മികച്ച ഹോസ്പിറ്റൽ നഴ്സിങ് അഡ്മിനിസ്ട്രേറ്റർ പുരസ്‌കാരം ബിന്ദു ലൂക്കോസിന് സമ്മാനിച്ചു
ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ ഏഷ്യയിലെ ഏറ്റവും വലിയ അവാർഡ് ദാന ചടങ്ങിന് തലസ്ഥാന നഗരി വേദിയായി. 2019 ലെ ആതുര ശുശ്രൂഷ രംഗത്ത് ഭരണ മികവിനുള്ള സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് മലയാളിയും ഡൽഹി പശ്ചിമ വിഹാർ ദി പെന്തെക്കോസ്ത് മിഷൻ സഭാംഗവുമായ ബിന്ദു ലൂക്കോസിന് ലഭിച്ചു.
മികച്ച ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററിന് (നഴ്സിങ്) ആരോഗ്യ രംഗത്ത് ഓസ്കാർ പുരസ്‌കാരം ഡിസംബർ 26 ന് ന്യൂഡൽഹി എയർഒസിറ്റി പുൾമാൻ ഹോട്ടലിൽ വെച്ച് കേന്ദ്ര ധനകാര്യം – കോർപ്പറേറ്റ് സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ സമ്മാനിച്ചു. ആദ്യമായാണ് ഈ മേഖലയിൽ ഒരു മലയാളിക്ക് സിക്സ് സിഗ്മ ഹെൽത്ത് കെയറിന്റെ പുരസ്‌കാരം ലഭിക്കുന്നത്. 2019 ലെ നഴ്സിങ് മേഖലയിൽ നിന്നും സിക്സ് സിഗ്മ ഹെൽത്ത് കെയർ പുരസ്‌കാരം ലഭിച്ച ഏക വ്യക്തിയും ബിന്ദു ലൂക്കോസ് ആണ്.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത് (സിഡിഎസ്), കേന്ദ്ര സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ, ഡൽഹി എയിംസ് ഡയറക്ടർ പ്രൊ.ഡോ. രൺദീപ് ഗുലേറിയ, ഡൽഹി ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറിസ് സെന്റർ ചെയർമാൻ മേജർ എച്ചപിഎസ് അഹ്ലുവാലിയ, എയിംസ് ഋഷികേഷ് ഡയറക്ടർ പ്രൊ.ഡോ. രവികാന്ത്, എയർ മാർഷൽ ഡോ പവൻ കപൂർ, ഉത്തരാഖണ്ഡ് കൃഷി വകുപ്പ മന്ത്രി സുബോധ് യുണിയാൽ, സിക്സ് സിഗ്മ ബോർഡ് ചെയർമാൻ കിറിട് പ്രേംജിബായി സോളങ്കി എംപി, ആർമി ഫോഴ്സ് ജനറൽ അനൂപ് ബാനർജി, എയർ മാർഷൽ കമ്മാന്റിങ് ചീഫ് അരവിന്ദ്ര സിംഗ് ബുട്ടോല, സുബേദാർ മേജർ യോഗേന്ദ്ര സിംഗ് യാദവ്, ക്യാപ്റ്റൻ ബന സിംഗ്, സിക്സ് സിഗ്മ സിഇഓ ഡോ. പ്രദീപ് ബരദ്വാജ്, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ജ്യോതി കിസാക്കി അംഗീ തുടങ്ങിയവരുടെ സാന്നിധ്യയം ചടങ്ങിനു മിഴിവേകി.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിക്സ് സിഗ്മ സ്റ്റാർ ഹെൽത്ത് കെയർ ആരോഗ്യ മേഖലയിലെ റേറ്റിംഗിൽ ലോകത്തിലെ നാലാമതും ഇന്ത്യയിലെ ഒന്നാമതുമാണ്.
മികച്ച പ്രതിഭകളെ 16 അംഗ ജൂറി കണ്ടത്തി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ആരോഗ്യ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത മറ്റു വിജയികൾക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 700 ഓളം നാമനിർദേശങ്ങളിൽ നിന്നുമാണ് മലയാളിയായ ബിന്ദു ലൂക്കോസിന് മികച്ച ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററായി (നഴ്സിങ്) തിരഞ്ഞെടുത്തത്.
ഡൽഹിയിലെ രോഹിണി ശ്രീ അഗ്രസെൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ നഴ്സിങ് ഡയറക്ടറായി സേവനാമനിഷ്ഠിക്കുന്ന ബിന്ദു ലൂക്കോസ് കൊല്ലം ജില്ലയിലെ ചണ്ണപ്പേട്ട പ്ലാവിള പുത്തൻവീട്ടിൽ എം ലൂക്കോസ്-അമ്മിണികുട്ടി ദമ്പതികളുടെ മകളാണ്. ഭർത്താവ് റാന്നി വെച്ചൂച്ചിറ പുന്നമൂട്ടിൽ ജോർജ് തോമസ് (സാജൻ) ഡൽഹി ദ്വാരക ആകാശ് ഹെൽത്ത് കെയർ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം മാനേജറായി സേവനാമനിഷ്ഠിക്കുന്നു.
മക്കൾ: ഫെബിൻ ജോർജ്, ക്രിസ് ജോർജ്.
ഇന്ത്യക്ക് പുറമെ ജപ്പാൻ, ചൈന, ഭൂട്ടാൻ, വിയറ്റ്നാം, യുഎഇ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ആരോഗ്യ മേഖലയിലെ പ്രമുഖരും ഐഎഎസ്, ഐപിഎസ് ഓഫീസർമാരും ജനപ്രതിനിധികളും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.




- Advertisement -