ചെറു ചിന്ത: ലോകത്തെ കീഴടക്കിയ കൊറോണയെന്ന കൊച്ചുകീടമേ… | പാ. ടി. വി. തങ്കച്ചൻ

കണ്ണിനു കാണാൻ കഴിയാത്ത, കൈകൊണ്ടു പിടിച്ചൊതുക്കാൻ കഴിയാത്ത, മരുന്നിനു തുരത്താൻ കഴിയാത്ത പരമാണുജീവിയായ കോവിഡേ, നിനക്കു മുമ്പിൽ ബുദ്ധിജീവികളായ, ബലശാലികളായ, കോടീശ്വരരായ, അധികാരികളായ, അഹങ്കാരികളായ ഞങ്ങൾ തോറ്റുപോയിരിക്കുന്നു. ഇതുവരെ ഒളിച്ചിരുന്ന ഞങ്ങൾ ഇനിമുതൽ നിനക്കൊപ്പം ജീവിക്കാൻ ഒരുങ്ങുകയാണു.
മൂന്നു മാസങ്ങൾ കൊണ്ടു ലോകത്താകമാനം സഞ്ചരിച്ചു നീ 3,70,000 വിലപ്പെട്ട മനുഷ്യ ജീവൻ അപഹരിച്ചിരിക്കുന്നു. 62 ലക്ഷത്തോളം ആളുകൾ രോഗികളായി തീർന്നിരിക്കുന്നു. സ്വന്തം നാട്ടിലെത്താൻ കൊതിച്ച്‌ അലയുന്നതിനും വലയുന്നതിനും കണക്കില്ല.
ഭൂമിയിലെ മനുഷ്യവർഗ്ഗം മുഴുവൻ ഭയപ്പെട്ടു വീടിനു പുറത്തിറങ്ങാൻ കഴിയാതവണ്ണം അടക്കപ്പെട്ടിരിക്കുന്നു. ആഡംബരങ്ങൾ, ആർഭാടങ്ങൾ, ആഘോഷങ്ങൾ; ആറാട്ടുകൾ, ആരാധനകൾ; ആൾക്കൂട്ടങ്ങൾ; ആചാരഅനുഷ്ടാനങ്ങൾ, കർമ്മങ്ങൾ, കൂദാശകൾ; ഉത്‌സവങ്ങൾ, പൂരങ്ങൾ, പെരുന്നാളുകൾ; എഴുന്നെള്ളത്തുകൾ, വെടിക്കെട്ടുകൾ, വാദ്യമേളങ്ങൾ; കായിക കലാ സാംസ്ക്കാരിക മേളങ്ങൾ, കാർഷിക വിഭവ മേളകൾ, വിവിധ മത്സര പരിപാടികൾ; മദ്യപാനങ്ങൾ, മരണാനന്തര ചടങ്ങുകൾ, വിവാഹ ചടങ്ങുകൾ എല്ലാം ഒഴിഞ്ഞു മനുഷ്യർ അവരവരുടെ പ്രാർത്ഥനകളിൽ മാത്രം ഒതുങ്ങിക്കൂടിയിരിക്കുന്നു.
വിനോദയാത്രകൾ, വിരുന്നു യാത്രകൾ, വിലാപയാത്രകൾ; കലഹങ്ങൾ, കലാപങ്ങൾ, കോലാഹലങ്ങൾ; സമരങ്ങൾ, സമ്മേളനങ്ങൾ, സിന്ദാബാദുകൾ; ധർണ്ണകൾ, ജാഥകൾ, ഹർത്താലുകൾ എന്നിവയ്ക്കെല്ലാം ശമനങ്ങളുണ്ടായിരിക്കുന്നു.
മരണപ്പെട്ടവരുടെ മൃതശരീരം മറവു ചെയ്യപ്പെട്ട സ്ഥലം എവിടെ എന്നു പോലും അറിയാതെ പോയവർ, ഒരു കല്ലറ പണിതു ആണ്ടുതോറും ഒരു വിളക്കു കത്തിച്ചു പ്രാർത്ഥിക്കാൻ കഴിയാതെ പോകുന്നവർ, ഒരു റീത്തു സമർപ്പിക്കാൻ കഴിയാതെ പോയവർ, ഒരു കൂദാശയോ പ്രാർത്ഥനാ കർമ്മങ്ങളോ ലഭിക്കാതെ പോയവർ, അതിൽ സംബന്ധിക്കാൻ കഴിയാതെ പോയവർ, അന്ത്യ ചുംബനം നൽകാൻ കഴിയാതെ പോയവർ, മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കാത്തിരിക്കുന്നവർ, സമീപത്തെങ്ങും ഒരു കോവിഡു ബാധിത മൃതദേഹം അടക്കുവാൻ അനുവദിക്കാത്തവർ, കോവിഡു ബാധിതരോ അല്ലാത്തവരോ ആയ പ്രവാസികളുടെ മടങ്ങിവരവിനെ ഭീതിയോടെ കാത്തിരിക്കുന്നവർ എന്തെല്ലാം വിനകളാണു പരമാണുവായ ക്രുമിയായ, കീടമായ കോവിഡേ നീ മനുഷ്യകുലത്തിനും ലോകത്തിനും വരുത്തി വച്ചിട്ടുള്ളതു.
നിന്നെ ആട്ടിപ്പായിക്കുവാൻ ഞങ്ങൾ ആവോളം പാടുപെടുന്നു. അകലം പാലിക്കുന്നു, കൈ കഴുകുന്നു, കൈകൾ കൊട്ടുന്നു, പാത്രം കൊട്ടുന്നു, വിളക്കുകൾ കത്തിക്കുന്നു, മാസ്ക്കുകൾ ധരിക്കുന്നു, പൊതു സ്ഥലങ്ങളിൽ തുപ്പുന്നില്ല, കതകടച്ചു കഴിയുന്നു, കണ്ണടച്ചു ഞങ്ങളുടെ ദൈവത്തോടു പ്രർത്ഥിക്കുന്നു. ഇനി എന്താണു ഞങ്ങൾ ചെയ്യേണ്ടതു? നിന്റെ മഹാശക്തി എതിലാണെന്നും ഏതിനാൽ നിന്നെ ബന്ധിക്കാമെന്നും ഒന്നു വെളിപ്പെടുത്താമോ? ഞങ്ങൾ നിന്റെ മുമ്പിൽ അശക്തരും വെറും നിസ്സാരരും എന്നു ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു. ഞങ്ങളും വെറും പുല്ലാണു, പൂവാണു, പൊടിയാണു, കീടമാണു, ക്രുമിയാണു, ക്രുമിക്കു ഇരയാണു എന്നു സമ്മതിക്കുന്നു. ഇനി ഞങ്ങൾ അഹങ്കരിക്കയില്ല, ദൈവത്തെ മറന്നു ജീവിക്കയില്ല, പ്രക്രുതിയെ നശിപ്പിക്കയില്ല, അന്യായവും അനീതിയും അധർമ്മവും ദുർമ്മാർഗ്ഗ പ്രവൃത്തികളും ചെയ്കയില്ല; സമൂഹത്തിന്നു നന്മ ചെയ്തു ജീവിക്കും, പരസ്പരം സ്നേഹിക്കും, അധികാരികളെ അനുസരിക്കും. ഇനിയുള്ള കാലമെല്ലാം ദൈവത്തെ ഭയപ്പെട്ടു ജീവിക്കും. ഇനി മരണം താങ്ങാനാവില്ല. ദയവായി ഒന്നു വിട്ടു പോകുമോ? ഞങ്ങൾ സമാധാനമായി ജീവിക്കട്ടെ!!!

പാസ്റ്റർ. ടി. വി. തങ്കച്ചൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.