യൂത്ത് ഫോർ ക്രൈസ്റ്റ് ഫേസ്ബുക്ക് കൂട്ടായ്മ പാസ്റ്റർ സാജൻ ജോർജ്ജിന്റെ കുടുംബത്തിന് സമാഹരിച്ച ധനസഹായം കൈമാറി
റോജി ഇലന്തൂർ
കുട്ടനാട്: സന്ദർശന വേളയിൽ ഷാർജയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റി ഹോസ്പിറ്റലിൽ വച്ച് നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ സാജൻ ജോർജിന്റെ കുടുംബത്തിന് യൂത്ത് ഫോർ ക്രൈസ്റ്റ് (YFC) ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖരിച്ച ധനസഹായത്തിന്റെ വിതരണം 2018 ഫെബ്രുവരി 10 ശനിയാഴ്ച ആനപ്രമ്പാൽ ഐപിസി സഭയിൽ വച്ച് സഭാശുശ്രൂഷകനും കുട്ടനാട് പെന്തെകോസ്ത് കൗൺസിലിന്റെ പ്രസിഡന്റും ഐപിസി തിരുവല്ല സെന്ററിന്റെ വൈസ് പ്രെസിഡന്റുമായ പാസ്റ്റർ ബാബു തലവടി സാജൻ പാസ്റ്ററിന്റെ കുടുംബത്തിന് കൈമാറി. ഗ്രൂപ്പ് മെമ്പേഴ്സിന്റെ സഹകരണത്താൽ ലഭിച്ച നാലുലക്ഷത്തി പതിനായിരം രൂപ (Rs .410000/-) സാജൻ പാസ്റ്ററിന്റെ രണ്ടു പെണ്മക്കളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി അഞ്ചു വർഷത്തേക്ക് നിക്ഷേപിച്ചു. പ്രസ്തുത യോഗത്തിൽ യൂത്ത് ഫോർ ക്രൈസ്റ്റ് കൂട്ടായ്മയെ പ്രതിനിധീകരിച്ചു ഈ സംരംഭത്തിന്റെ കേരള കോ-ഓർഡിനേറ്റർ ആയിരുന്ന ബ്രദർ. ലെജി എബ്രഹാം, ബ്രദർ. രഞ്ജിത്ത്, സിസ്റ്റർ. എൽസി തുടങ്ങിയവർ പങ്കെടുത്തു. സുവിശേഷകൻ ഇ.എസ്.തോമസ് പ്രസ്തുത ചടങ്ങിൽ സന്ദേശം നൽകി. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ. ഇ.എസ്. ജോണും കുട്ടനാട് പെന്തെകോസ്ത് കൗൺസിലിനെ പ്രതിനിധീകരിച്ചു ബ്രദർ. പി.വി.തോമസ്, ഡോ. ടി.പി.മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്ഥലം സഭയിലെയും ഇതര സഭകളിലെയും വിശ്വാസികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.
യൂത്ത് ഫോർ ക്രൈസ്റ്റ് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന എട്ടാമത്തെ ജീവകാരുണ്യ പ്രവർത്തനമായിരുന്നു സാജൻ പാസ്റ്ററിന്റെ നിര്യാണത്തെ തുടർന്ന് നടന്നത് എന്ന് യൂത്ത് ഫോർ ക്രൈസ്റ്റ് കൂട്ടായ്മയുടെ ഇരുപത് പേർ അടങ്ങുന്ന അഡ്മിൻസ് പാനൽ ക്രൈസ്തവ എഴുത്തുപുരയോട് പങ്കുവച്ചു.
യൂത്ത് ഫോർ ക്രൈസ്റ്റ് കൂട്ടായ്മയിലൂടെ ചെയ്യുന്ന എല്ലാ ആതുരസേവനങ്ങൾക്കും ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ.