരുന്നില്ല, നഷ്ടപ്പെട്ട നിത്യജീവന്‍ തിരികെ നല്‍കി പിതാവിന്‍റെ സ്നേഹത്തിലേക്കു മടക്കി കൊണ്ടുവരുവാന്‍ വേണ്ടിയായിരുന്നു.
യേശുവിന്‍റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ചും അത് തിരിച്ചറിയാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യകരമായ അവസ്ഥയെ കുറിച്ചും നമുക്ക് ചിന്തിക്കാം.
കര്‍ത്താവ് തിരഞ്ഞെടുത്ത തന്‍റെ പ്രിയ ശിഷ്യരെയും, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു ( യോഹന്നാന്‍.13: 1). അന്ത്യഅത്താഴത്തിനു മുന്‍പ് കര്‍ത്താവും ഗുരുമായ യേശു പ്രിയ ശിഷ്യരുടെ കാല്‍ കഴുകി. തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍ എന്നവരെ ഉപദേശിച്ചു, അനുകരണീയമാക്കാന്‍ കഴിയുന്ന മാതൃകയാണ് യേശു വെളിപ്പെടുത്തിയത്. ഈ ശിഷ്യന്മാരെ എല്ലാം യേശു സ്നേഹിച്ചു , തിരെഞ്ഞെടുത്തു . യേശു വിളിച്ചിട്ടാണ് അവര്‍ യേശുവിനെ അനുഗമിച്ചത്. സംശയമില്ലാതെ നമുക്ക് പറയാം അത്യധികമായി യേശുവിനെ ശിഷ്യരും സ്നേഹിച്ചിരുന്നു.എന്നാല്‍ കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദാ ഈസ്കര്യോത്താവിനെ യേശു സ്നേഹിച്ചിരുന്നോ ?. യോഹന്നാന്‍ 13 : 1 ല്‍ അവസാനത്തോളം അവരെ കര്‍ത്താവ് സ്നേഹിച്ചു എന്ന് കാണുന്നു. അതെ ,അധ്യായത്തില്‍ ശിഷ്യന്മാരുടെ പാദം കഴുകുമ്പോള്‍ യൂദാ ഈസ്കര്യോത്താവിന്‍റെയും പാദം കഴുകി. ഒരിക്കലും ഒരിടത്തു പോലും യൂദാ ഈസ്കര്യോത്താവ് ഒറ്റിക്കൊടുക്കും ,അവനെ ഉപേക്ഷിക്കാം എന്ന് യേശു പറഞ്ഞില്ല. ശിഷ്യഗണത്തില്‍ നിന്നും യൂദായുടെ പേര്‍ നേരത്തെ വെട്ടാമായിരുന്നു, പക്ഷെ ,കര്‍ത്താവ് അത് ചെയ്തില്ല. മറ്റു ശിഷ്യന്മാരുമായി രഹസ്യ ചര്‍ച്ച നടത്തി യൂദായ്ക്കെതിരെ പക്ഷം സൃഷ്ടിച്ചില്ല. അവിടാണ് യേശുവിന്‍റെ സ്നേഹം നാം കാണുന്നത് . യൂദാ ഈസ്കര്യോത്താവിനെ യോഹന്നാന്‍ വിവരിക്കുന്നത് , അവന്‍ കള്ളന്‍ ആകുന്നു , പണസഞ്ചി യൂദായുടെ പക്കല്‍ ആയിരുന്നു എന്നും കാണുവാന്‍ കഴിയുന്നു(യോഹന്നാന്‍.12: 5,6). എല്ലാം അറിഞ്ഞിട്ടും മൌനമായിരുന്നു എന്നത് യേശു യൂദായെ സ്നേഹിച്ചു എന്നതിന്‍റെ തെളിവാണ്.ഒടുവില്‍ ചുംബനം നല്‍കാന്‍ യൂദാ അടുക്കുമ്പോഴും , യൂദായെ , ഒരു ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്നത് (ലൂക്കോസ്.22:47, 48), ശാന്തമായി അവനോടു സംസാരിക്കുന്ന യേശു. യൂദാ നീ അറിയുന്നില്ല , ഇപ്പോഴും നിന്നെ യേശു സ്നേഹിക്കുന്നു. അവസാന അത്താഴത്തില്‍ , ഒറ്റിക്കൊടുക്കുന്നവനെ കുറിച്ച് “ഞാന്‍ അപ്പം മുക്കിക്കൊടുക്കുന്നവന്‍ തന്നെ ” എന്ന് യേശു പറയുമ്പോള്‍ പോലും ശിഷ്യര്‍ക്ക് മനസ്സിലായില്ല.കാരണം എല്ലാവര്‍ക്കും അപ്പം മുക്കി കൊടുക്കുമ്പോള്‍ തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. അന്നേരവും യേശു യൂദാഈസ്കര്യോത്താവിനോട് കോപിച്ചില്ല , മുഖം വീര്‍പ്പിച്ചില്ല , പകരം സ്നേഹിച്ചു . പക്ഷെ , യൂദാ ആ സ്നേഹം കണ്ടില്ല , തന്നെ സ്നേഹിച്ച ഗുരുവിനെ തിരിച്ചറിഞ്ഞത് ഒറ്റിക്കൊടുത്തു കഴിഞ്ഞാണ്.ഒടുവില്‍ യൂദാ സ്വയം ജീവനൊടുക്കി നശിക്കേണ്ടി വന്നു(മത്തായി 27:3 – 5) . നാം ഇങ്ങനെ കാണുന്നു , യേശു പിതാവിനോട് സംസാരിക്കുമ്പോള്‍ , ” അവരോടു കൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്ക് തന്നിരിക്കുന്ന നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിനു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല”. സ്നേഹം മറന്നു ഒറ്റിക്കൊടുത്തവന്‍ നശിച്ചുപോയി എന്ന് കര്‍ത്താവ് പറയുന്നു(യോഹന്നാന്‍.17: 12). അതേ, അവസാനത്തോളം യേശു സ്നേഹിച്ചു , ഒറ്റിക്കൊടുത്ത യൂദാ ഈസ്കര്യോത്താവിനെയും.
എല്ലാം മറന്നു യേശുവിനെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ , ആ കളങ്കമില്ലാത്ത സ്നേഹത്തിന്റെ ആഴം തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. അതറിഞ്ഞ അപ്പോസ്തോലനായ പൌലോസ് വിളിച്ചു പറഞ്ഞു , ഈ സ്നേഹത്തില്‍ നിന്നും എന്നെ വേര്‍പിരിക്കുവാന്‍ ആര്‍ക്കും കഴികയില്ല(റോമര്‍ .8 : 35 – 39).
സ്നേഹത്തില്‍ നിന്നും അകന്നു പോയി എങ്കില്‍ , ലോകസ്നേഹത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കി ദൈവ സ്നേഹത്തെ മറന്നെങ്കില്‍ , കളങ്കമില്ലാത്ത ആ സ്നേഹത്തെ ഗൗനിക്കാതെ ജീവിക്കുന്നു എങ്കില്‍ , നമുക്ക് കാല്‍വരിയിലേക്ക് ഓടി ചെല്ലാം. കര്‍ത്താവെ , പലതിലും അങ്ങയുടെ സ്നേഹത്തില്‍ നിന്നും അകന്നു പോയി,ക്ഷമിക്കണമേ , എന്നെ ചേര്‍ത്ത് പിടിക്കണേ എന്ന് പ്രാര്‍ത്ഥിക്കാം. ഒരിക്കലും യേശു നമ്മെ കൈവിടില്ല. കാരണം , നിഷ്കളങ്കമായ ആ സ്നേഹം ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല.
വിശ്വാസ ജീവിതത്തില്‍ യേശുവിനെ ഒറ്റിക്കൊടുത്തു നശിക്കുന്നവരുടെ കൂട്ടത്തിലല്ല , മറ്റെല്ലാം മറന്നു കര്‍ത്താവിനെ സ്നേഹിച്ചു കൊണ്ട് നമുക്കും പറയാം ,
“ഒന്നിനും കര്‍ത്താവായ യേശുവിന്‍റെ സ്നേഹത്തില്‍ നിന്നും എന്നെ വേര്‍പെടുത്താന്‍ കഴികയില്ല”.
ജിജോ പുനലൂര്‍ .