ലേഖനം: മുഖക്കൊട്ടയും മാസ്ക്കും പിന്നെ നമ്മളും | പാ. സതീഷ് മാത്യു
യിസ്രായേൽമക്കൾക്ക് ദൈവം പ്രമാണം നൽകിയപ്പോൾ കൊടുത്ത ഒരു നിയമമാണ് കാള മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത് എന്നത് [ആവർത്തനം 25:4 ] . പല സ്ഥലങ്ങളിലും കൊയ്തെടുക്കുന്ന ധാന്യ കറ്റകൾ കളത്തിൽ ഇട്ട് കാളകളെക്കൊണ്ട് ചവിട്ടിച്ചാണ് ധാന്യം വേർതിരിച്ചെടുക്കുന്നത്. അങ്ങനെ ധാന്യക്കറ്റകൾ മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത് എന്നാണ് പ്രമാണം. കാള പണി ചെയ്യുന്ന സമയം ഒന്നും തിന്നാതിരിക്കാനാണ് മുഖക്കൊട്ട കെട്ടുന്നത്. എന്നാൽ ധാന്യക്കറ്റകൾ മെതിക്കുമ്പോൾ കാള അൽപം ഭക്ഷണം തിന്നുകൊള്ളട്ടെ എന്നാണ് ന്യായ പ്രമാണം അനുശാസിക്കുന്നത്. മെതിക്കുന്ന കാളയ്ക്കും മെതിക്കാത്ത കാളയ്ക്കും മുഖക്കൊട്ട കെട്ടുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇന്നും നിലനിൽക്കുന്നു. വയലുകളിലേക്ക് നോക്കിയാൽ മുഖക്കൊട്ട കെട്ടിയ കാളകളെ കാണുന്നത് വേറിട്ടൊരു കാഴ്ചയാണ്. അന്നും ഇന്നും സ്വാർത്ഥരായ ആളുകൾ മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടുന്നത് പ്രമാണത്തോടുളള അവഹേളനയാണ്. പാവം കാളയ്ക്ക് അറിയില്ല ദൈവം ഇങ്ങനെയൊരു പ്രമാണം നൽകിയിട്ടുണ്ടന്ന്. ക്രൂരരായ ആളുകൾ ഇവയോട് പെരുമാറുന്നത് കണ്ടാൽ പാവം തോന്നും. സ്വാതന്ത്ര്യത്തോടെ തിന്നുവാൻ പ്രമാണം ഉള്ളപ്പോൾ മുഖക്കൊട്ട ഉപയോഗിച്ച് ഈ മിണ്ടാപ്രാണികളെ വിലക്കുന്നത് നിയമവിരുദ്ധമാണ്. മെതിച്ച് ക്ഷീണിക്കുമ്പോൾ ധാന്യം കഴിക്കാൻ കൊതിക്കുന്ന കാളകളുടെ വെപ്രാളം ഭയങ്കരമാണ്. എന്തു ചെയ്യാനാ യജമാനൻ സമ്മതിക്കില്ലല്ലോ. എന്നാൽ ഈ അവസ്ഥ നമുക്കാണങ്കിൽ എന്തായിരിക്കും സ്ഥിതി? ഈ കാളകൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും മനുഷ്യർക്ക് മുഖക്കൊട്ട ഉണ്ടായിരുന്നെങ്കിൽ …..
ഇപ്പോഴിതാ ഏതാണ്ട് അതു പോലൊരു അനുഭവത്തിലേക്ക് മനുഷ്യർ എത്തിയിരിക്കുന്നു. ലോകത്തെവിടെയും മുഖാവരണം ധരിച്ചവരുടെ നീണ്ട നിര.മാസ്ക്ക് നിർബന്ധമാക്കി ഉ ത്തരവുകൾ വന്നിരിക്കുന്നു. അല്ലങ്കിൽ നിയമ നടപടികൾ, പിഴ തുടങ്ങിയ കാര്യങ്ങൾ . നിയമത്തെ പേടിച്ച് മാസ്ക്കിനു വേണ്ടി ഓടുന്നവർ ഒരു വശത്ത് എന്തിനേറെ ആരോഗ്യ പ്രവർത്തകർക്കുപോലും മാസ്ക്കില്ലാത്ത അവസ്ഥ. ഹാ ..എന്തൊരു ദയനീയ അവസ്ഥ ,എന്തൊരു ലോകം. ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാസക്ക് മാറി. ഏതെങ്കിലും രോഗമുള്ളവരോ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവരോ മാസ്ക്ക് ധരിക്കാൻ ഡോക്ടേഴ്സ് നിർദ്ദേശിക്കാറുണ്ട് അങ്ങനെയുള്ളവരെ കാണുമ്പോൾ അകലം പാലിച്ചിരു വർ ഇന്ന് യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ തുടങ്ങി. ഇന്ന് വിവിധ നിറത്തിലുള്ള മാസക്ക് ധരിച്ച് മനുഷ്യർ നടക്കുമ്പോൾ അതും വേറിട്ടൊരു കാഴചയാണ്.
മുഖാവരണം ധരിക്കാതെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കാത്ത കാലം. മാന്യമായി വസ്ത്രം ധരിച്ച് നടക്കാത്തവർക്ക് മുഖത്ത് മറ്റാരു വസ്ത്രം കൂടി ധരിക്കേണ്ടി വരുന്നത് എത്ര പ്രയാസമായിരിക്കും. മുഖക്കൊട്ട കൊണ്ടും, മാസ്ക്ക് കൊണ്ടും അനേകം ഗുണങ്ങൾ ഉണ്ട്.
മുഖക്കൊട്ടയുള്ള കാള വെറുതെ കണ്ടതൊന്നുംവലിച്ചു വാരി നിന്നില്ല. നിയന്ത്രണമുള്ള ജീവിതം . മുഖക്കൊട്ടയുണ്ടങ്കിൽ യജമാനന് ചെലവ് കുറവ്. വെറുതെ വായ് പൊളിക്കാൻ തോന്നില്ല. യജമാനന് നഷ്ടം വരുത്തില്ല. അപശബ്ദങ്ങ ൾഇല്ല . വലിച്ചു കീറി ശബ്ദം ഉണ്ടാക്കില്ല. പല്ലുകടിച്ചാലും നാക്ക് നീട്ടിയാലും ആരും കാണില്ല എല്ലാത്തിനും ഒരു മറവ്. യജമാനൻ അനുവദിക്കാതെ തീറ്റയില്ല , വെള്ളം ഇല്ല.
ഇതൊരു കാര്യം നമുക്ക് മുന്നറിയിപ്പ് നൽകുന്നു , കർത്താവിന്റെ വയലിൽ പ്രവർത്തിക്കുന്നവർ അവനവൻ തന്നെ മുഖക്കൊട്ട കെട്ടി സ്വയം നിയന്ത്രിക്കണം ആരും മുഖക്കൊട്ട കെട്ടാൻ ഇല്ലായെന്ന് കരുതി എന്തും ആവാം എന്ന് ചിന്തിക്കരുത്. പലർക്കും മുഖക്കൊട്ടയില്ലാത്തതു കൊണ്ടാണ് ഈ വയലിൽ മെതിക്കൽ വേണ്ട വിധത്തിൽ നടക്കാത്തത്. വയലിൽ നന്നായി വേല ചെയ്യുന്നവർക്ക് സ്വയ നിയന്ത്രണത്തിനായി മുഖ ക്കൊട്ടയുണ്ട്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കടിഞ്ഞാൺ ഉണ്ട്. അതുകൊണ്ട് വേണ്ടാത്ത ധാന്യങ്ങൾ തിന്ന് ദഹനക്കേട് ഉണ്ടാകില്ല. അങ്ങനെയുള്ളവർക്ക് ആത്മീയമായി നല്ല ആരോഗ്യവും പുഷ്ടിയും ഉണ്ടായിരിക്കും. എന്നാൽ വയലിൽ വേണ്ടവിധത്തിൽ മെതിക്കാത്ത, വേല ചെയ്യാത്ത കള്ള കാള കളിക്കുന്ന സ്വഭാവക്കാർ മുഖക്കൊട്ട അല്ലങ്കിൽ പ്രമാണത്തിന്റെ നിയന്ത്രണങ്ങൾ ഇഷ്ടപ്പെടുന്നില്ല. കണ്ടതെല്ലാം തിന്ന് യജമാനനും , സമൂഹത്തിനും നഷ്ടം വരുത്തി ജീവിക്കുന്നവർ. ഇന്ന് സമൂഹം പറയുകയാണ് ഇങ്ങനെയുള്ളവർക്ക് മുഖക്കൊട്ട വേണം. പലതരത്തിലുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാൻ മുഖക്കൊട്ട കൊണ്ട് സാധിക്കുന്നു. പല വിധത്തിലുള്ള ബഹളങ്ങൾ, അനാവശ്യ സംസാരങ്ങൾ തുടങ്ങി വായ്ക്കും നാവിനും നിയന്ത്രണം വരെ ഇതു കൊണ്ട് സാധിക്കുന്നു. ഇപ്രകാരമുള്ള കടിഞ്ഞാണുകൾ ഇല്ലാത്തതു കൊണ്ട് കുടുംബങ്ങളിലും, സഭകളിലും, സമൂഹത്തിലുമെല്ലാം പ്രശ്നങ്ങൾ വർദ്ധിക്കുന്നു. അതുകൊണ്ട് ആത്മീയ അടുപ്പത്തിന് പകരം ആത്മീയ അകലം ഉണ്ടാകുന്നു. പാപത്തോടും, തിൻമയോടും അടുപ്പവും വിശുദ്ധിയോടും വേർപാടിനോടും എന്തിനേറെ ദൈവത്തോടും അകലം പാലിക്കുന്ന അവസ്ഥ.
അതുകൊണ്ട് ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആത്മീയതയുടെ പ്രഹസന മുഖമൂടി അഴിച്ചു വെച്ച് യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ട് സ്വയം നിയന്ത്രിക്കുവാൻ പ്രമാണത്തിന്റെ മുഖാവരണം ധരിച്ച് നമുക്ക് ജീവിക്കാം. വർത്തമാന കാലത്ത് ഉണ്ടായിരിക്കുന്ന മഹാ വിപത്തിൽ നിന്നും മാനവ സമൂഹം രക്ഷപ്പെടുവാൻ മാസ്ക്ക് ഉപയോഗിച്ച് മൂക്കും വായും ഒരു പോലെ മൂടി സൂക്ഷിക്കുന്നതുപോലെ ദൈവം നൽകിയ പ്രമാണമാകുന്ന മാസ്ക് ധരിച്ച് പാപമാകുന്ന വൈറസിനെ പ്രതിരോധിക്കാം.
മാന്യമായി വസ്ത്രം ധരിച്ച് ആരാധനാലയത്തിൽ വരണം എന്ന് നിർബന്ധിച്ചിട്ടും കേൾക്കാത്തവർക്ക് മാസ്ക്ക് ഒരു അധികപ്പറ്റായിരിക്കുന്നു. മറ്റുള്ളവരെ ആകർഷിക്കുവാൻ മുഖത്തും , ചുണ്ടിലും സൗന്ദര്യ വർദ്ധക വസ്തുക്കൾ തേച്ചുപിടിപ്പിച്ച് നടക്കുന്നവർക്ക് മാസ്ക്ക് ഇന്ന് പാരയായി . ഇനി ആര് കാണാനാ ? ഒരു കാര്യം ഓർക്കണം മാസ്ക് കുറേ കാലത്തേക്ക് മനുഷ്യ ജീവിതത്തിന്റെ ഭാഗമായിരിക്കും. ഇനി ആലയത്തിൽ ആരാധനക്ക് വരുമ്പോൾ പോലും മുഖാവരണം വേണ്ടി വരും. അങ്ങനെ വന്നാൽ എന്തുചെയ്യും ? ആരാധിപ്പാൻ അവസരം ഉണ്ടായപ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്താത്തവർക്ക്, വാ തുറന്ന് സ്തോത്രം പറയാൻ വിസമ്മതിച്ചവർക്ക് മുഖാവരണം കൂടെയാകുമ്പോൾ നല്ല സൗകര്യം ആയിരിക്കും. ഓർക്കുക നമ്മൾ ചിന്തിക്കുന്നതു പോലെയല്ല കാര്യങ്ങൾ നടക്കുന്നത്.
ഇനിയെങ്കിലും ദൈവസന്നിധിയിൽ താഴാം , സമർപ്പിക്കാം.




- Advertisement -