തിരുവല്ല: ‘ദൈവം അറിയാതെ ഒന്നും വരില്ല, ദൈവത്തിന് അബദ്ധം പറ്റുകയില്ല. സ്വർഗ്ഗീയ മഹിമകളിലേക്ക് അവൻ പോയി. അവനു ദൈവം നിശ്ചയിച്ച പ്രായം 25 വയസ്സ് ആയിരുന്നു.’ തികഞ്ഞ ദൈവാശ്രയത്തോടെ ആ അമ്മ പറഞ്ഞ വാക്കുകൾ അന്യരെപോലും ആശ്വസിപ്പിക്കുന്നതായിരുന്നു. സ്വന്തം മകൻ മരണം വഴിയായി പോകുമ്പോൾ പഴയനിയമ ഭക്തനായ ഇയ്യോബ് പറഞ്ഞതു പോലെ ‘ദൈവം തന്നു, ദൈവം എടുത്തു.. ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ’ എന്നു പറയാൻ ഇടയായ മാതാവ് അനേകർക്ക് മാതൃക ആയെന്നു മാത്രമല്ല ഇന്നിന്റെ സമൂഹത്തിൽ വേറിട്ടും നിൽക്കുന്നു.
നൊന്തുപ്രസവിച്ച സ്വന്തം മകൻ വിനു കുര്യന്റെ (25) ആകസ്മികമായ മരണത്തിന്റെ വേളയിൽ പറഞ്ഞ വാക്കുകൾക്ക് ഘനമേറുന്നു. 13 മിനിട്ടുകൾ വരുന്ന ആ മാതൃഹൃദയത്തിൽ നിന്നും ബഹിർഗമിച്ച വാക്കുകൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് ഫേസ്ബുക്കിൽ ഇട്ടപ്പോൾ പ്രത്യാശയുടെ പൊൻകിരണങ്ങൾ ലോകത്തിനു തന്നെ ഒളിവിതറിക്കൊണ്ട് വൈറലായത് സ്വാഭാവികം മാത്രം. അതെ, അകാലത്തിൽ തലമുറകൾ പൊലിഞ്ഞുപോയ മാതാപിതാക്കൾക്ക് ആശ്വാസമേകുന്ന വാക്കുകളായിരുന്നു ആ വാക്കുകളിൽ തെളിഞ്ഞുനിന്നത്. ഇതുവരെ അഞ്ചുലക്ഷത്തിലേറെ പേർ കണ്ട പോസ്റ്റ് 5500 പേർ പങ്കിടുകയും ചെയ്തു. വിനുവിന്റെ മാതാവ് മറിയാമ്മ ജേക്കബ് പാണ്ടിശേരിഭാഗം ഗവ. എൽ. പി. സ്കൂൾ അധ്യാപികയാണ്.
കശ്മീരിരിൽ നിന്നും കന്യാകുമാരി വരെ 3888 കിലോമീറ്ററുകൾ 52 മണിക്കൂർ 58 മിനിട്ട് കൊണ്ട് പൂർത്തിയാക്കി റെക്കോഡ് സമയത്തിനുള്ളിൽ കാറോട്ടം നടത്തി ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ വിനു കഴിഞ്ഞ അഞ്ചിനു ചെങ്ങന്നൂരിൽ വച്ച് ബൈക്കും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് വിനുവിന് ദാരുണാന്ത്യം സംഭവിച്ചത്.
