യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ സ്വതന്ത്രമാകാന്‍ ഇനി 103 ദിനങ്ങള്‍ മാത്രം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ സ്വതന്ത്രമാകാന്‍ ഇനി 103 ദിനങ്ങള്‍ മാത്രം. 2019 മാര്‍ച്ച് 29നാകും ബ്രെക്സിറ്റ് പൂര്‍ണതോതില്‍ നടപ്പിലാവുക. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള യു.കെയുടെ നടപടിക്രമം പ്രധാനമന്ത്രി തെരേസ മേ തുടങ്ങുന്നത് 2017 മാര്‍ച്ച് 29നാണ്. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വിടണമെങ്കില്‍ രണ്ട് വര്‍ഷത്തെ സാവകാശം ഇരു വിഭാഗങ്ങളും പാലിക്കണമെന്നാണ്.
അതിനാലാണ് യു.കെയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സമയം 2019 മാര്‍ച്ച് 29ന് 11 മണി എന്ന് നിശ്ചയിക്കപ്പെട്ടത്. 28 അംഗരാജ്യങ്ങളും അനുവദിക്കുകയാണെങ്കില്‍ സമയം കൂടുതല്‍ നീട്ടിക്കിട്ടും. എന്നാല്‍ കാലാവധി നീട്ടുന്ന കാര്യം യൂറോപ്യന്‍ യൂണിയനും യുകെയും നിലവില്‍ ആലോചിക്കുന്നില്ല. 2016 ജൂണ്‍ 23ന് ബ്രിട്ടണില്‍ നടന്ന ഹിതപരിശോധനയാണ് ബ്രെക്സിറ്റിന് കളമൊരുക്കിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന പരിശോധനയായിരുന്നു നടന്നത്.