പി.വൈ.പി.എ പ്രായപരിധി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു
കുമ്പനാട്: പി.വൈ.പി.എ അംഗങ്ങളുടെ പ്രായപരിധി 15 വയസ്സ് മുതൽ 35 വരെയാണെന്ന് ഐ.പി.സി. ജനറൽ കൗൺസിൽ അറിയിച്ചതായി സാമൂഹ്യ മാധ്യമങ്ങൾ വഴി അടിസ്ഥാന രഹിതമായ പ്രചരണം നടക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്ന് ജനറൽ കൗൺസിൽ അംഗം അഡ്വ. ശ്യാം കുരുവിള ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. പുതിയതായി യാതൊരു വിധമായ തീരുമാനങ്ങളും നിലവിൽ കൈക്കൊണ്ടിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന പി.വൈ.പി.എ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് അത് അട്ടിമറിക്കുന്നതിനായി തൽപര കക്ഷികൾ മെനയുന്ന ഭാവനകൾ മാത്രമാണിതെന്നും, ഇത് ഒരിക്കലും ദൈവജനത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കൂടിയ യോഗത്തിൽ മുഴുവൻ സമയവും ജനറൽ കൗൺസിൽ അംഗം എന്ന നിലയിൽ അഡ്വ. ശ്യാം കുരുവിള പങ്കെടുക്കുകയുണ്ടായി. ഈ യോഗത്തിൽ ഇത്തരത്തിൽ ഉള്ള യാതൊരു തീരുമാനവും എടുത്തിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പ്രായപരിധി കുറക്കുവാനുള്ള അപേക്ഷ പാസ്റ്റർ സുദർശനൻ പിള്ള സമർപ്പിച്ചെങ്കിലും അതിന്മേൽ ഒരു തീരുമാനവും എടുക്കാതെയാണ് കമ്മറ്റി ഇന്ന് പിരിഞ്ഞത് എന്നാണ് അഡ്വ. ശ്യാം കുരുവിള പ്രതികരിച്ചത്.