പുത്തൻ പ്രതീക്ഷകളും പുതിയ സ്വപ്ങ്ങളുമായി ഒരു പുതുവർഷം കൂടി വന്നെത്തി. ഒത്തിരി ഒത്തിരിസ്വപ്‌നസാക്ഷാത്കാരത്തിനായി കാത്തിരിക്കുന്നു നമ്മിൽ ഓരോരുത്തരും. സ്വപ്‌നങ്ങൾ സഫലമാകട്ടെ! ദൈവവചനം പറയുന്നു: നിന്റെ പ്രവർത്തികളെ യഹോവയ്‌ക്കു സമർപ്പിക്ക. എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും (സദൃ:16:3) സർവ്വശക്തനിൽ സമർപ്പിച്ചു കൊണ്ട് മുന്നേറാം, ജീവിതത്തിൽ വിജയം നിശ്ചയം. ഇതിനിടയിലും നമ്മിൽ നിന്നും അകന്നുപോയ വർഷം അനേകസ്വപ്‌നങ്ങൾ പൂർത്തീകരിക്കപ്പെടാതെ നിലനിൽക്കുന്നു. അനേകം പ്രാർത്ഥനയുടെ മറുപടി, ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന പലആഗ്രഹങ്ങളും ലഭിക്കാതെ നിരാശയോടെ പലപ്പോഴും ചിന്തിക്കുന്നു, എന്തുകൊണ്ട് ദൈവമേ,…. പ്രിയരേ, തളർന്നു പോകേണ്ട, തക്കസമയത്ത് നാം കൊയ്യും. നമ്മുടെ പ്രാർത്ഥനയുടെ മറുപടി ലഭിക്കും, സ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെടും.
കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് വേണ്ടി ദീർഘക്ഷമയോടെ കാത്തിരിക്കുന്നതുപോലെ നമുക്കും സകലവും അതാതിന്റെ സമയത്ത് ഭംഗിയായി ചെയ്യുന്ന ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് കാത്തിരിക്കാം. കാത്തിരുന്നിട്ടും ലഭിച്ചില്ലല്ലോ എന്നുള്ള നിരാശ വേണ്ട കൊയ്യാനുള്ള പാകത്തിന് വിളവ് ആയില്ല എന്ന് ആശിക്കേണം… സമയാസമയങ്ങളിൽ വചനം, പ്രാർഥന, വിശ്വാസം എന്നീവിധ വളവും, വെള്ളവും നൽകാം, വിലയേറിയ ഫലം നാം കൊയ്യും. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം, നിന്റെ പ്രത്യാശയ്‌ക്കു ഭംഗം വരികയുമില്ല. വിശ്വാസത്തോടെ മുന്നേറാം!!!