ഭാവന: അവളുടെ ഓർമ്മകൾ | ദീന ജെയിംസ്

എന്റെ കഥ തുടങ്ങുന്നത് ഒരു അമ്മയുടെ താരാട്ടിൽ നിന്നല്ല, ദൈവത്തിന്റെ സ്നേഹമേറിയ കര സ്പർശത്തിൽ നിന്നാണ്. എനിക്ക് ജന്മം നൽകിയ മാതാപിതാക്കളില്ലായിരുന്നു. എന്റെ ആദ്യ ശ്വാസത്തിന് സാക്ഷിയായത് ദൈവത്തിന്റെ കരങ്ങളായിരുന്നു. കണ്ണുതുറന്നപ്പോൾ മുന്നിൽ കണ്ടത് മനോഹരമായ ഒരു തോട്ടം! പൂക്കൾ എന്നോട് പുഞ്ചിരിച്ചു, കാറ്റ് എന്നെ തലോടി, പക്ഷികൾ എനിക്കായി പാട്ടുപാടി. ആ സൗന്ദര്യത്തിന്റെ നടുവിൽ ഞാനൊരു അത്ഭുതമായി നിന്നു. “ഞാനാരാണ്? എവിടെനിന്നാണ് ഞാൻ വന്നത്?” എന്ന ചോദ്യങ്ങൾക്ക് ഉത്തരമായി എന്റെ മുന്നിൽ നിന്നത് എന്റെ സ്രഷ്ടാവായിരുന്നു.

News Middle Advt Banner

പിന്നീട് ഞാൻ ആദാമിനെ കണ്ടു.അവന്റെ ശരീരത്തിന്റെ ഭാഗമാണ് ഞാനെന്ന് തിരിച്ചറിഞ്ഞു. എന്റെ കണ്ണുകളിലേക്ക് നോക്കി അവൻ പുഞ്ചിരിച്ചപ്പോൾ, അവന്റെ കൂട്ടുകാരിയായി, ജീവിതപങ്കാളിയായി ഞാൻ അവിടെ ജീവിച്ചു. ഞങ്ങളുടെ ലോകത്ത് ഏകാന്തതയുണ്ടായിരുന്നില്ല; ഭയമുണ്ടായിരുന്നില്ല; നാളെ എന്താകുമെന്ന ആശങ്കയുമുണ്ടായിരുന്നില്ല. ദൈവത്തിന്റെ സാന്നിധ്യമായിരുന്നു ഞങ്ങളുടെ സമ്പത്ത്. ആ തോട്ടത്തിലെ ഓരോ പ്രഭാതവും ഒരു പുതിയ അനുഭവമായിരുന്നു.ഓരോ സായാഹ്നവും ദൈവസ്നേഹത്തിന്റെ മധുരമായ ഓർമയും.

പക്ഷേ, ഒരുനാൾ എന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞു. സർപ്പത്തിന്റെ വാക്കുകൾ എന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകി.അതിന്റെ വാക്കുകൾ എന്റെ ചിന്തകളെ കീഴടക്കി. ദൈവത്തിന്റെ കൽപ്പനയെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. എന്നിട്ടും എന്റെ ഉള്ളിൽ കൗതുകം വളർന്നു. വൃക്ഷത്തിലെ ഫലം എന്നെ ആകർഷിച്ചു. അതിന്റെ ഭംഗി എന്റെ വിവേകത്തെ മറച്ചോ? അതോ എന്റെ ആഗ്രഹം എന്റെ അനുസരണത്തെ തോൽപ്പിച്ചോ? ഇന്നും എനിക്കറിയില്ല. ഞാൻ കൈ നീട്ടി ആ ഫലം പറിച്ചെടുത്തു ദൈവം വിലക്കിയ ഫലത്തിലേക്ക് എന്റെ കണ്ണുകൾ ആകർഷിക്കപ്പെട്ടു. അത് ഭക്ഷിക്കാൻ നല്ലതാണെന്നും ജ്ഞാനം നൽകുന്നതാണെന്നും എനിക്ക് തോന്നി. ഞാൻ ആ ഫലം പറിച്ചുതിന്നു; ആദാമിനും കൊടുത്തു. ആ നിമിഷം ഞാൻ അറിഞ്ഞിരുന്നില്ല, എന്റെ ഒരു തീരുമാനത്തിന്റെ നിഴൽ വരുംതലമുറകളിലേക്കും നീളുമെന്ന്.

ഫലം തിന്നശേഷം എന്റെ ഉള്ളിൽ ഭയം നിറഞ്ഞു. മുമ്പൊരിക്കലും അറിയാത്ത ലജ്ജ എന്നെ മൂടി. ദൈവത്തിന്റെ ശബ്ദം കേട്ടപ്പോൾ അവിടുത്തെ സാന്നിധ്യത്തിലേക്ക് ഓടിച്ചെല്ലുന്നതിനുപകരം ഞങ്ങൾ ഒളിച്ചുനിന്നു. ഒരിക്കൽ ഞങ്ങളുടെ സന്തോഷമായിരുന്ന ദൈവസാന്നിധ്യം ഭയത്തിന്റെ ശബ്ദമായി തോന്നി. ഞങ്ങളുടെ തെറ്റിന് ഞങ്ങൾ മറുപടി പറയേണ്ടിവന്നു. ഒടുവിൽ, ഞങ്ങൾക്ക് പ്രിയപ്പെട്ട ഏദൻതോട്ടം വിട്ടുപോകേണ്ടിവന്നു.

തോട്ടത്തിന് പുറത്തുള്ള ജീവിതം എളുപ്പമായിരുന്നില്ല. അധ്വാനവും വേദനയും കണ്ണീരും നിറഞ്ഞ ഒരു പുതിയ ലോകം ഞങ്ങളെ കാത്തിരുന്നു.എല്ലാത്തിനും കാരണം ഞാനാണെന്ന വേദന നിരന്തരം എന്നെ വേട്ടയാടി.എങ്കിലും ദൈവം ഞങ്ങളെ പൂർണമായി ഉപേക്ഷിച്ചില്ല. ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവന്നു. ഞാൻ മക്കൾക്ക് ജന്മം നൽകി. കയീനും ഹാബേലും എന്റെ ഹൃദയത്തിലെ മാതൃസ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു. എന്നാൽ ഒരുനാൾ കയീന്റെ കൈകളാൽ ഹാബേൽ കൊല്ലപ്പെട്ടപ്പോൾ, എന്റെ ഹൃദയം തകർന്നു.എന്റെ ജീവിതത്തിൽ നഷ്ടങ്ങളുടെ അധ്യായം വീണ്ടും തുറക്കപ്പെട്ടു.

ഇന്ന്, എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് എന്നോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ദൈവത്തിന്റെ വാക്കുകൾ ഞാൻ മുറുകെപ്പിടിച്ചിരുന്നെങ്കിൽ? സർപ്പത്തിന്റെ ശബ്ദത്തിന് ഞാൻ ചെവി കൊടുക്കാതിരുന്നെങ്കിൽ? ഒരു നിമിഷം എന്റെ ആഗ്രഹത്തെ നിയന്ത്രിച്ചിരുന്നെങ്കിൽ? ഒരുപക്ഷേ എന്റെ ജീവിതം മറ്റൊരു ശ്രേഷ്ഠ അനുഭവം ആയേനെ.

എങ്കിലും, എന്നെ ഒരു തെറ്റിന്റെ പേരിൽ മാത്രം നിങ്ങൾ ഓർക്കരുത്. ദൈവത്തിന്റെ കരവിരുതിൽ പിറന്നവളാണ് ഞാൻ; വീണുപോയ മനുഷ്യജീവിതത്തിന്റെ വേദനയും അനുഭവിച്ചവളാണ് ഞാൻ. എന്റെ ജീവിതം നിങ്ങളോട് മന്ത്രിക്കുന്ന ഒരു സത്യമുണ്ട്: പ്രലോഭനം ആദ്യം മനോഹരമായ വാക്കുകളുമായി വരും; എന്നാൽ അതിന്റെ അവസാനം കണ്ണീരാകാം…പ്രലോഭനങ്ങൾക്കു മുന്നിൽ ഹൃദയം ദുർബലമാകുമ്പോൾ ദൈവത്തിന്റെ വചനം മുറുകെപ്പിടിക്കുക.

ഏദൻതോട്ടം എന്റെ ഇന്നലെയായിരുന്നു… അതിന്റെ ഓർമകൾ എന്റെ ഹൃദയത്തിൽ ഇന്നുമുണ്ട്. എന്റെ കഥ അവസാനിച്ചേക്കാം; പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്ന പാഠം ഓരോ തലമുറയോടും സംസാരിച്ചുകൊണ്ടേയിരിക്കും.ദൈവത്തിന്റെ ശബ്ദത്തെക്കാൾ നിങ്ങളുടെ ആഗ്രഹത്തിന്റെ ശബ്ദത്തിന് വില നൽകരുത്. കാരണം, ഒരു നിമിഷത്തെ തെറ്റായ തീരുമാനം ചിലപ്പോൾ ഒരു ജീവിതകാലത്തെ കണ്ണീരായി മാറിയേക്കാം.

ദീന ജെയിംസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading