ലേഖനം: സനാഥരെങ്കിലും അനാഥർ | അനു ഗ്രേയ്സ് ചാക്കോ

ഒരിക്കൽ ഒരു വൃദ്ധൻ ഒരു തോട്ടത്തിന്റെ പുറംകയ്യാല വയ്ക്കുകയായിരുന്നു. നല്ല വലിപ്പമുള്ള കല്ലുകൾ ആണിക്കിട്ടു ഉറപ്പുള്ള ആ കയ്യാല കെട്ടുന്നത് നോക്കി നിന്ന ഒരു കുട്ടി വൃദ്ധനായ പണിക്കാരനോട് ചോദിച്ചു: വലിയ കല്ലുകൾക്ക് ഇടയിൽ എന്തിനാണ് ചീള്കല്ലുകൾ തിരുകി ഉറപ്പിക്കുന്നത് ?
വൃദ്ധന്റ മറുപടി ശ്രദ്ധേയമായിരുന്നു.: മനുഷ്യരെപ്പോലെ ആണ് ഈ കല്ലകളും. വലിയ കല്ലുകൾ യഥാസ്ഥാനങ്ങളിൽ ഉറച്ചിരിക്കണം എങ്കിൽ എന്നെപോലെ ഉള്ള ചീള്കല്ലുകൾ ആവശ്യമാണ്. ഈ ചീളുകൾ വെച്ചു ഉറപ്പിച്ചില്ല എങ്കിൽ വലിയ കല്ലുകൾ ഇളകി കയ്യാല ഇടിഞ്ഞുപോകാൻ സാധ്യത ഉണ്ട്.
എത്ര വലിയ സന്ദേശം ആണ് കഥയിലെ വൃദ്ധൻ നമുക്ക് നൽകി തരുന്നത്.. കാഴ്ച്ചയിൽ വലിയ ഭംഗിയും വലിപ്പവും ഒന്നുമില്ല എങ്കിലും ചീള്കല്ലുകൾ പോലെ നമ്മുടെ സമൂഹത്തിന്റെ, കുടുംബത്തിന്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ് പ്രായമുള്ള നമ്മുടെ മാതാപിതാക്കൾ.

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ദൈവം നിയമിച്ചിരിക്കുന്ന ഒരു കാലഘട്ടം ആണ് വാർദ്ധക്യം. മനുഷ്യൻ മാത്രം അല്ല പക്ഷികളും മൃഗങ്ങളും വൃക്ഷലതാദികളും എല്ലാം വാർദ്ധക്യം എന്ന സമസ്യയിലൂടെ കടന്ന് പോകണ്ടവരാണ്. പക്ഷെ മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലങ്ങളും വാർദ്ധക്യത്തെ ഭയപ്പെടുന്നില്ല എന്നതാണ് വാസ്തവം.
മനുഷ്യൻ ഇന്ന് ഏറ്റവും അധികം ഭയക്കുന്ന ഒന്നാണ് വാർദ്ധക്യം. യഥാർത്ഥത്തിൽ എപ്പോഴാണ് ഒരു വ്യക്തി വർദ്ധക്യത്തിൽ എത്തുന്നത്. ത്വക്ക് ചുളിയുമ്പോഴോ ജരാ നരകൾ ബാധിക്കുമ്പോഴോ ആണെന്ന് കരുതിയാൽ തെറ്റി. ഒരാളുടെ മനസ്സ് ദുർബലമാകുമ്പോൾ ആണ് അയാൾ വാർദ്ധക്യത്തിൽ പ്രവേശിക്കുന്നത്.
പലർക്കും പ്രിയമില്ലാത്ത പ്രായമായി വാർദ്ധക്യം മാറുന്നു.ലോക പ്രശസ്ത സാഹിത്യകാരനായ ഷേക്സ്പിയർ വാർദ്ധക്യത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു,: യൗവ്വനമേ നിന്നെ ഞാൻ ആരാധിക്കുന്നു. വാർദ്ധക്യ മേ നിന്നെ ഞാൻ വെറുക്കുന്നു.

പലർക്കും വാർദ്ധക്യം ഇന്ന് അപ്രിയമായി മാറുന്നതിന് കാരണങ്ങൾ പലതാണ്. ഒരു കാലത്ത് പൂജാമുറിയിലെ വിഗ്രഹങ്ങളെ കഴിഞ്ഞും കേരള ജനത വൃദ്ധരെ ബഹുമാനിച്ചിരുന്നു. വീട്ടിലെ പ്രായമായ മാതാപിതാക്കളോട് ഭയ ബഹുമാനങ്ങളോടെ മാത്രമേ കുടുംബത്തിലുള്ളവർ പെരുമാറിയിരുന്നുള്ളു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മടിത്തട്ടിൽ അവരുടെ ലാളനകളേറ്റാണ് ഓരോ കുട്ടിയും വളർന്ന് വന്നത്. എന്നാൽ സുഖ സൗകര്യങ്ങൾ വർദ്ധിച്ചു തോടെ മാതാപിതാക്കളോടുള്ള സമീപനത്തിനും മാറ്റങ്ങൾ സംഭവിച്ചു. പ്രായമുള്ളവരെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചതലമുറ ഇന്ന് അവരെ കാണുന്നത് തന്നെ അവജ്ഞയോടെയാണ്. നേരെ നിന്ന് സംസാരിക്കുവാൻ ശങ്കിച്ചിരുന്ന മക്കളും കൊച്ചുമക്കളുമെല്ലാം ഇന്ന് അവരുടെ നേരെ മുഷ്ടി ചുരുട്ടി ആക്രോശിക്കുമ്പോൾ നമ്മുടെ സമൂഹം എത്രമാത്രം അധപതിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുക. പലരും മാതാപിതാക്കളെ വിളിക്കുന്ന ഭാഷകൾ കേട്ടാൽ ഇവർ ഇത്രയ്ക്കും സംസ്ക്കാര ശൂന്യരാണോ എന്ന് ചിന്തിച്ചു പോകും. പല മാതാപിതാക്കളെയും മക്കൾ വിളിക്കുന്നത് തള്ള, പിശാച്, കിളവൻ എന്നൊക്കെയാണ്. ഇതൊക്കെ കാണുമ്പോൾ സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ശരി ആണെന്ന് തോന്നിപോകും.

ആവശ്യത്തിലധികം ബാങ്ക് ബാലൻസും, മണിമാളികകളും, സമൂഹത്തിൽ നല്ല പദവികളും ഒക്കെ ലഭിക്കുമ്പോൾ പല മക്കൾക്കും അവരുടെ മാതാപിതാക്കൾ ഒരു ബാദ്ധ്യതയായി തോന്നിത്തുടങ്ങുന്നു. സ്വന്തം മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും ഫലമാണ് താനിന്ന് അനുഭവിക്കുന്ന നന്മകളെന്നു പല മക്കളും മറന്നു പോവുകയാണ്. പല വീടുകളുടെയും സ്വീകരണമുറികളിൽ ഇന്ന് പ്രായമായവർക്ക് പ്രവേശനം ഇല്ല . അതിഥികൾ വരുമ്പോൾ പ്രായമായ മാതാപിതാക്കളുടെ രീതികളും പെരുമാറ്റങ്ങളും തങ്ങളുടെ സ്റ്റാറ്റസിനു ചേർന്നതല്ല എന്നതാണ് അവരുടെ ന്യായം. അവരുടെ ഗന്ധം പോലും വീടുകളെ അശുദ്ധമാക്കുന്നു എന്നു പറയുന്ന മക്കളും കുറവല്ല.
ഒരു കാലത്ത് ഉമ്മറത്ത് പുഞ്ചിരി തൂകി നിൽക്കുന്ന മുത്തശ്ശന്മാരും മുത്തശ്ശിമാരും ആ വീടിന്റെ ഐശ്വര്യം ആയിരുന്നു.എന്നാൽ ഇന്നാവട്ടെ ഈ കിളവനെ കണി കണ്ടതുകൊണ്ട് ഇന്നത്തെ ദിവസം പോയി എന്നു പറയുന്നവരും ഏറ്റവരികയല്ലേ?
സ്വന്തം മാതാപിതാക്കളുടെ മുഖം കണ്ടുണരുന്നത് ഒരനു ഗ്രഹം തന്നെ ,അതിനെ ശാപമായി കാണുന്ന ആധുനിക മക്കളുടെ കാഴ്ചപ്പാടുകൾ എത്രമാത്രം വികലമാണ്.
പല വീടുകളിലും മാതാപിതാക്കളോടു സംസാരിക്കുവാനോ വീട്ടിലെ കൊച്ചു കുഞ്ഞുങ്ങളേപ്പോലും അവരുടെ അടുക്കലേക്കു വിടുവാനോ ആരും തയ്യാറല്ല. തിരക്കുകൾ നിറഞ്ഞ ആധുനിക ലോകത്ത് പ്രായമുള്ളവർ ഒരു ബാദ്ധ്യതയായി മാറുന്നു. നാടിനും വീടിനും ബാദ്ധ്യതയായ മാതാപിതാക്കളെ ലക്ഷങ്ങൾ മുടക്കി സു രക്ഷിത സങ്കേതങ്ങളായ അനാഥാലയങ്ങളിലാക്കി ശല്യം ഒഴിഞ്ഞ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങുന്ന മക്കളുടെ എണ്ണം ധാരാളം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അനാഥാലയങ്ങൾ ഉള്ളത് കേരളത്തിലാണ്. സാമുഹൃനീതി വകുപ്പിന്റെ കണക്കനുസരിച്ചു കേരളത്തിൽ ഇപ്പോൾ 565 വൃദ്ധസദനങ്ങളിലായി 10, 500 അനാഥരുണ്ട്. മുമ്പ് നാടും വീടും ആരും ഇല്ലാത്തവരാണ് അനാഥാലയങ്ങളിൽ അഭയം തേടിയിരുന്നത് .എന്നാൽ ഇന്ന് മക്കളും കൂടപ്പിറപ്പുകളും എല്ലാവരുമുള്ള സനാഥരാണ് അനാഥാലയങ്ങളിൽ ചേക്കേറുന്നവരിൽ ഏറെയും .ഒരു നായ്ക്കുഞ്ഞിനെ തെരുവിലേക്കു വലിച്ചെറിയുന്ന ലാഘവത്തോടെ പല മക്കളും മരുമക്കളും ചേർന്ന്, ജനിപ്പിച്ചു വളർത്തിയ മാതാപിതാക്കളെ തെരുവിലേക്കു തള്ളിവിടുന്നത് എത്രയോ കഷ്ടം. അടുത്ത നാളിൽ കേരളത്തിൽ അറിയപ്പെടുന്ന അനാഥാലയം നടത്തുന്ന ഒരാൾ തെരുവിൽ നിന്നും അർദ്ധ പ്രാണനായി കണ്ടെടുത്ത വൃദ്ധനെ വൃത്തിയാക്കിയപ്പോൾ മലദ്വാരത്തിൽ നിന്നു മീറ്ററുകൾ നീളമുള്ള തുണിക്കഷണം കണ്ടെത്തുകയുണ്ടായി. സ്വന്തം പിതാവ് മലമൂത്ര വിസർജനം നടത്താതിരിക്കുവാൻ മക്കൾ കണ്ടെത്തിയ മാർഗ്ഗം ആയിരുന്നു. സാക്ഷര കേരളം ലജ്ജിച്ചു തലതാഴ്ത്തണ്ട നാണം കെട്ട സംഭവം?
സ്വർഗ്ഗതുല്യമായിരുന്ന പല ഭവനങ്ങളും നരകതുല്ല്യമായി മാറിയതിന്റെ പല കാരണങ്ങളിൽ ഒന്ന് മരുമക്കളുടെ വരവോടെ ആണ്. ഭർത്താവിന്റെ മാതാപിതാക്കന്മാരെ സ്വന്തം പിതാവും മാതാവും ആയി അംഗീകരിപ്പാൻ പല പെൺകുട്ടികൾക്കും കഴിയുന്നില്ല. പല ആൺമക്കൾക്കും മാതാപിതാക്കളെ സംരക്ഷിക്കുവാൻ അഗ്രഹം ഉണ്ടങ്കിലും വിവാഹാനന്തരം ഭാര്യയുടെ ഇഷ്ടക്കേടും, താൽപ്പര്യം ഇല്ലായ്മയും നിമിത്തം അനാഥാലയങ്ങളിൽ ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുന്നു. പെൺകുട്ടികളെ വളർത്തുന്ന അമ്മമാർ ഈ കാര്യത്തിൽ കൂടുതൽ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകിയിരുന്നെങ്കിൽ അനാഥരാകുന്ന പ്രായമുള്ളവരുടെ എണ്ണം തീർച്ചയായും കുറയുമായിരുന്നു.
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബ വ്യവസ്ഥയിലേക്കു ചേക്കേറിയതും അനാഥാലയങ്ങൾ പെരുകുന്നതിനു കാരണമായി.

നാം എത്ര തിരക്ക് ഉള്ളവരാണ് എങ്കിലും നമ്മെ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന മാതാപിതാക്കൾ ഉണ്ട്. അവരോട് സംസാരിക്കുന്നതും സമയം പങ്കിടുന്നതും ഒരിക്കലും നഷ്ടംഅല്ല. അനാഥലയങ്ങളിൽ ഏൽപ്പിച്ചു നിങ്ങൾ മടങ്ങുമ്പോഴും നിങ്ങൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിക്കുന്നവരാണ് അവർ. ഒരു വൃക്ഷത്തിന്റെ യഥാർത്ഥ വലുപ്പം മനസിലാകുന്നത് അത് വെട്ടിമാറ്റുമ്പോഴാണ്. വടു വൃക്ഷങ്ങളാണ് ഓരോ മാ പിതാക്കന്മാരും. വൃക്ഷത്തിന്റെ ആയുസ്സ് കൂടുന്തോറും അതിന്റെ മൂല്യം വർദ്ധിക്കുന്നു, കാതൽ ഉള്ളതായി തീരുന്നു.
ഇതു പോലെ തന്നെയാണ് പ്രായമായവരെ നാം കാണണ്ടത്. പ്രായമായ തുകൊണ്ട് വില കുറഞ്ഞ പാഴ്വസ്തുവായി കാണാതെ, മൂല്യമുള്ള നിധിയായി അവരെ കാത്തു സൂക്ഷിക്കാം.
വിതയ്ക്കുന്നതേ കൊയ്യു. നമ്മുടെ മാതാപിതാക്കളെ നാം എങ്ങനെ ശ്രശ്രുഷിക്കുന്നോ അതേ രീതിയിൽ തന്നെയാകും സ്വന്തം മക്കൾ പ്രായമാകുമ്പോൾ നമ്മ ശ്രശ്രൂഷിക്കുന്നത്. സ്വന്തം മാതാപിതാക്കളെ തിരസ്ക്കരിക്കുന്നവർ സ്വന്തം മക്കളാൽ തിരസ്ക്കരിക്കപ്പെടും എന്നത് സ്വഭാവികം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply