ഒത്തൂകൂടാം പ്രാര്‍ത്ഥനക്കായി; ദേശീയ പ്രാര്‍ത്ഥനാ ദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവല്ല: ഭാരതത്തിലെ പെന്തെക്കോസ്ത് സഭകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനാ സംഗമത്തിന് വേദിയാകുവാന്‍ തിരുവല്ല ഒരുങ്ങി.
ഏപ്രില്‍ 10-ന് രാവിലെ 8 മുതല്‍ രാത്രി 8 വരെ പതിനായിരങ്ങളൊന്നിച്ച് ഭാരതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സഭയുടെ പാസ്റ്റര്‍ ഡോ. സതീഷ് കുമാര്‍ അതിഥിയായി എത്തുന്നു. വിവിധ പെന്തെക്കോസ്ത് സഭയുടെ നേതാക്കള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ചരിത്രത്തിലാദ്യമായാണ് എല്ലാ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളും ഒരുമിച്ച് പ്രാര്‍ത്ഥനക്കായി ഒത്തു കൂടുന്നത്.
സാമഹ്യ-രാഷ്ട്രീയ രംഗത്ത് വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധികളില്‍ ഭാരതത്തെ ദൈവം സംരക്ഷിക്കേണം. രാജ്യം ഭൗതികമായും ധാര്‍മ്മികമായും ഔന്നത്യത്തിലേക്ക് നയിക്കപ്പെടേണ്ടതിനും ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിക്കണം, ക്രൈസ്തവ സഭകള്‍ ആത്മീയമായി ഉണര്‍ത്തപ്പെടണം, പെന്തെക്കോസ്ത് വിശ്വാസ സമൂഹം ആത്മാവിന്റെ ഐക്യതയിലേക്ക് നയിക്കപ്പെടണം തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെയാണ് പതിനായിരങ്ങള്‍ പ്രാര്‍ത്ഥനക്കായി തിരുവല്ലയില്‍ സമ്മേളിക്കുന്നത്.
സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വര്‍ദ്ധിക്കുന്ന പ്രതിസന്ധികളില്‍ ഭാരതത്തെ ദൈവം സംരക്ഷിക്കേണ്ടതിനായും ഭാരതത്തിലെ പെന്തെക്കോസ്ത് സഭകള്‍ തമ്മില്‍ ദൈവഹിതപ്രകാരമുള്ള ഐക്യത രൂപപ്പെടേണ്ടതിനും ഉണര്‍വ്വിനുമായാണ് ദേശീയ പ്രാര്‍ത്ഥനാ ദിനം പ്രഖ്യാപിച്ചത്. ജനുവരിയില്‍ കുമ്പനാട്ട് ചേര്‍ന്ന സഭാ നേതാക്കളുടെ സമ്മേളനമാണ് സംയുക്ത പ്രാര്‍ത്ഥനയുടെ തീരുമാനമെടുത്തത്.
രണ്ടു മാസത്തെ തീവ്ര പ്രചാരണ പരിപാടികളിലൂടെ പ്രാര്‍ത്ഥനാ ദിനത്തെക്കുറിച്ച് വ്യാപകമായ അറിവും താത്പര്യവും വിശ്വാസ സമൂഹത്തില്‍ ഉടലെടുത്തു കഴിഞ്ഞു. കേരളത്തില്‍ 15 ഏകദിന കണ്‍വന്‍ഷനുകള്‍ പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് നടന്നു. ആദ്യ കണ്‍വന്‍ഷന്‍ കോട്ടയത്ത് മാര്‍ച്ച് 11-ന് പാസ്റ്റര്‍ വി. എ. തമ്പി ഉദ്ഘാടനം ചെയ്തു. അവസാന കണ്‍വന്‍ഷന്‍ ഏപ്രില്‍ 3-ന് കുമ്പനാട്ട് പാസ്റ്റര്‍ കെ. സി. ജോണ്‍ ഉദ്ഘാടനം ചെയ്തു.
പതിനായിരത്തോളം ലോക്കല്‍ സഭകള്‍ക്ക് അതാത് സഭകളുടെ നേതാക്കന്മാരുടെ കത്ത് സഹിതം നോട്ടീസുകള്‍ അയച്ചു നല്‍കി. ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വ്യാപകമായ പ്രചരണ ക്യാമ്പെയിന്‍ നടന്നു. എല്ലാ പെന്തെക്കോസ്ത് മാധ്യമങ്ങളും ശക്തമായ പിന്‍തുണയാണ് ഈ പ്രാര്‍ത്ഥനക്കായി നല്‍കിയത്.
പ്രാര്‍ത്ഥനാ ദിനത്തില്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഓരോ അര മണിക്കൂര്‍ വീതമുള്ള പ്രാര്‍ത്ഥനാ സെഷനുകള്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നാലോ അഞ്ചോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഈ സമയത്ത് അവതരിപ്പിക്കുകയും ആ വിഷയങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരു മണിക്കൂര്‍ ഇടവിട്ട് ചെറിയ സന്ദേശങ്ങളും പ്രാര്‍ത്ഥനാ ഗാനങ്ങളും ആലപിക്കപ്പെടും.
സമാപന സമ്മേളനം വൈകിട്ട് 6 മുതല്‍ 8 വരെ നടക്കും. സമാപന സമ്മേളനത്തില്‍ പാസ്റ്റര്‍ സതീഷ് കുമാര്‍ മുഖ്യഅതിഥിയായി പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സഭയായ കാല്‍വറി ടെമ്പിള്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനും ലോകപ്രശസ്ത സുവിശേഷ പ്രഭാഷകനുമാണ് ഡോ.സതീഷ് കുമാര്‍. ഈ സമ്മേളനത്തില്‍ എല്ലാ പെന്തെക്കോസ്ത് സഭകളുടെയും നേതാക്കളൊരുമിച്ച് വേദിയില്‍ അണി നിരക്കും.
ജനുവരിയില്‍ കുമ്പനാട്ട് നടന്ന വിവിധ പെന്തെക്കോസ്ത് സഭാ നേതാക്കളുടെ സമ്മേളനമാണ് സംയുക്ത പ്രാര്‍ത്ഥനക്കായി തീരുമാനമെടുത്തത്.




- Advertisement -