ശുഭദിന സന്ദേശം : വചനവും വ്യാഖ്യാനവും | ഡോ.സാബു പോൾ

”അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു”(അ. പ്രവൃ.17:11).

വചനത്തെ ശരിയായി വ്യാഖ്യാനിച്ചാൽ ദുരുപദേശങ്ങൾ നിലനിൽക്കില്ല. നിർഭാഗ്യവശാൽ വിവാദം ഉണ്ടാക്കാൻ വ്യാഖ്യാനിക്കുന്നവരും അശ്രദ്ധയോടെ വ്യാഖ്യാനിക്കുന്നവരും ഇന്നുണ്ട്.

ചിലപ്പോൾ പ്രസംഗ മദ്ധ്യേ ചില വേദഭാഗങ്ങൾ ഓർമ്മയിൽ നിന്നും ഉദ്ധരിക്കേണ്ടതായി വന്നേക്കാം. വായിച്ചുറപ്പുവരുത്താത്തതിനാൽ അതിന് കൃത്യത കുറയാൻ സാധ്യതയുണ്ട്.

എന്നാൽ പ്രസംഗിക്കുന്ന പ്രധാന ഭാഗം തന്നെ വസ്തുതാപരമായി തെറ്റാണെങ്കിലോ….?
അത് ലൈവ് സംപ്രേഷണം കൂടിയാണെങ്കിലോ….?

ഇത്രയും പറയാൻ കാരണം ഇന്നലെ കണ്ടൊരു ലൈവ് പ്രസംഗമാണ്. പ്രഭാഷകൻ അപ്പൊസ്തല പ്രവൃത്തി 15-ാം അദ്ധ്യായത്തിലെ കാര്യങ്ങളാണ് തൊട്ടു വിടുന്നത്. ജാതികളിൽ നിന്നും വന്നവർ പരിച്ഛേദനയേൽക്കണം എന്ന് ചിലർ നിർബന്ധിച്ചപ്പോൾ അക്കാര്യം അപ്പൊസ്തലൻമാരും മൂപ്പൻമാരും യെരുശലേമിൽ ഒരുമിച്ച് കൂടി ചർച്ച ചെയ്യുന്നതാണ് ഈ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നത്.

ഇവിടെ പത്രോസ് ന്യായപ്രമാണം പാലിക്കണമെന്ന് വാദിച്ചെന്നാണ് പ്രസംഗകൻ്റെ കണ്ടെത്തൽ….! എന്നാൽ പത്രോസ് ന്യായപ്രമാണം എന്ന നുകം ശിഷ്യൻമാരുടെ കഴുത്തിൽ വെയ്ക്കരുതെന്നാണ് വാദിച്ചത്(15: 7-11) എന്ന് വേദഭാഗത്തിൽ വ്യക്തമാണ്. പരീശ പക്ഷത്തിൽ നിന്നു വിശ്വസിച്ചവരിൽ ചിലരാണ് പരിച്ഛേദനയ്ക്ക് വേണ്ടി വാദിച്ചത്(വാ.5).
(മറ്റൊരിക്കൽ പത്രോസ് കപടം കാണിച്ചപ്പോൾ പൗലോസ് തുറന്നെതിർത്തിട്ടുള്ള കാര്യം വിസ്മരിക്കുന്നില്ല – ഗലാ.2:11-15).

ഇത് അശ്രദ്ധ കൊണ്ട് സംഭവിച്ചതാകാം…..

എന്നാൽ രണ്ടാമത്തെ കണ്ടെത്തൽ അതിനെക്കാൾ പരിതാപകരമാണ്. വിഗ്രഹാർപ്പിതം, രക്തം, ശ്വാസം മുട്ടി ചത്തത്, പരസംഗം എന്നിവ മാത്രം ഒഴിഞ്ഞിരുന്നാൽ മതിയെന്നാണ് ജാതികളിൽ നിന്നും വിശ്വാസത്തിൽ വന്നവരോട് അപ്പൊസ്തലൻമാർ നിഷ്ക്കർഷിച്ചതത്രേ. ബാക്കി എല്ലാ പാപവും അവർക്ക് ചെയ്യാമായിരുന്നു…..!

‘പ്രവേശന തല’ത്തിൽ (entry level) ഇക്കാര്യം മതിയായിരുന്നു. പിന്നീടാണ് മറ്റു പാപങ്ങളും ചെയ്യരുതെന്ന് ഉപദേശിച്ചതെന്നാണ് (1കൊരി. 6:9,10) പ്രസംഗകൻ്റെ കണ്ടുപിടുത്തം…..

എന്താണ് വാസ്തവം….?

അപ്പൊസ്തലൻമാർ പ്രസംഗിച്ചത് മാനസാന്തരത്തിൻ്റേയും വേർപാടിൻ്റേയും ഉപദേശങ്ങളാണ്. ഹൃദയത്തിലെ നിരൂപണങ്ങളിൽ പോലും പാപം വരരുതെന്നാണ് യേശു പഠിപ്പിച്ചത്. കാരണം ഹൃദയമാണ് സകല പാപത്തിൻ്റെയും പ്രഭവകേന്ദ്രം. ഒരുവൻ ക്രിസ്തുവിലാകുമ്പോൾ അവൻ പുതു സൃഷ്ടിയായിക്കഴിഞ്ഞു.

എന്നാൽ പിന്നീട് സഭകളിൽ അശുദ്ധി രംഗപ്രവേശം ചെയ്തപ്പോഴാണ് അപ്പോസ്തലൻമാർ ശക്തമായി അത്തരം വിഷയങ്ങളെ പേരെടുത്തു പറഞ്ഞ് ശാസിക്കുന്നത്. എല്ലാം വിട്ട് വന്നവരിൽ വീണ്ടും പാപസ്വഭാവം വരുത്താൻ പിശാച് ശ്രമിക്കുമ്പോൾ അതിനെതിരെ ജാഗ്രത പുലർത്താനാണ് വ്യക്തികളെയും സഭയെയും അപ്പൊസ്തലൻമാർ ഉപദേശിച്ചത്.

മറ്റൊരു കാര്യം, മോശയുടെ പ്രമാണങ്ങളെ ആചാരപരം, ധാർമ്മീകം എന്നിങ്ങനെ രണ്ടായി തിരിക്കാം. പരിച്ഛേദന, ശബ്ബത്ത് എന്നിവ ആചാരപരമായ നിയമങ്ങളാണ്. ഇതിനെയാണ് യേശുക്രിസ്തുവും അപ്പൊസ്തലൻമാരും എതിർത്തത്. ധാർമ്മീക നിയമങ്ങളായ കുല ചെയ്യരുത്, മോഷ്ടിക്കരുത്, കള്ള സാക്ഷ്യം പറയരുത് തുടങ്ങിയവ പുതിയ നിയമസഭയും പിൻതുടരുകയാണ് ചെയ്തത്.

പ്രിയമുള്ളവരേ,
പലതരം ഉപദേശങ്ങൾ പാരിൽ മുളച്ച് പരക്കുമ്പോൾ സത്യഉപദേശത്തിൽ നില നിൽക്കാം. വിശുദ്ധിക്കും വേർപാടിനും വേണ്ടി വില കൊടുക്കാം…..!

പ്രിയ ദൈവദാസൻമാരേ, വചനം പ്രസംഗിക്കുമ്പോൾ ശരിയായ പഠനത്തിനും വ്യാഖ്യാനത്തിനും സമയമെടുക്കാം. പ്രസംഗിക്കുന്ന വേദഭാഗം മനസ്സിരുത്തി വായിച്ച് ഉറപ്പു വരുത്താം….!!

സഭാ വിശ്വാസികൾ മാത്രമല്ല പ്രേക്ഷകർ എന്നതിനാൽ ലൈവ് പ്രസംഗകർ ജാഗ്രതൈ……!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply