മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ കൂട്ടായ്മ യോഗം സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. വിദേശ മിഷനറി വനിത ആയ മേരി ചാപ്മാൻ അന്ത്യവിശ്രമം കൊള്ളുന്ന മാവേലിക്കരയിലുള്ള ഫസ്റ്റ് ഏ.ജി. സഭയിൽ ആണ് സെക്ഷൻ സമ്മേളനം നടക്കുന്നത്. 1924ൽ മേരി ചാപ്മാൻ കേരളത്തിൽ എത്തുകയും ഒട്ടനേകം മിഷനറിമാർ ക്കൊപ്പം നടത്തിയ സുവിശേഷ പ്രവർത്തനത്തിന്റെ ഫലവുമായാണ് മാവേലിക്കര ഫസ്റ്റ് ഏ.ജി. ഉടലെടുത്തത്. അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെ മലങ്കരയിലുള്ള ആദ്യ സഭയാണ് ഇത്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്കിന്റെ ആസ്ഥാനമായ പുനലൂരിൽ സ്ഥിതി ചെയ്യുന്ന ബെഥേൽ ബൈബിൾ കോളേജിന്റെ ആരംഭവും ആ കാലഘട്ടത്തിൽ മാവേലിക്കരയിൽ ആയിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ മുഖ്യ സന്ദേശം നൽകും. മാവേലിക്കര സെക്ഷന്റെ പ്രസ്‌ബിറ്റർ പാസ്റ്റർ ടി.ജി. ശാമുവൽ അധ്യക്ഷത വഹിക്കും. മാവേലിക്കര ഏ.ജി. ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം വഹിക്കും. സെക്ഷൻ ഭാരവാഹികൾ വിവിധ ശുശ്രൂഷകളിൽ പങ്കാളികൾ ആകും. പതിനെട്ടോളം പ്രാദേശിക സഭകളാണ് മാവേലിക്കര സെക്ഷനിൽ ഉള്ളത്.