ചാലക്കുടിയിൽ ഇന്നലെ വീശിയടിച്ച ചുഴലിക്കാറ്റിലും പെരുമഴയിലും വ്യാപക നാശനഷ്ടം

ചാലക്കുടി: ഇന്നലെ വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റും പെരുമഴയും ചാലക്കുടിയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടുമണിക്കൂര്‍. ശക്തമായ കാറ്റില്‍ പല കെട്ടിടങ്ങളുടേയും മേല്‍ക്കൂര തകര്‍ന്നു വീണു. അഞ്ചുമണിയോടെ തുടങ്ങിയ കാറ്റില്‍ ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുവീഴുകയും തെന്നി നീങ്ങുകയു ചെയ്തതോടെ ജനം വിരണ്ടു.

വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടേയും മേല്‍ക്കൂര ഇളകി വീണു. റോഡിലേക്ക് മേല്‍ക്കൂര ഇളകി വീണ് ചാലക്കുടിയില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി സുരഭി തിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തിയ്യറ്ററിന്റെ അകത്തേക്ക് വെള്ളം ഇരച്ചു കയറി. അളാപായമില്ല. ചിത്രം തീരും മുന്‍പേ ആളുകള്‍ എഴുന്നേറ്റോടി. സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീട്ടിലേക്ക് വരുന്ന സമയമായത് വീട്ടുകാരെയും പരിഭ്രാന്തരാക്കി. പലയിടത്തും ആളപായം ഒഴിവായത് തലനാരിഴയ്ക്കാണ്. സ്‌കൂള്‍ കുട്ടികളും തൊഴിലിടങ്ങളില്‍നിന്നു ആളുകളും വീട്ടിലേക്കു മടങ്ങുമ്ബോഴാണ് ചുഴലിയും മഴയും നാശം വിതച്ചത്. ഭൂചലനവുമുണ്ടായെന്ന പ്രചാരണം കൂടി വന്നതോടെ ഫോണ്‍ വിളികളുടെ ബഹളമായി. വൈകിട്ട് അഞ്ചു മണിയോടെയാണ് നാടിനെ ആശങ്കയിലാക്കി ചുഴലിക്കാറ്റ് വീശിയടിച്ചത്.

ഉറ്റവര്‍ വീട്ടിലെത്താതെ വന്നപ്പോള്‍ പരിഭ്രാന്തിയായിരുന്നു. വാട്‌സാപ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രകൃതിക്ഷോഭത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചതോടെ ആധി പെരുകി. മരങ്ങള്‍ വീണ് പലഭാഗത്തും ഗതാഗതം സ്തംഭിച്ചെങ്കിലും അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് അധികം വൈകാതെ ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാതയിലേയും അടിപ്പാതയുടെ പരിസരത്തുമുള്ള ബാരിക്കേഡുകളും തകര്‍ന്നതോടെ പൊലീസെത്തി ട്രാഫിക് കോണുകളും റിബണുകളും ഉപയോഗിച്ചു സുരക്ഷയൊരുക്കി.

ദേശീയപാതാ അഥോറിറ്റി ജീവനക്കാരും സ്ഥലത്തെത്തി. കനത്ത മഴയോടൊപ്പം ശക്തമായ മിന്നലുമുണ്ടായിരുന്നു. കാറ്റില്‍ ചാലക്കുടി പള്ളി സ്റ്റോപ്പിലേക്കുള്ള ലിങ്ക് റോഡിന്റെ ഇരുവശത്തെയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. മേല്‍ക്കൂര മേഞ്ഞിരുന്ന അലുമിനിയം ഷീറ്റുകള്‍ പറന്നു റോഡില്‍ പതിച്ചു. സൗത്ത് ജംക്ഷന്‍ പള്ളി റോഡിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസ്, ബിഎംഎസ് മേഖല കമ്മിറ്റി ഓഫിസ് എന്നിവയുടെ മേല്‍ക്കൂര തകര്‍ന്നു.

സൗത്ത് ജംക്ഷനില്‍ സര്‍വീസ് റോഡിനു സമീപം കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡ് ഒടിഞ്ഞ് തൂങ്ങി. ഹൗസിങ് ബോര്‍ഡ് കോളനി, കണ്ണമ്ബുഴ ക്ഷേത്രം റോഡ്, കോണ്‍വന്റ് റോഡ് എന്നിവിടങ്ങളിലും റോഡിലേയ്ക്കു മരങ്ങള്‍ ഒടിഞ്ഞു വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇതുവരെ കണ്ടിട്ടില്ലാത്തവിധം പ്രകൃതിക്ഷോഭമാണ് അനുഭവപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply