ചെറു ചിന്ത: ഈ സമയവും പാഴാക്കരുത് | ജോബിസൺ ജോയി
ഈ കൊറോണക്കാലം ദൈവമക്കളെ സംബന്ധിച്ചടത്തോളം ഒരു പുനർപരിശോധന അല്ലെങ്കിൽ ഒരു വീണ്ടുവിചാരത്തിനുള്ള സമയമാണ്. തിരക്ക് പിടിച്ച ലോകത്തിൽ പല തിക്കിലും തിരക്കിലുംപ്പെട്ട് ദൈവത്തോടുള്ള ബന്ധത്തിലോ,നടപ്പിലോ പലപ്പോഴും വിള്ളലുകൾ സംഭവിച്ചു എന്നത് തള്ളിക്കളയുവാൻ കഴിയാത്ത ഒന്ന് തന്നെയാണ്.അതൊക്കെ വിശകലനം നടത്തികൊണ്ടും മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ ദൈവത്തോട് ക്ഷമ ചോദിച്ചുക്കൊണ്ട് ദൈവവും നാമും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്തുകയാണ് ഈ ക്വാറൻറ്റയിൻ ദിവസങ്ങളിൽ നാം ചെയ്യേണ്ടത്.
പ്രാർത്ഥനകൾ നിന്ന് പോകുന്ന ഒരു കാലഘട്ടം,ദൈവ ഭക്തി തെല്ലും ഇല്ലാതെ എങ്ങെന്നോ അറിയാതെ ഓടുന്നൊരു തലമുറ.ഇതിന്റെയൊക്കെ മധ്യത്തിൽ ഒരു ഭക്തന്റെ ജീവിതത്തിൽ ഉറപ്പായും കാണപ്പെടെണ്ട ഒന്നുതന്നെയാണ് പ്രാർത്ഥന.ഡി.എൽ മൂഡി എന്ന ഭക്തൻ ഇപ്രകാരം പറയുകയുണ്ടായി “പ്രാർഥിക്കുന്നവന്റെ പ്രത്യേകത ഭൂമിയെ ചലിപ്പിക്കുന്ന കരത്തെ ചലിപ്പിക്കുന്നവൻ എന്നാണ്. തീർച്ചയായും അത് സത്യമാണ് പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനയ്ക്ക് മുൻപിൽ ദൈവത്തിന്റെ കരം ചലിക്കാതെ ഇരുന്നിട്ടില്ല, ഇരിക്കയുമില്ല. പ്രാർത്ഥനയുടെ മാതൃക നമുക്ക് കാണിച്ചു തന്നത് നാം വിശ്വസിക്കുന്ന കർത്താവായ യേശു ക്രിസ്തുവാണ്.മനുഷ്യപുത്രനായി ഈ താണഭൂവിൽ പിറന്നുവീണ തന്റെ ജീവിതത്തിന്റെ ആരംഭവും അവസാനവും പ്രാർത്ഥനയോടെ ആയിരുന്നു. ഒരിക്കലും മറ്റുള്ളവരെ നോക്കിക്കൊണ്ടാവരുത് നമ്മുടെ പ്രാർത്ഥനകൾ. ഒരു വ്യക്തിയുടെ പ്രാർത്ഥനയിൽ രണ്ട് പേരെ ഉള്ളൂ അത് പ്രാർത്ഥിക്കുന്ന നാമും കേൾക്കുന്ന ദൈവവും.മറ്റുള്ളവരുടെ പ്രാർത്ഥനക്കുറവോ,ഇല്ലായ്മയോ ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിന് വിലങ്ങുത്തടിയാവേണ്ടതായി ഇല്ല.കാരണം,നമ്മുടെ മാതൃക യേശുവാണ്.
പ്രിയ ദൈവപൈതലേ,ഈ ക്വാറൻറ്റയിൻ സമയങ്ങൾ നമുക്ക് ദൈവത്തോട് കൂടുതൽ അടുക്കുവാൻ ഉള്ളതാവട്ടെ.വചനധ്യാനത്തിലും പ്രാർഥനകളിലും കൂടുതൽ മുഴുകുവാൻ നമുക്ക് സാധിക്കട്ടെ.ഈ സമയങ്ങളിൽ നാം മടിപിടിച്ചിരിക്കുവാവാനല്ല മറിച്ചു ഊർജ്വസ്വലരായി ദേശത്തിനായി,രാജ്യത്തിനായി,സഭകൾക്കായി,വിശ്വാസികൾക്കായി,നമ്മുടെ സഹോദരങ്ങൾക്കായി, മാതാപിതാക്കൾക്കായി,കൊറേണ എന്ന വ്യാധിയാൽ ഭാരപ്പെടുന്നവർക്കായി നമുക്ക് പ്രാർഥിക്കാം.തോമസ് ബ്രൂക്സ് എന്ന ഭക്തൻ പ്രാർത്ഥനയെക്കുറിച്ചു ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് “തണുത്ത പ്രാർത്ഥനകൾ മുനയില്ലാത്ത അമ്പ് പോലെയും,മൂർച്ചയില്ലാത്ത വാൾ പോലെയും,ചിറകില്ലാത്ത പക്ഷി പോലെയും ആകുന്നു.അത് തുളച്ചു കയറുകയില്ല,വെട്ടി മുറിക്കയുമില്ല,പറന്നുയരുകയുമില്ല”.നമ്മുടെ പ്രാർത്ഥനകൾ ഒന്നും ഇത്‌പോലെ ആകാതെ ആത്മാവിൽ എരിവുള്ളരായി വിശ്വാസത്തോടു കൂടിയുള്ളതാകട്ടെ.
ജോബിസൺ.ജോയി




- Advertisement -