ലേഖനം : ലൂഥറൻ വിപ്ലവത്തിനു 500 വയസ്സ് | പ്രൊഫ. സ്കറിയ സക്കറിയ
ലോക ചരിത്രത്തിൽ ഒരു സുപ്രധാന ദിനമാണ് ഒക്‌ടോബർ 31
ലൂഥറിന്റെ നിഷേധം രണ്ടു കുറുമൊഴികളിൽ ഒതുക്കാം. പഴയ മനുഷ്യന്റെ തിരോധാനം, പുതിയ മനുഷ്യന്റെ അരങ്ങേറ്റം. അധികാരസ്ഥാപനക്കൾക്കും പൗരോഹിത്യത്തിനും അടിയറവു വെക്കാത്ത സ്വതന്ത്ര മനസാക്ഷിയുടെ മുന്നേറ്റമായിരുന്നു പുതിയ മനുഷ്യനെ സൃഷ്ടിച്ചത്. അത് മതനവീകരണം നവോത്ഥാനം, പ്രബുദ്ധത എന്നീ തരംഗങ്ങൾ മനുഷ്യ സംസ്കാരത്തിൽ സൃഷ്ടിച്ചു.
ലോക ചരിത്രത്തിൽ ഒരു സുപ്രധാന ദിനമാണ്. 2017 ഒക്‌ടോബർ 31. കൃത്യം 500 വർഷം മുമ്പ് ജർമ്മിനിയിലെ ചെറുപട്ടണമായ വിറ്റൻബർഗിൽ ഒരു കത്തോലിക്ക സന്യാസിയായിരുന്ന മാർട്ടിൻ ലൂഥർ (10 Nov 1483 – 18 Feb 1546) നടത്തിയ വിപ്ലവം ലോകഗതിയെ തന്നെ വഴി തിരിച്ചുവിട്ടു. മാർപാപ്പയുടെ നേതൃത്വത്തിലുള്ള റോമൻ കത്തോലിക്ക സഭയുടെ പിളർപ്പിലാണ് അതു കലാശിച്ചത്. തുടർന്ന് ചേരിതിരിഞ്ഞ് മാർപാപ്പായെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പലതരം യുദ്ധങ്ങളിലേർപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചു. മത വിചാരണ ഒരു ഭ്രാന്ത് പോലെ പടർന്നുപിടിച്ച് യൂറോപ്പിനെ വിറപ്പിച്ചു.
എന്തായിരുന്നു മാർട്ടിൻ ലൂഥർ ചെയ്തത്? മാർപാപ്പയുടെ നേതൃത്വത്തിലുള്ള കത്തോലിക്ക സഭയുടെ പേരിൽ യൂറോപ്പിൽ എങ്ങും അരങ്ങേറിയ ദണ്ഡവിമോചനവില്പന എന്ന ദുർവൃത്തിയെ ചോദ്യം ചെയ്ത് കൊണ്ട് അദ്ദേഹം വിറ്റൻബർഗ് ദേവാലയത്തിന്റെ കവാടത്തിൽ 95 പ്രമേയങ്ങൾ എഴുതിപ്പതിപ്പിച്ചു.(31 – 10 – 1517) ഇത് അച്ചടിയുടെ സഹായത്തോടു കൂടി പടർന്നു പിടിച്ചു. ഭരണാധികാരികളും കലാകാരന്മാരും തത്വചിന്തകരും ഈ ചേരിപ്പോരിൽ പങ്കളികളായിരുന്നു. ലൂഥറിന്റെ നിഷേധം രണ്ടു കുറുമൊഴികളിൽ ഒതുക്കാം. പഴയ മനുഷ്യന്റെ തിരോധാനം, പുതിയ മനുഷ്യന്റെ അരങ്ങേറ്റം. അധികാരസ്ഥാപനക്കൾക്കും പൗരോഹിത്യത്തിനും അടിയറവു വെക്കാത്ത സ്വതന്ത്ര മനസാക്ഷിയുടെ മുന്നേറ്റമായിരുന്നു പുതിയ മനുഷ്യനെ സൃഷ്ടിച്ചത്. അത് മതനവീകരണം നവോത്ഥാനം, പ്രബുദ്ധത എന്നീ തരംഗങ്ങൾ മനുഷ്യ സംസ്കാരത്തിൽ സൃഷ്ടിച്ചു.
ബൈബിളിലുള്ളതല്ലാതെ മറ്റൊന്നും താൻ വകവെക്കില്ല എന്ന് മാർട്ടിൻ ലൂഥർ പ്രഖ്യാപിച്ചതോടെ സഭാധികാരികൾ അച്ചടക്ക നടപടികളിലേക്ക് നീങ്ങി. ഭരണാധികാരികളിൽ ചിലരുടെ സഹായത്തോടെ ലൂഥർ ഒളിവിൽ താമസിച്ചു. അവിടെയിരുന്നു കൊണ്ട് ബൈബിൾ ജർമ്മൻ ഭാഷയിലേക്ക് തർജമ ചെയ്തു. അതുവരെ ബൈബിൾ ലത്തീൻ ഭാഷയുടെ അതിരുകൾക്കുള്ളിലായിരുന്നു. ബൈബിൾ വായന പ്രചരിച്ചതോടെ വിശ്വാസികളുടെ ആത്മവിശ്വാസം കൂടി. കൃപയാണ് പാപമോചനം നൽകുന്നതെന്നും പണം കൊടുത്ത് പാപമോചനം നേടാനാവില്ലെന്നും ലൂഥർ പ്രഖ്യാപിച്ചു. ദണ്ഡവിമോചനം എന്ന പാപമോചനപ്രക്രിയ കടുത്ത വിമർശനം നേരിട്ടു. അതിലൂടെ കത്തോലിക്ക സഭ ശേഖരിച്ച പണം റോമിലേക്ക് ഒഴുകി. ഇന്നു കാണുന്ന മനോഹരമായ സെന്റ് പിറ്റേഴ്‌സ് ദേവാലയം പടുത്തുയർത്തിയത് ഈ പണം കൊണ്ടാണ്. മൈക്കളാഞ്ചലോയെ പോലുള്ള കലാകാരന്മാരെ പട്ടിണിയിൽ നിന്ന് രക്ഷിച്ചു നിർത്തിയതും ഈ കള്ള പണമാണ്. ദേവാലയങ്ങൾ കലാശില്പങ്ങളായിത്തീരുമ്പോൾ ഉണ്ടാകുന്ന വൈരുദ്ധ്യമാണിത്. കത്തോലിക്ക സഭയുടെ അടിസ്ഥാന പഠനത്തിൽ സൈദ്ധാന്തിക പരിശോധന നടത്തിയാൽ പാപമോചനവും ദണ്ഡ വിമോചനവും ഒന്നല്ലെന്ന് കാണാം. ആ നിലയ്ക്ക് ലൂഥറിന്റെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്ന് വാദിക്കുന്നവരുണ്ട്.
മാർട്ടിൻ ലൂഥറിന്റെ വിപ്ലവം വേദശാസ്ത്രത്തിലും മതത്തിലും ഒതുങ്ങി നിന്നില്ല. വ്യക്തിയുടെ പ്രാപ്തിയിലേക്കും സാധ്യതകളിലേക്കും വിരൽ ചൂണ്ടിയ ലൂഥറൻ ചിന്ത പുതിയൊരു സാമ്പത്തിക ദർശനമായി വളർന്നു. അതാണ് ഇന്നത്തെ മുതലാളിത്തം. മുതലാളിത്തത്തിന്റെ നല്ല വശങ്ങൾക്കും ഹൃദയശൂന്യതയ്ക്കും ലൂഥറിന്റെ ചിന്തയോളം വേരുകളുണ്ടെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. നവ ലിബറൽ വാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വിമർശനം കൂടുതൽ തിളക്കം നേടുന്നു. കഴിഞ്ഞ 500 വർഷത്തിനിടയിൽ ലൂഥറൻ വിപ്ലവം ലോകനന്മയ്ക്ക് ഏറെ ഉപകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് യൂറോപ്പ് വിശേഷിച്ച്, ജർമ്മനി ആദരപൂർവം 2017 കൊണ്ടാടുന്നത്. ലൂഥറൻ പാരമ്പര്യത്തിൽ വേരുള്ള വ്യക്തിയാണ് ജർമ്മനി ഭരിക്കുന്ന അഞ്ജലോ മെർക്കൽ. ജൂബിലി വത്സരത്തിൽ അവർ നൽകിയ ആഹ്വാനം ശ്രദ്ധേയമാണ്: കഴിഞ്ഞ കാലം മറക്കുക, സഭകൾ സഹകരണ വഴികൾ തേടുക.
റോമൻ കത്തോലിക്ക സഭയിലും സഹകരണത്തിന്റെ ശബ്ദങ്ങളാണ് കേൾക്കുന്നത് . ഇപ്പോഴത്തെ മാർപ്പാപ്പയും വിരമിച്ച ബനഡിക്ട് പതിനാറാമനും പ്രോട്ടസ്റ്റന്റ് സഭകളുമായി സഹകരിക്കാനാണ് താത്പര്യപ്പെടുന്നത്. ലൂഥറെക്കുറിച്ച് ആലോചിക്കുമ്പോൾ മറക്കരുതാത്ത മറ്റൊരു കാര്യമുണ്ട്. ജൂതർ ജർമ്മൻ ജീവിതത്തിന്റെ കളങ്കമാണെന്നും അവരെ തുടച്ചു നീക്കണമെന്നും ലൂഥർ ആഹ്വാനം ചെയ്തു. പിൽക്കാലത്ത് ഹിറ്റ്ലർ അത് നിറവേറ്റി. ഇത് ചരിത്രം നൽകുന്ന വലിയൊരു പാഠമാണ്.. ജനാധിപത്യപരമായ ചർച്ചയും സംവാദവും വീകേന്ദ്രീകരണവും ഇല്ലെന്ന് വന്നാൽ എത്ര ബുദ്ധിമാനും വിശുദ്ധനും പിഴവുകൾ സംഭവിക്കാം…
ജീൻ എഡിറ്റിംഗും റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യ ഭാഗധേയം മാറ്റിമറിക്കാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന പുതിയ കാലത്ത് ഈ ചിന്ത മർമ്മ പ്രധാനമാണ്.
(About the author – Prof. Scariah Zachariah
Hermann Gundert Chair Professor at the Eberhard Karls University, Tübingen.
Formerly Professor and Head of the Department – Department of Malayalam, Sree Sankaracharya University of Sanskrit, Kalady, Kerala
Visiting Professor (2007 – ) – School of Letters, Mahatma Gandhi University, Kottayam, Kerala
Visiting Professor (2008 – ) – Kerala Kalamandalam, Vallathol Nagar, Kerala.)