ലേഖനം: ദൈവത്തിന്റെ വിശ്വസ്തത | ലിജി എം. ജോർജ്
2 തിമൊഥെയൊസ് 2: 13. “നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുന്നു; തന്‍റെ സ്വഭാവം ത്യജിപ്പാന്‍ അവനു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.” അപ്പോസ്തോലനായ പൗലോസ് തന്റെ പ്രിയ മകൻ (1:1 ) എന്ന് വിളിക്കുന്ന തിമൊഥെയൊസിനു എഴുതിയ ലേഖനത്തിലെ ഒരു മർമ്മപ്രധാനമായ വാക്യമാണിത്. ഈ ലോകജീവിതത്തിൽ നാം പലപ്പോഴും ദൈവഹിതം എന്ത് എന്ന് അറിഞ്ഞിട്ടും വേറെ വഴി തിരഞ്ഞെടുത്തു യാത്ര ചെയ്തിട്ടുണ്ട്.
വിശുദ്ധ വേദപുസ്തകം നാം പഠിക്കുമ്പോൾ യോനാ എന്ന ഒരു വ്യക്തിയെ നമുക്ക് കാണാനായി സാധിക്കുന്നു. ദൈവം തനിക്കു നിനവെയിലേക്ക് പോകാനുള്ള അരുളപ്പാട് കൊടുത്തിട്ടും വ്യക്തിപരമായ തീരുമാനപ്രകാരം തർശീശിലേക്ക് യാത്ര ചെയ്തതായി വചനം നമ്മളെ പഠിപ്പിക്കുന്നു. നാം പലപ്പോഴും ജീവിതത്തിൽ ഒരു യോനായായി മാറാറുണ്ട്. യോനായുടെ ചിന്തയേക്കാളും അതിശ്രെഷ്ഠകരമായ പദ്ധതികൾ ആയിരുന്നു ദൈവം കരുതിയിരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കുന്നു. നാം ദൈവസന്നിധിയിൽ നിന്നും മാറി സഞ്ചരിച്ചു നമ്മുടേതായ രീതിയിൽ സഞ്ചരിക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത പ്രകാരം നമ്മളെ ദൈവത്തിന്റെ വഴിയിൽ സഞ്ചരിപ്പിച്ചു ദൈവം ഉദ്ദേശിച്ചതിനെ നിവർത്തിച്ചു കാണിക്കുന്ന ഒരു വിശ്വസ്തനായ ദൈവമാണ് നമ്മുടെ ദൈവം. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു മുൻപ് നമ്മളെ കണ്ട ദൈവം നമ്മളെ കുറിച്ചുള്ള ദൈവിക പദ്ധതികളും നിവർത്തിപ്പാൻ ദൈവം വിശ്വസ്തൻ. പലപ്പോഴും ദൈവ പദ്ധതിയിൽ നിന്നും നാം മാറിപോകാൻ ഉള്ള കാരണം നമ്മളെ വിളിച്ചതിന്റെ പദ്ധതിയും അതിന്റെ പിന്നിലെ ഉദ്ദേശവും മനസിലാക്കാൻ വൈകിപോകുന്നതുകൊണ്ടാണ്.
യോനായുടെ ചിന്താഗതിയിൽ ദൈവം ആ ദേശത്തെ നശിപ്പിക്കാൻ പോകുന്നു എന്നുള്ള ചിന്ത ആയിരുന്നു. എന്നാൽ ദൈവം തന്നോട് കല്പിച്ചതിനെ മറ്റൊരു ദിശയിൽ നിന്നും ചിന്തിച്ചതുകൊണ്ടു തന്റെ തീരുമാനങ്ങൾക്ക് മാറ്റം സംഭവിക്കുവാൻ ഇടയായി തീർന്നു. സങ്കീർത്തനങ്ങൾ 139 ൽ ഇങ്ങനെ പറയുന്നു ” 7. നിന്‍റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്കു ഓടും? 8. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ടു; പാതാളത്തില്‍ എന്‍റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ടു. 9. ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ചു, സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ 10. അവിടെയും നിന്‍റെ കൈ എന്നെ നടത്തും; നിന്‍റെ വലങ്കൈ എന്നെ പിടിക്കും.” നാം എവിടെ എല്ലാം മാറിപോകുവാൻ ചിന്തിച്ചാലും അവിടെയെലാം ദൈവം ഉണ്ട് എന്നുള്ള അറിവ് നമ്മളെ വിട്ടുമാറുവാൻ ഇടയാകരുത്. ദൈവത്തിന്റെ വിശ്വസ്ത കരം യോനെയെ കപ്പലിന്റെ അടിത്തട്ടിൽ നിന്നും തട്ടി എഴുന്നേൽപ്പിച്ചു പുതിയതീരുമാനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
1 തെസ്സലോനിക്യർ 5: 24. “നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അതു നിവര്‍ത്തിക്കും.” യോനായുടെ ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് ഒടുവിൽ യോനാ എത്തേണ്ട സ്ഥലത്തു ദൈവം യോനെ എത്തിച്ചു സന്ദേശം ദേശത്തിനു കൈമാറി തിന്റെ ഫലമായി ജനം രക്ഷപ്രാപിച്ചു. ദൈവം നമ്മളെ വിളിച്ചിരിക്കുന്നത് ദൈവത്തിന്റെ സന്ദേശം കൈമാറാനാണ്, അതായതു ദൈവരാജ്യത്തിന്റെ കേട്ടുപണിക്ക് വേണ്ടിയാണ് അവിടെയെല്ലാം മറുതലിക്കാതെ ദൈവത്തിൽ ആശ്രയിച്ചു നമുക്ക് മുൻപോട്ട് പോകുവാൻ ഇടയായി തീരട്ടെ. നമ്മുടെ അവിശ്വസ്തതയിലും നമ്മോട് വിശ്വസ്തനായ ദൈവത്തെ നാം മറന്നു കളയുവാൻ ഇടയാകരുത്.
ലിജി എം.ജോർജ്