ഇന്ത്യ പെന്തക്കോസ്തു ദൈവസഭ 94 – മത് അന്തർദേശീയ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു
തിരുവല്ല: കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിസ്തീയ മഹാസംഗമത്തിന് ഇന്ന് മുതൽ കുമ്പനാട് സാക്ഷ്യം വഹിക്കും. ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ, 94 – മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനുവരി 14 ന്) വൈകിട്ട് സഭാദ്ധ്യക്ഷൻ പാസ്റ്റർ ജേക്കബ് ജോൺ, കുമ്പനാട് ഹെബ്രോൻപുരത്ത് പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യും. ജനുവരി 21 ഞാറാഴ്ച, സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കുന്ന ഒരാഴ്ചത്തെ മഹാസമ്മേളനത്തിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും.
ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നും ഏറ്റവും അധികം പേർ പങ്കെടുക്കുന്ന കേരളത്തിലെ ക്രൈസ്തവ കൺവൻഷനിൽ പൊതുയോഗങ്ങൾ, വേദവചന പഠനം, കാത്തിരിപ്പ് യോഗങ്ങൾ, ഹെബ്രോൻ ബൈബിൾ കോളേജ് പി. ജി. ഗ്രാജുവേഷൻ, ഇംഗ്ലീഷ് ഹിന്ദി പ്രത്യേക സമ്മേളനങ്ങൾ, ജനറൽ – സ്റ്റേറ്റ് സോദരി സമാജം സമ്മേളനം, യുവജന സമ്മേളനം, ഐ.പി.സി ഗ്ലോബൽ മീറ്റ്, PYPA – സൺഡേ സ്കൂൾ വാർഷികം, പ്രവാസി സമ്മേളനം, എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
വിദേശ മിഷനറി റോബർട്ട് F. കുക്ക്, കുമ്പനാട് കേന്ദ്രീകരിച്ചു പെന്തക്കോസ്തു പ്രവർത്തനം ആരംഭിച്ചു എങ്കിലും പാസ്റ്റർ കെ. ഇ. എബ്രഹാം കുമ്പനാട് ഹെബ്രോൻപുരത്തു താമസിച്ചു ഐപിസി യുടെ പ്രവർത്തനം വ്യാപിപ്പിച്ചതോട് കൂടിയാണ് ഐപിസി അന്തർദേശീയ കൺവൻഷൻ, ‘കുമ്പനാട് കൺവൻഷൻ’ എന്ന പേരിൽ പ്രസിദ്ധമായത്. 1925 ൽ റാന്നിയിൽ ആരംഭിച്ച കൺവൻഷൻ, ഇന്ന് കേരളത്തിലെ ഏറ്റവും അധികം ദിനങ്ങൾ നീണ്ട് നിൽക്കുന്ന (8 നാൾ) ക്രൈസ്തവ മഹായോഗമായി ദൈവം മാറ്റി.
കൺവൻഷന് മുന്നോടിയായി ജനുവരി 7 – 13 വരെ ഹെബ്രോൻപുരത്തു ഉപവാസ പ്രാർത്ഥനകൾ നടന്നു. 24 മണിക്കൂറും പ്രാർത്ഥനാ ചങ്ങലയായി കൺവൻഷൻ സ്റ്റേജിന് താഴെ സ്ഥിതി ചെയുന്ന പ്രാർത്ഥനാ കൂടാരത്തിൽ പ്രാർത്ഥനകൾ തുടരും.
‘പരിശുദ്ധാത്മാവിന്റെയും ശക്തിയുടെയും അഭിഷേകം’ (അപ്പൊ : 10:38) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം. ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, സെക്രട്ടറി പാസ്റ്റർ കെ. സി. ജോൺ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, എന്നിവരെ കൂടാതെ പാസ്റ്റർമാരായ കെ. ജെ. തോമസ് (കുമളി), കെ. എം. ജോസഫ് (പെരുമ്പാവൂർ), എം. എ. തോമസ് (കുവൈറ്റ്), കെ. ജോയ് (ഡൽഹി), സണ്ണി കുര്യൻ (വാളകം), വിൽസൺ വർക്കി (ന്യൂയോർക്ക്), സാം ജോർജ് (പത്തനാപുരം), ബി. മോനച്ചൻ (കായംകുളം), ഫിലിപ്പ് പി. തോമസ് (കരുവറ്റാ), രാജു പൂവക്കാല (തിരുവല്ല), രാജു മെത്രാ (റാന്നി), ഷിബു നെടുവേലിൽ (മാരാമൺ), കെ. സി. തോമസ് (തിരുവനന്തപുരം), ഷിബു തോമസ് (ഒക്‌ലോഹോമ), സാബു വര്ഗീസ് (ഹൂസ്റ്റൺ), വത്സൻ എബ്രഹാം (അമേരിക്ക), ബാബു ചെറിയാൻ (പിറവം), തോമസ് ജോർജ് (ഓസ്‌ട്രേലിയ), ബേബി വര്ഗീസ് (നേപ്പാൾ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
സാം കുഴിക്കാല, റോയ് പൂവക്കാല എന്നിവർ കൺവൻഷൻ ഗായകസംഘത്തോടൊപ്പം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ജനറൽ ട്രഷറർ സജി പോളിന്റെ നേതൃത്വത്തിൽ വിപുലമായ ഭക്ഷണ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. എം. വി. ഫിലിപ്പ് പബ്ലിസിറ്റി കൺവീനറായും സജി മത്തായി കാതേട് മീഡിയ കൺവീനറായും പ്രവർത്തിക്കുന്നു.






- Advertisement -