എഡിറ്റോറിയൽ: കലകൾ തീർക്കുന്ന കള്ളന്മാരുടെ ഗുഹ
ഒരു ഭക്തന്റെ ജീവിതത്തിൽ വിശുദ്ധി എന്നത് ആലയത്തിനു അകത്ത് മാത്രമല്ല അവന്റെ ജീവിതം തന്നെ നിശബ്ദത സുവിശേഷികരണമാണ്.
വേർപ്പെട്ട് വേർപ്പെട്ട് ദൈവത്തിൽ നിന്നും വേർപെട്ടുപോയ ദൈവജനം ലോകവുമായി കൈകോർത്ത് ദൈവാലയത്തിനു പുറത്ത് സമ്പത്ത് വർദ്ധിപ്പിക്കുന്ന ഒന്നാന്തര കച്ചവടക്കാരനും ദൈവാലയത്തിനു അകത്തു ആത്മീയ വേഷമണിഞ്ഞ ഭക്തനുമാകുന്ന കലകൾ സഭക്കുള്ളിൽ പ്രോത്സാഹിക്കപ്പെടുന്നത് ഇന്നിന്റെ ആത്മീയഗോളത്തിലെ ദുഃഖകാഴ്ചയാണ്.
മുടന്തുള്ളവനെ ദൈവാലയത്തിനു പുറത്തു ഇരുത്തി എങ്ങനെയും ചിലറകൾ സ്വന്തം ചട്ടിയിൽ വീഴ്ത്തുവാൻ നോക്കുന്ന വാണിജ്യതന്ത്രം നവയുഗ സഭയുടെ ചലിക്കുന്ന ചിത്രങ്ങൾ ആണ്.
ദൈവനാമ മഹത്വപ്പെടേണ്ട വിശാല വേദികളിൽ ആത്മാവിന് ഇമ്പമുള്ള ഗാനങ്ങളും വചനങ്ങളും വഴിമാറി സഭയെ ലോകത്തിൽ ലയിപ്പിക്കുന്ന
കർണ്ണരസമുളവാക്കുന്ന കലാകാരന്മാരുടെ കലകൾ ആസ്വദിക്കും വേദികളാക്കിമാറ്റുന്ന ഇന്നത്തെ തലമുറ വിസ്മരിക്കുന്നത് “എന്റെ വരവിങ്കൽ നിങ്ങൾ
വിശ്വാസം കണ്ടെത്തുമോ?” എന്ന നാഥന്റെ ചോദ്യമാണ്.
കലകൾ പ്രോത്സാഹിക്കപ്പെടണം എന്ന് തന്നെയാണ് എന്റെയും മതം പക്ഷെ അതിനുള്ള വേദി ആത്മീയ ശുശ്രുഷകൾ നിർവഹിക്കുന്ന ആലയത്തിനു അകത്ത് ആകരുത് എന്ന് മാത്രം ആലയത്തിനകത്തുള്ള ദൈവിക ശുശ്രുഷകൾ വിശുദ്ധിക്കുവേണ്ടി വിലകൊടുക്കുന്ന അഭിഷേകമുള്ളവർ ചെയ്യട്ടെ.
ഒരു ഭക്തന്റെ ജീവിതത്തിൽ വിശുദ്ധി എന്നത് ആലയത്തിനു അകത്ത് മാത്രമല്ല അവന്റെ ജീവിതം തന്നെ നിശബ്ദത സുവിശേഷികരണമാണ്.
ക്രിസ്തുവിന്റെ ഭാവം ഉള്ളവന് മറ്റുള്ളവരെ ക്രിസ്തുവിങ്കലേക്ക് ആകര്ഷിക്കുവാൻ കഴിയും. അതിന് കേവലം ഒരു വാക്കിന്റെ
സഹായംപോലും വേണ്ടിവരില്ലായിരിക്കാം.
യുഗങ്ങളുടെ പാറയായ ക്രിസ്തുവിൽ അടിസ്ഥാനമിട്ട സഭയിൽ, ദൈവിക പ്രമാണമതിലുകളുടെ ഉയരം കുറച്ച് ലോകത്തിനെ
നുഴഞ്ഞുകേറുവാൻ മൗനമായി അനുവദിക്കുന്ന ചില നേതൃത്വങ്ങൾ വരുംതലമുറയെ അനാത്മീയരാക്കിയേക്കും എന്ന് ചൂണ്ടികാട്ടുന്നവരെ
പരീശൻ എന്ന് മുദ്രകുത്തി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുമ്പോൾ മുഖപക്ഷംകൂടാതെ അവനവന്റെ പ്രവർത്തികൾക്ക്
ന്യായം വിധിക്കുന്ന ദൈവിക സന്നിധിയിൽ നമ്മുടെ പ്രവാസകാലം ഭയത്തോടെ കഴിക്കാം.
ഉന്നതർ വീണുപോകുന്ന ഓട്ടകളത്തിൽ
നമ്മെ വീഴാതെവണ്ണം നിലനിർത്തിയ ദൈവത്തിന്റെ മഹാകൃപക്ക് നന്ദി പറഞ്ഞുകൊണ്ട് നിത്യത കൈവെടിയാതെ അന്ത്യംവരെ യാത്ര ചെയ്യാം.
-ബിനു വടക്കുംചേരി