ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു
നെയ്റോബി: ആഫ്രിക്കാ ഭൂഖണ്ഡം രണ്ടായി പിളരുന്നു. ആഫ്രിക്കയുടെ കൊമ്പ്(Horn of Africa) എന്നറിയപ്പെടുന്ന കിഴക്കൻ ഭാഗമാണ് ഭൂഖണ്ഡത്തിൽനിന്ന് പിളർന്നുമാറുന്നത്. ഇത്തരത്തിൽ രണ്ടുഭാഗങ്ങളായി പിളർന്നു മാറുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങളാണ് വേണ്ടിവരിക. എന്നാൽ വിചാരിച്ചിരുന്നതിനേക്കാൾ വേഗത്തിലാണ് കിഴക്കൻ ആഫ്രിക്കയുടെ ഭാഗം ഭൂഖണ്ഡത്തിന്റെ മറ്റുഭാഗത്തുനിന്നും വേർപെട്ടു കൊണ്ടിരിക്കുന്നതെന്ന് മൈ ജോയ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
സൊമാലിയ, എത്യോപ്യ, ജിബുട്ടി തുടങ്ങിയ രാജ്യങ്ങളാണ് കിഴക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിൽനിന്ന് കിഴക്കൻ ഭാഗം പിളർന്നുമാറുന്നതോടെ ഇരുഭാഗത്തെയും വേർതിരിക്കുന്നത് സമുദ്രമായിരിക്കും.
ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവയ്ക്കിടയിൽ റിഫ്ട് രൂപപ്പെടും. ഇതോടെ കിഴക്കൻ ആഫ്രിക്ക ഉൾപ്പെടുന്ന സൊമാലി ഫലകം നൂബിയൻ ഫലകത്തിൽനിന്ന് അകന്നുമാറുകയും ചെയ്യും. പ്രതിവർഷം 2.5 സെന്റി മീറ്റർ വേഗത്തിലാണ് സൊമാലി ഫലകം നൂബിയൻ ഫലകത്തിൽനിന്ന് തെന്നിമാറുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കിഴക്കൻ ഭാഗം ഭൂഖണ്ഡത്തിൽനിന്ന് പിളർന്നുമാറുന്നതിന്റെ വേഗത പ്രതീക്ഷിച്ചതിനെക്കാൾ കുടുതലാണെന്നതിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കെനിയയിലെ തിരക്കേറിയ മായി മഹിയു പാതയിൽ ഇതിനോടകം തന്നെ വലിയ വിള്ളൽ രൂപപ്പെട്ടു കഴിഞ്ഞു. അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട ഭ്രംശരേഖയാണ് (Volcanic Fault Line) പാതയിൽ ഇത്തരത്തിൽ വിള്ളലുണ്ടാകാൻ കാരണം.
കെനിയ നാഷണൽ ഹൈവേയ്സ് അഥോറിറ്റിയാണ് പാതയിൽ വിള്ളലുണ്ടായ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അമ്പത് അടി താഴ്ചയിലും ഇരുപത് മീറ്റർ വീതിയിലുമാണ് ഹൈവേയിൽ ഇപ്പോൾ വിള്ളലുണ്ടായിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുകയും ചെയ്തു. നിലവിൽ മണ്ണും പാറയും ഇട്ടാണ് വിള്ളൽ നികത്തിയിരിക്കുന്നത്. എന്നാൽ ഫലകചലനവുമായി ബന്ധപ്പെട്ടുണ്ടായ വിള്ളലായതിനാൽ ഇത് ദീർഘകാലത്തേക്ക് പ്രയോജനപ്പെടില്ല.