എഡിറ്റോറിയൽ: ആഭരണ വിവാദവും പാസ്റ്റര്‍ ജെ. ജോസഫും

ദൈവസഭയുടെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് ആഭരണ വിവാഹം ആശിര്‍വദിച്ച പാസ്റ്റര്‍ ജെ. ജോസഫിനെ കൌണ്സില്‍ സംരക്ഷികുമോ? അതോ മുഖപക്ഷം കാണിക്കാതെ നടപടി സ്വീകരിക്കുമോ?

പാസ്റ്റര്‍ ജെ. ജോസഫിനെതിരെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഒരു ചോദ്യമാണ് മുകളിൽ.

സോഷ്യൽ മീഡിയയിൽ മുഴുവൻ ഇപ്പോൾ ആഭരണ വിവാദമാണ് ചർച്ച. ദൈവ സഭ ശുശ്രൂക്ഷകൻ പാസ്റ്റർ ജെ. ജോസഫ് ഏതോ ആഭരണ ധാരികളുടെ വിവാഹ ശുശ്രൂക്ഷ ആശിർവദിച്ചത്രേ. അതിനു അദ്ദേഹം വിശദീകരണം നല്‍കിയെങ്കിലും “ഉപദേശ” സംരക്ഷകര്‍ക്ക് അദ്ദേഹത്തിന്‍റെ ശുശ്രൂക്ഷ അവസാനിപ്പിച്ചാലേ സ്വസ്ഥതയുള്ളൂ എന്ന മാതിരിയാണ് സോഷ്യല്‍ മീഡിയ വഴി പ്രശ്നം വഷളാക്കി കൊണ്ടിരിക്കുന്നത്.

ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് “വീണ്ടും” ചരിത്രപരമായ ഒരു മണ്ടത്തരം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് തോന്നുന്നു. ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന മലയാള പെന്തകോസ്ത് സമൂഹത്തിന്റെ അഭിമാനമായിരുന്ന വേദ ശാസ്ത്രജ്ഞൻ പാസ്റ്റർ എം. വി ചാക്കോയെ മുൻകാല പ്രവർത്തനങ്ങളുടെ സ്മരണകൾ പോലും മറന്നു കൊണ്ടു ദൈവ സഭ അദ്ദേഹത്തോടു അസഹിഷ്ണത കാണിച്ചതും അദ്ദേഹത്തിന് സഭയില്‍ നിന്നും പുറത്തേക്കുള്ള വഴി ഒരുക്കിയതും സമാനമായ വിഷയത്തിലാണ്. ചരിത്രം വീണ്ടും ആവർത്തിക്കുന്നു. ഇപ്പോൾ പ്രതി സ്ഥാനത്തു നിൽക്കുന്നത് പാസ്റ്റർ ജെ. ജോസഫും.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്നതും അന്തരാഷ്ട്രമായി ആഴമായ വേരുകൾ ഉള്ളതും ലോകത്തിൽ പെന്തകോസ്ത് വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതുമായ മഹാ പ്രസ്ഥാനമാണ് ചര്‍ച്ച് ഓഫ് ഗോഡ്. സഭയുടെ വിദേശ നേതാക്കന്മാർ എല്ലാം തന്നെ ആഭരണം ധരിക്കുന്നവരും ആണ്. അവിടെ പാപം അല്ലാത്ത ഒരു കാര്യം ഇന്റർനാഷനൽ സഭ ആയി അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭക്ക് കേരളത്തിൽ മാത്രം എങ്ങനെ ബാധകമാകും?

അനാരോഗ്യകരമായ രാഷ്ട്രീയ കളികളില്‍ ഇഷ്ട്ടപ്പെടുന്നവര്‍ മാത്രമാണു ഇത്തരം സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെ പിന്നില്‍ ചുക്കാന്‍ പിടിക്കുന്നത്. മറ്റു ഇതര പെന്തകൊസ്തു സഭകളെ അപേഷിച്ചു രാഷ്ട്രീയത്തിന്‍റെ അതിപ്രസരം കുറവായിരുന്ന ദൈവ സഭയിലും അടുത്തകാലത്തായ് വര്‍ദ്ധിച്ചുവരുന്ന പക്ഷം  പിടിക്കല്‍ പ്രവണതയില്‍ വിശ്വാസ സമൂഹത്തിനു ആശങ്കയുണ്ട്.

സഭാ സംബബന്ധമായോ തിരുവചനത്തിന്റ വ്യവസ്‌ഥ അനുസരിച്ചോ ആഭരണം ഒരു പാപമല്ല. ദൈവ സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിലോ (Declaration of Faith) പുതിയ നീയമത്തിലോ ആഭരണ നിരോധനം  ഉപദേശമായി പറഞ്ഞിട്ടില്ല. കേരളത്തില്‍ മാത്രം തുടര്‍ന്നുവരുന്ന ഒരു പഠിപ്പിക്കലാണ് ആഭരണ നിരോധനം. എന്നിരിക്കെ എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്റ്റർ ജെ. ജോസഫിനെതിരെ വിചാരണ നടക്കുന്നത്?

– ജെ.വി (വൈസ് പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply