ബൈബിൾ കൈയെഴുത്തുപ്രതിയുമായി ബഹറിൻ ശാരോൻ

87 വിശ്വാസികൾ ചേർന്നെഴുതിയത് പുതിയ നിയമം; 1163 പേജുകളിൽ വിശ്വാസത്തിന്റെ സാക്ഷ്യം

ടൈറ്റസ് ജോൺസൺ

മനാമ: ദൈവവചനത്തോടുള്ള സ്നേഹവും സമർപ്പണവും കൈകോർത്തപ്പോൾ ബഹറിൻ ശാരോൻ സഭയ്ക്ക് പിറന്നത് അപൂർവമായൊരു ആത്മീയ സാക്ഷ്യം. സഭയുടെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് 87 വിശ്വാസികൾ ചേർന്ന് കൈകൊണ്ട് പകർത്തിയെഴുതിയ പുതിയ നിയമത്തിന്റെ കൈയെഴുത്തുപ്രതി ശ്രദ്ധേയമാകുന്നു. സഭാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ പൂർത്തിയായ ഈ ഗ്രന്ഥം വചനത്തോടുള്ള ആദരവിന്റെയും വിശ്വാസജീവിതത്തിലെ അർപ്പണബോധത്തിന്റെയും അടയാളമാണ്.

News Middle Advt Banner

സഭാശുശ്രൂഷകന്റെ ആഹ്വാനമനുസരിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമായത്. മത്തായി മുതൽ വെളിപ്പാട് വരെയുള്ള പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും 260 അധ്യായങ്ങളും 7958 വാക്യങ്ങളും പ്രത്യേക ക്രമത്തിൽ വിഭജിച്ച് അംഗങ്ങൾക്ക് നൽകി. 2026 മേയ് മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു പകർത്തിയെഴുത്തിനുള്ള സമയപരിധി. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും ദൈവവചനത്തിനായി സമയം കണ്ടെത്തിയാണ് ഓരോരുത്തരും ഈ ദൗത്യം പൂർത്തിയാക്കിയത്.

ഒരു പുറത്ത് 24 വരികൾ വീതമുള്ള പ്രത്യേകമായി അച്ചടിച്ച 2500 എ4 വലുപ്പത്തിലുള്ള പേപ്പറുകളാണ് ഇതിനായി തയ്യാറാക്കിയത്. ഇതിൽ 1163 പേജുകളിലായാണ് പുതിയ നിയമം പകർത്തിയെഴുതിയത്. പകൽ മുഴുവൻ ജോലിയിൽ ചെലവഴിച്ചശേഷം ലഭിക്കുന്ന പരിമിതമായ സമയമാണ് പലരും ഇതിനായി മാറ്റിവെച്ചത്. എഴുത്തിലെ ചെറിയ പിഴവുകൾ പോലും തിരുത്തിയെഴുതേണ്ടിവന്നെങ്കിലും ദൗത്യം പൂർത്തിയാക്കാനുള്ള ആവേശം അംഗങ്ങളെ മുന്നോട്ടുനയിച്ചു.

പകർത്തിയെഴുത്തിൽ മാത്രം ഒതുങ്ങിയില്ല ഈ കൂട്ടായ്മ. സഭാംഗങ്ങൾ തന്നെ ഗ്രന്ഥത്തിന്റെ രൂപകൽപ്പനയും തുന്നിക്കെട്ടലും പുറംചട്ട നിർമാണവും ഏറ്റെടുത്തു. അങ്ങനെ 7.9 കിലോഗ്രാം ഭാരവും 16 സെന്റിമീറ്റർ ഉയരവുമുള്ള മനോഹരമായ കൈയെഴുത്തുഗ്രന്ഥം യാഥാർഥ്യമായി.

ഒക്ടോബർ 15-ന് സഭയുടെ വാർഷികദിനത്തിൽ നടന്ന സ്തോത്രശുശ്രൂഷയിൽ വെച്ച് ഈ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഈ ഉദ്യമത്തിൽ പങ്കാളികളായ കുട്ടികളായ ഇവാന ബോവാസ് (11), ജെസീയേൽ ജോസ് തോമസ് (12), ഷോൺ സൈജു ഡാനിയേൽ (13) എന്നിവർ ചേർന്നാണ് പ്രകാശനകർമം നിർവഹിച്ചത്. സഭയുടെ സ്ഥാപകാംഗവും മുൻ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.സി. ചാണ്ടി ചടങ്ങിൽ അതിഥിയായിരുന്നു.

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ദൈവവചനത്തിനായി മാറ്റിവെച്ച ഓരോ നിമിഷവും ഈ ഗ്രന്ഥത്തിന്റെ താളുകളിൽ സാക്ഷ്യമായി നിലകൊള്ളുന്നു. തലമുറകൾക്ക് കൈമാറാവുന്ന ഈ സംരംഭം വചനവായനയ്ക്കും പഠനത്തിനും സമർപ്പിത ജീവിതത്തിനും പ്രചോദനമാകുന്നു.

“ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3) എന്ന തിരുവചനം ഓർമിപ്പിക്കുന്നതുപോലെ, ദൈവവചനത്തെ വായിക്കുന്നതിലും കേൾക്കുന്നതിലും പ്രമാണിക്കുന്നതിലുമുള്ള അനുഗ്രഹം ജീവിതത്തിൽ അനുഭവിക്കാൻ ഈ കൈയെഴുത്തുപ്രതി വിശ്വാസസമൂഹത്തിന് പ്രചോദനമാകട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading